‘രാജ്യത്തിന് വേണ്ടി കളിക്കുമ്പോൾ സൗഹൃദം അതിർത്തിക്ക് പുറത്ത് നിർത്തണം’; ഇന്ത്യ-പാക് താരങ്ങളുടെ സൗഹൃദത്തിൽ ഇടപെട്ട് ഗംഭീർ
text_fieldsക്രിക്കറ്റ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഇന്ത്യ-പാകിസ്താൻ മത്സരം മഴയെ തുടർന്ന് മുടങ്ങിയതിന് പിന്നാലെ വിവാദവും. മത്സരത്തിന് മുമ്പും ശേഷവും ഗ്രൗണ്ടിലും ഡ്രസ്സിങ് റൂമിലും ഇന്ത്യ–പാക് താരങ്ങൾ പരസ്പരം സൗഹൃദം പങ്കുവെക്കുകയും അടുത്തിടപഴകുകയും ചെയ്തിരുന്നു. ഇതിനെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീർ. മത്സരത്തിനിടെ നടന്ന 'സ്റ്റാർ സ്‌പോർട്‌സ്' ഷോയിലായിരുന്നു ഗംഭീറിന്റെ അഭിപ്രായപ്രകടനം. ഇന്ത്യൻ ടീം 140 കോടി ജനങ്ങളെയാണ് പ്രതിനിധീകരിക്കുന്നതെന്നും സ്റ്റേഡിയത്തിനകത്ത് സൗഹൃദം പ്രകടിപ്പിക്കൽ വേണ്ടെന്നും ഗംഭീർ അഭിപ്രായപ്പെട്ടു. കളിയിൽ ശ്രദ്ധിക്കുകയും സൗഹൃദം പുറത്തുനിർത്തുകയും വേണം. രണ്ടു ടീമിലെയും താരങ്ങളുടെ കണ്ണുകളിൽ ശൗര്യമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
''നിങ്ങൾ രാജ്യത്തിന് വേണ്ടി കളിക്കുമ്പോൾ സൗഹൃദം ബൗണ്ടറി ലൈനിന് പുറത്ത് നിർത്തണം. ഒരു മത്സരത്തിന്റെ മുഖം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. ഇരു ടീമിലെയും കളിക്കാരുടെ കണ്ണുകളിൽ ശൗര്യം ഉണ്ടായിരിക്കണം. ക്രിക്കറ്റ് മത്സരത്തിനിടയിലെ ആറോ ഏഴോ മണിക്കൂറിന് ശേഷം വേണമെങ്കിൽ സൗഹൃദമാകാം. ആ മണിക്കൂറുകൾ വളരെ പ്രധാനമാണ്. നിങ്ങൾ നിങ്ങളെ മാത്രമല്ല, നൂറുകോടിയിലേറെ ജനസംഖ്യയുള്ള ഒരു രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. ബദ്ധവൈരികളായ ടീമുകളിലെ താരങ്ങൾ മത്സരത്തിനിടയിൽ പരസ്പരം കൈകൊടുത്ത് സൗഹൃദം പങ്കിടുന്നത് ഇപ്പോൾ കാണാം. ഏതാനും വർഷങ്ങൾക്ക് മുമ്പൊന്നും ഇങ്ങനെ കാണുമായിരുന്നില്ല. നിങ്ങൾ സൗഹൃദമത്സരമാണോ കളിക്കുന്നത്!''-ഗംഭീർ ചോദിച്ചു.
മുൻ പാകിസ്താൻ താരം കമ്രാൻ അക്മലുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ചും ഗംഭീർ പറഞ്ഞു. ''ഞങ്ങൾ വളരെ നല്ല സുഹൃത്തുക്കളാണ്. അങ്ങോട്ടും ഇങ്ങോട്ടും ബാറ്റുകൾ സമ്മാനിച്ചിട്ടുണ്ട്. കമ്രാൻ തന്ന ബാറ്റുമായി ഒരു സീസൺ മുഴുവൻ ഞാൻ കളിച്ചിട്ടുണ്ട്. അടുത്തിടെ ഒരു മണിക്കൂറോളം ഞങ്ങൾ സംസാരിക്കുകയും ചെയ്തിരുന്നു''-ഗംഭീർ വെളിപ്പെടുത്തി.
അതേസമയം, എതിർ ടീമിലെ താരങ്ങളെ െസ്ലഡ്ജ് ചെയ്യുന്നത് നല്ലതാണെന്നും എന്നാൽ, അതിനും പരിധി വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അത് വ്യക്തപരമാകുകയോ മറ്റുള്ളവരുടെ കുടുംബാംഗങ്ങളെ അതിലേക്ക് വലിച്ചിഴക്കുകയോ ചെയ്യരുത്. ആസ്‌ട്രേലിയ, പാകിസ്താൻ തുടങ്ങിയ ടീമുകൾക്കെതിരായ മത്സരങ്ങളിൽ പരിഹാസങ്ങളൊക്കെ ഉണ്ടാകാറുണ്ടെന്നും ഗൗതം ഗംഭീർ കൂട്ടിച്ചേർത്തു.
നേരത്തെ, ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് മത്സരം ഒഴിവാക്കണമെന്ന ആവശ്യവുമായി ഗംഭീർ രംഗത്തെത്തിയിരുന്നു. ഒരു പരിപാടിയും ഒരു ക്രിക്കറ്റ് മത്സരം പോലും നമ്മുടെ സൈനികരുടെ ജീവിതത്തേക്കാൾ വിലയേറിയതല്ലെന്നായിരുന്നു ഗംഭീർ പറഞ്ഞത്. ക്രിക്കറ്റിനെ രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്തുക സാധ്യമല്ല. പ്രത്യേകിച്ചും അത് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരങ്ങളാകുമ്പോൾ. ഇരുരാജ്യങ്ങൾക്കും ശത്രുതയുടെ ഒരു നീണ്ടകാലത്തെ ചരിത്രം തന്നെയുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ മെച്ചപ്പെടുന്നതുവരെ പാകിസ്താനെതിരെ ഇന്ത്യ ഒരു അന്താരാഷ്ട്ര മത്സരവും കളിക്കരുതെന്നാണ് തന്റെ അഭിപ്രായമെന്നും ഗംഭീർ പറഞ്ഞിരുന്നു. എന്നാൽ, ഇന്നലെ നടന്ന മത്സരത്തിൽ വസീം അക്രമിനൊപ്പം കമന്ററി പറയാൻ ഗംഭീറുമുണ്ടായിരുന്നു. ഇതിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ ഗംഭീറിനെതിരെ പരിഹാസവും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.