കുൽദീപ് യാദവിന് അഞ്ചു വിക്കറ്റ്; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് 106 റൺസ് ജയം; പരമ്പര സമനിലയിൽ
text_fieldsജൊഹാനസ്ബർഗ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. 106 റൺസിനാണ് പ്രൊട്ടീസുകാരെ തോൽപ്പിച്ചത്. ഇതോടെ പരമ്പര സമനിലയിൽ (1-1) പിരിഞ്ഞു.
നായകൻ സൂര്യകുമാർ യാദവിന്റെ വെടിക്കെട്ട് സെഞ്ച്വറിയും കുൽദീപ് യാദവിന്റെ തകർപ്പൻ ബൗളിങ്ങുമാണ് (അഞ്ച് വിക്കറ്റ്) ഇന്ത്യയുടെ ജയം അനായാസമാക്കിയത്. 56 പന്തിൽ 100 റൺസെടുത്ത സൂര്യക്കു പുറമെ 41 പന്തിൽ 60 റൺസുമായി ഓപണർ യശസ്വി ജയ്സ്വാളും തകർത്തടിച്ചതോടെയാണ് ഇന്ത്യ 201 റൺസെന്ന കൂറ്റൻ സ്കോറിലെത്തിയത്.
മറുപടി ബാറ്റങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 13.5 ഓവറിൽ 95 റൺസിന് എല്ലാവരും പുറത്തായി. 35 റൺസെടുത്ത ഡേവിഡ് മില്ലറാണ് ടോപ് സ്കോറർ. ക്യാപ്റ്റൻ എയ്ഡൻ മാർക്രം 25 ഉം ഡോണോവൻ ഫെരേര 12 ഉം മാത്രമാണ് രണ്ടക്കം കടന്ന ബാറ്റർമാർ. അഞ്ചു വിക്കറ്റെടുത്ത കുൽ ദീപ് യാദവും രണ്ട് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയുമാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിങ്ങിന്റെ നടുവൊടിച്ചത്. മുകേഷ് കുമാർ, അർഷദീപ് സിങ് എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.
ജയ്സ്വാൾ തുടങ്ങിവെച്ചു, സൂര്യകുമാർ പൂർത്തിയാക്കി
ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മർക്രം ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. നന്നായി തുടങ്ങിയ ഇന്ത്യൻ ഓപണർ ശുഭ്മൻ ഗില്ലിന് മൂന്നാം ഓവറിൽ പിഴച്ചു. ആദ്യ ഓവറിൽ മൂന്നു ബൗണ്ടറിയടിച്ച ഗില്ലിനെ (ആറു പന്തിൽ 12) കേശവ് മഹാരാജ് വിക്കറ്റിനു മുന്നിൽ കുടുക്കി. തൊട്ടടുത്ത പന്തിൽ തിലക് വർമയെ മർക്രം പിടിച്ച് ഗോൾഡൻ ഡക്കാക്കി മടക്കിയതോടെ കേശവിന് ഹാട്രിക് ചാൻസ്. മൂന്ന് ഓവറിൽ ഇന്ത്യ രണ്ടിന് 30. അപ്രതീക്ഷിത വിക്കറ്റ് വീഴ്ചകളിൽ ടീം പതറിയില്ല. മറുതലക്കൽ കത്തിക്കയറിയ ജയ്സ്വാളിനൊപ്പം ക്യാപ്റ്റൻ സൂര്യയും ചേർന്നതോടെ ഇന്ത്യ താളം വീണ്ടെടുത്തു. ഇരുവരും ദക്ഷിണാഫ്രിക്കൻ ബൗളർമാരെ തലങ്ങും വിലങ്ങും കൈകാര്യംചെയ്തപ്പോൾ അഞ്ച് ഓവറിൽ 56ലെത്തി. ഇടക്കൊന്ന് പതുക്കെയായെങ്കിലം വീണ്ടും വെടിക്കെട്ട്.
ജയ്സ്വാൾ 34ാം പന്തിൽ അർധശതകം കുറിച്ചു. പിന്നെ സൂര്യയുടെ കുതിപ്പ്. ആൻഡിൽ പെഹ്ലുക് വായോ എറിഞ്ഞ 13ാം ഓവറിൽ നായകന്റെ ബാറ്റിൽനിന്ന് പിറന്നത് മൂന്നു സിക്സും ഒരു ഫോറും. അടുത്ത ഓവറിൽ ജയ്സ്വാളിന്റെ പോരാട്ടം അവസാനിച്ചു. തബ്രൈസ് ഷംസിയുടെ പന്തിൽ ജയ്സ്വാളിനെ ഹെൻഡ്രിക്സ് ക്യാച്ചെടുത്തു. 14 ഓവറിൽ ഇന്ത്യ മൂന്നിന് 141. 16ാം ഓവർ എറിഞ്ഞ നന്ദ്രെ ബർഗറിന് സൂര്യയുടെ കൈയിൽനിന്ന് കണക്കിനു കിട്ടി. ക്യാപ്റ്റൻ സെഞ്ച്വറിക്കരികിൽ നിൽക്കെ 10 പന്തിൽ 14 റൺസെടുത്ത റിങ്കു സിങ് 19ാം ഓവറിൽ സ്റ്റബ്സിന് ക്യാച്ച് സമ്മാനിച്ചു. ബർഗറിനായിരുന്നു വിക്കറ്റ്. നാലിന് 187. അവസാന ഓവറിലായിരുന്നു സൂര്യയുടെ ശതകം. നേരിട്ട 55ാം പന്തിൽ ലിസാഡ് വില്യംസിനെ ഡബ്ളെടുത്ത് മൂന്നക്കം തികച്ച സ്കൈ തൊട്ടടുത്ത പന്തിൽ മടങ്ങി. ബ്രീസ്കെക്ക് ക്യാച്ച്. നാലാം പന്തിൽ രവീന്ദ്ര ജദേജ (4) റണ്ണൗട്ട്. അടുത്ത പന്തിൽ ജിതേഷ് ശർമ (4) ഹിറ്റ് വിക്കറ്റായി.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആദ്യ മത്സരം പൂർണമായും മഴയെടുത്തിരുന്നു. നിർണായകമായ രണ്ടാം മത്സരത്തിൽ റിങ്കു സിങ്ങിന്റെയും സൂര്യകുമാറിന്റെയും തകർപ്പൻ ബാറ്റിങ്ങിന്റെ മികവിൽ 19.3 ഓവറിൽ 180 റൺസ് വിജയ ലക്ഷ്യം ഇന്ത്യ ഉയർത്തിയിട്ടും ജയം കൈവിട്ടു. മഴനിയമപ്രകാരം പുതുക്കി നിശ്ചയിച്ച വിജയ ലക്ഷ്യം (15 ഓവറിൽ 152 ) ദക്ഷിണാഫ്രിക്ക അനായാസം മറികടക്കുകയായിരുന്നു. മൂന്നാം മത്സരത്തിൽ ആധികാരിക വിജയത്തോടെ ഇന്ത്യ പരമ്പര സമനിലയിലാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.