തീതുപ്പി ഉമ്രാൻ; ഹൈദരാബാദിന് തുടർച്ചയായ നാലാം ജയം
text_fieldsമുംബൈ: ഇതാ ഭാവി ഇന്ത്യക്ക് ലക്ഷണമൊത്ത ഒരു പേസ് ബൗളർ. 150 കിലോമീറ്ററിനു മുകളിൽ വേഗത്തിൽ പാഞ്ഞുവരുന്ന വെടിയുണ്ടകളുമായി ഉമ്രാൻ മാലിക് കത്തിക്കയറുന്നു. എതിരാളികളുടെ കുറ്റി മുച്ചൂടും കടപുഴകുന്നു.
ഇന്ത്യ കാത്തിരുന്ന പേസ് ബൗളറായി ഈസ്റ്റർ ദിനത്തിൽ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ ഉമ്രാൻ മാലിക് ഉയിർത്തെഴുന്നേറ്റപ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിന് തുടർച്ചയായ നാലാം ജയം. പഞ്ചാബ് കിങ്സിനെ ഏഴു പന്തുകൾ ബാക്കിനിൽക്കെ പരാജയപ്പെടുത്തിയത് ഏഴു വിക്കറ്റിന്. സ്കോർ: പഞ്ചാബ്: 151ന് ഓൾ ഔട്ട്. ഹൈദരാബാദ്: മൂന്നിന് 152.
ഉമ്രാൻ മാലികിന്റെ തീയുണ്ടകൾക്കും ഭുവനേശ്വർ കുമാറിന്റെ സ്വിങ് മികവിനും മുന്നിൽ വട്ടംകറങ്ങിയ പഞ്ചാബ് കിങ്സിനെ 151 റൺസിൽ ഹൈദരാബാദ് പിടിച്ചുകെട്ടുകയായിരുന്നു. ഒരിക്കൽകൂടി തിളങ്ങിയ ഐഡൻ മർക്രമിന്റെ മികവിൽ ഹൈദരാബാദ് ലക്ഷ്യംകണ്ടു.
ഓപണർ അഭിഷേക് ശർമയും (25 പന്തിൽ 31 റൺസ്) രാഹുൽ ത്രിപാഠിയും (22 പന്തിൽ 34 റൺസ്) പുറത്തായശേഷം അഭേദ്യമായ നാലാം വിക്കറ്റിൽ മർക്രമും നികോളാസ് പുരാനും ചേർന്നുള്ള 75 റൺസ് കൂട്ടുകെട്ട് വിജയം അനായാസമാക്കി. മർക്രം 27 പന്തിൽ 41 റൺസെടുത്ത് ആഞ്ഞടിച്ചപ്പോൾ പുരാൻ 30 പന്തിൽ 35 റൺസെടുത്തു. ക്യാപ്റ്റൻ കെയ്ൻ വില്യംസണിനു മാത്രമാണ് കാര്യമായൊന്നും ചെയ്യാൻ കഴിയാതെ പോയത്. മൂന്നു റൺസെടുത്ത് വില്യംസൺ പുറത്തായി.
പഞ്ചാബ് ഇന്നിങ്സിലെ അവസാന ഓവർ സംഭവ ബഹുലമായിരുന്നു. പതിവിന് വിപരീതമായി അവസാന ഓവർ എറിയാൻ വില്യംസൺ പന്തേൽപിച്ചത് ഉമ്രാൻ മാലികിനെ. ആദ്യ പന്തിൽ ഒഡിയൻ സ്മിത്തിന് റണ്ണെടുക്കാനായില്ല. അടുത്ത പന്തിൽ സ്മിത്ത് ആഞ്ഞടിച്ച പന്ത് മാലികിന് തന്നെ ക്യാച്ചായി. മൂന്നാമത്തെ പന്ത് ഡോട്ട്. അടുത്ത പന്തിൽ രാഹുൽ ചഹാറിന്റെ കുറ്റി പറന്നു. തൊട്ടടുത്ത പന്തിൽ റീപ്ലേ പോലെ വൈഭവ് അറോറയുടെ കുറ്റി പിഴുതുവീണു. അതോടെ ഉമ്രാന് ഹാട്രിക് ചാൻസ്. അവസാന പന്തിൽ അർഷ്ദീപ് സിങ് റണ്ണൗട്ടായി. ഹാട്രിക് കിട്ടിയില്ലെങ്കിലും ടീമിന് ഹാട്രിക് വിക്കറ്റായി. ഐ.പി.എല്ലിൽ മെയ്ഡൻ ഓവർ എറിയുന്ന നാലാമത്തെ ബൗളറായി ഉമ്രാനും പേരെഴുതി. നാലോവറിൽ 28 റൺസിന് നാലു വിക്കറ്റ്.
പഞ്ചാബ് ഇന്നിങ്സിന്റെ തുടക്കത്തിൽ ഭുവനേശ്വർ കുമാറാണ് ആഞ്ഞടിച്ചത്. 22 റൺസിന് ഭുവി മൂന്നു വിക്കറ്റ് സ്വന്തമാക്കി. ലിയാം ലിവിങ്സ്റ്റൺ നടത്തിയ ഒറ്റയാൻ പോരാട്ടമാണ് (33 പന്തിൽ 60) തകർച്ചക്കിടയിലും പഞ്ചാബിന് തുണയായത്. ഫോം കണ്ടെത്താൻ വിഷമിച്ച ക്യാപ്റ്റൻ ശിഖർ ധവാനാണ് ആദ്യം പുറത്തായത്. ഭുവനേശ്വറിനെ സിക്സറിന് പറത്താനുള്ള ശ്രമം പാളിയപ്പോൾ എട്ടു റൺസെടുത്ത ധവാൻ മിഡ് ഓണിൽ ജെൻസന്റെ കൈയിൽ ഒതുങ്ങി.
14 റൺസെടുത്ത പ്രഭ്സിംറാൻ സിങ്ങിന്റെ പുറത്താകൽ ഏറെ കൗതുകമായി. ടി. നടരാജന്റ പന്തിൽ എൽ.ബി.ഡബ്ല്യുവിന് അപ്പീൽ ചെയ്തെങ്കിലും അമ്പയർ അനുവദിച്ചില്ല. ഏറെ മടിച്ചുമടിച്ച് റിവ്യൂ ടൈമിങ്ങിന്റെ ഒടുവിലത്തെ നിമിഷമായിരുന്ന ക്യാപ്റ്റൻ കെയ്ൻ വില്യംസൺ അതിനു മുതിർന്നത്. പക്ഷേ, റീപ്ലേയിൽ ചക്കിനുവെച്ചത് കൊക്കിനു കൊണ്ടു.
പ്രഭ്സിംറാന്റെ പാഡിലല്ല ബാൾ കൊണ്ടത്, ബാറ്റിലായിരുന്നു. വിക്കറ്റ് കീപ്പർ നികോളാസ് പുരാന്റെ ഗ്ലൗസിൽ എത്തിയത് ക്യാച്ചായിരുന്നു എന്ന് റീപ്ലേയിൽ വ്യക്തമായി. പ്രഭ്സിംറാൻ പുറത്ത്. ജോണി ബെയർസ്റ്റോയും (12) ജിതേഷ് ശർമയും (11) പുറത്തായശേഷം ക്രീസിലെത്തിയ ഷാറൂഖ് ഖാനെ കൂട്ടുപിടിച്ച് അഞ്ചാം വിക്കറ്റിൽ ലിവിങ്സ്റ്റൺ 71 റൺസ് പടുത്തുയർത്തി.
കൂടുതൽ അപകടം വിതക്കുന്നതിനുമുമ്പ് ഷാറൂഖിനെയും ലിവിങ്സ്റ്റണെയും ഭുവനേശ്വർ കെയ്ൻ വില്യംസണിന്റെ കൈയിലെത്തിച്ചു. പിന്നീടായിരുന്നു ഉമ്രാൻ മാലികിന്റെ അഴിഞ്ഞാട്ടം. കളിയിലെ കേമനും ഉമ്രാൻ മാലിക്. കഴിഞ്ഞ സീസണിൽ അവസാന സ്ഥാനക്കാരായ ഹൈദരാബാദ് ഈ ജയത്തോടെ പോയന്റ് പട്ടികയിൽ നാലാമതാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.