സഞ്ജുവിനെ പുറത്തിരുത്തിയതിൽ ആഞ്ഞടിച്ച് മുൻ താരങ്ങൾ
text_fieldsന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ കളിക്കുന്നത്. സഞ്ജു സാംസൺ, ഷാർദുൽ ഠാക്കൂർ എന്നിവർക്കു പകരം ദീപക് ഹൂഡ, ദീപക് ചാഹർ എന്നിവർ പ്ലെയിങ് ഇലവനിലെത്തി. പരമ്പര ജയിക്കാൻ ഇന്ന് ഇന്ത്യക്ക് ജയം അനിവാര്യമാണ്.
ആദ്യ ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത് 300ലധികം റണ്ണടിച്ചിട്ടും ഏഴു വിക്കറ്റിന്റെ കനത്ത പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ബാറ്റർമാർ നൽകിയ മുൻതൂക്കം ബൗളർമാർക്ക് നിലനിർത്താനാകാത്തതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ബൗളർമാരുടെ കുറവാണ് പരാജയത്തിനു കാരണമെന്ന തരത്തിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇത് പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് നായകൻ ശിഖർ ധവാനും പരിശീലകൻ വി.വി.എസ്. ലക്ഷ്മണും ടീമിൽ രണ്ടു മാറ്റങ്ങൾ വരുത്തിയത്.
എന്നാൽ, സഞ്ജു സാംസണെ ടീമിന് പുറത്തിരുത്തിയതാണ് ആരാധകരെ ഞെട്ടിപ്പിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലടക്കം വ്യാപക വിമർശനമാണ് ഉയരുന്നത്. പലരും സഞ്ജുവിനെ പിന്തുണച്ച് രംഗത്തുവന്നു. സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താത്തതിൽ മുൻ പേസർ ആശിഷ് നെഹ്റയും ഞെട്ടൽ രേഖപ്പെടുത്തി. തീരുമാനത്തിനു പിന്നിലെ യുക്തിയെ ചോദ്യം ചെയ്ത നെഹ്റ, ടീം തെരഞ്ഞെടുപ്പിൽ സ്ഥിരത കാണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ആദ്യ ഏകദിനത്തിൽ 38 പന്തിൽ 36 റൺസെടുത്തിരുന്നു സഞ്ജു. അതിവേഗം വിക്കറ്റ് നഷ്ടപ്പെട്ടപ്പോൾ, ശ്രേയസ് അയ്യർക്കൊപ്പം ഒരു ഭാഗത്ത് പിടിച്ചുനിന്ന് ടീമിന് തുണയായതും സഞ്ജുവാണ്.
ഇരുവരും അഞ്ചാം വിക്കറ്റിൽ 96 റൺസാണ് കൂട്ടിച്ചേർത്തത്. എന്നിട്ടും താരത്തെ പുറത്തിരുത്താനുള്ള തീരുമാനമാണ് നെഹ്റയെ അത്ഭുതപ്പെടുത്തിയത്. ട്വന്‍റി20 പരമ്പരയിൽ ടീമിലുണ്ടായിട്ടും സഞ്ജുവിനെ ഒരു മത്സരത്തിൽ പോലും കളിപ്പിച്ചിരുന്നില്ല.
ആദ്യ ഏകദിനത്തിലും ദക്ഷിണാഫ്രിക്കക്കെതിരായ ഹോം പരമ്പരയിലും നന്നായി കളിച്ചിട്ടും സഞ്ജുവിനെ കളിപ്പിക്കാത്തത് കടുത്ത തീരുമാനമായെന്ന് മുൻ സ്പിന്നർ മുരളി കാർത്തിക് പ്രതികരിച്ചു. 'സഞ്ജു വന്ന് മനോഹരമായി കളിക്കുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ അവൻ നന്നായി ബാറ്റ് ചെയ്തു. ആദ്യ മത്സരത്തിൽ മികച്ച കളി പുറത്തെടുത്തിട്ടും സഞ്ജു പുറത്തായി. പന്തെറിയാനായി ദീപക് ഹൂഡയെ ടീമിലെടുത്തു, ഏതാണ് നല്ലത്' -കാർത്തിക് ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.