'ഐ.പി.എല്ലിന്‍റെ കാര്യമാണ് ക്യാപ്റ്റാ ഇവൻ പറയുന്നത്'; ഇന്ത്യ ലങ്ക മത്സരത്തിനിടയിലെ രസകരമായ സംഭവം
text_fieldsഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങളിൽ രോഹിത് ശർമയും സ്റ്റമ്പ് മൈക്കും ആരാധകരുടെ ഇഷ്ടങ്ങളിലൊന്നാണ്. അദ്ദേഹത്തിന്‍റെ ആക്ഷനുകളും ശരീര ഭാഷയുമെല്ലാം ആരാധകരിൽ ചിരിയുണർത്താറുണ്ട്. അതോടൊപ്പം മൈക്കിലൂടെ കേൾക്കാറുള്ള രോഹിത്തിന്‍റെ സംസാരങ്ങളും ആരാധകരുടെ ഇഷ്ടങ്ങളിലൊന്നാണ്. ഏകദിന ടീമിലേക്ക് ഒമ്പത് മാസങ്ങൾക്ക് ശേഷം തിരിച്ചെത്തുന്ന രോഹിത് കളം നിറയുകയാണ്. ബാറ്റിങ്, ഫീൽഡിലെ നിരന്തര ഇടപെടൽ എന്നിവ കൊണ്ട് അദ്ദേഹം കളം നിറയുകയാണ്.
മത്സരത്തിന്‍റെ 14-ാം ഓവറിൽ ഒരു ഡി.ആർ.എസ് തീരുമാനമെടുക്കാനുള്ള രോഹിത്തിന്‍റെ ഇടപെടലാണ് ഇപ്പോൾ വൈറലാകുന്നത്. ശിവം ദുബെ എറിഞ്ഞ പന്ത് പതും നിസംഗ ഫ്ലിക്ക് കളിക്കാൻ ശ്രമിക്കുകയും പന്ത് എവിടെയോ തട്ടി കീപ്പറിന്‍റെ കയ്യിൽ എത്തുകയും ചെയ്തു. ഇന്ത്യൻ താരങ്ങളെല്ലാം വിക്കറ്റിനായി അപ്പീൽ ചെയ്തിരുന്നു, എന്നാൽ അമ്പയർ നോട്ട് ഔട്ട് വിളിക്കുകയും അതിനൊപ്പം ആ ബോൾ വൈഡ് വിളിക്കുകയും ചെയ്തു. രോഹിത്തും വിരാട് കോഹ്ലിയും രാഹുലിനോട് സംസാരിക്കാൻ ഓടിയെത്തിയിരുന്നു. റിവ്യു നൽകേണ്ട എന്ന തീരുമാനത്തിൽ എത്തിക്കൊണ്ട് മൂവരും പിരിയുകയായിരുന്നു.
എന്നാൽ തൊട്ടുപിന്നാലെയാണ് ബൗളർ ദുബെ ഒരു ശബ്ദം കേട്ടിരുന്നു എന്ന് പറയുന്നത്. 'ബാറ്റ് എവിടെയാണ് നിങ്ങൾ ശ്രദ്ധിക്കണം, പാഡിൽ നിന്നും ഒരുപാട് മാറിയിട്ടുണ്ടോ അതോ അടുത്താണോ എന്ന്'. ഇങ്ങനെ പറഞ്ഞുകൊണ്ട് രോഹിത് ദുബെക്ക് മറുപടി നൽകുന്നുണ്ട്. അപ്പോഴായിരുന്നു കെ. എൽ. രാഹുൽ വീണ്ടുമെത്തുന്നത്. 'ഐ.പി.എല്ലിൽ വൈഡിന് റിവ്യു നൽകാലോ, അതുകൊണ്ടാണ് അവൻ ഇത് പറയുന്നത്' രാഹുൽ രോഹിത്തിനോട് പറഞ്ഞു.
ഐ.പി.എല്ലിലെ ആ നിയമം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിലവിലില്ല, ഇനിയെങ്ങാനും ഇന്ത്യ റിവ്യൂ നൽകിയിരുന്നുവെങ്കിൽ റിവ്യൂ നഷ്ടമാകുകയും എന്നാൽ പന്ത് നിസാംഗയുടെ പാഡിൽ തട്ടിയതിനാൽ വൈഡ് പിൻവലിക്കുകയും ചെയ്തേനെ. അതേസമയം ആവേശകരമായ ആദ്യ മത്സരം സമനിലയിൽ പിരിഞ്ഞു. ആദ്യം ബാറ്റ് ചെയ്ത ലങ്ക 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 230 റൺസ് നേടിയപ്പോൾ ഇന്ത്യ അതേ സ്കോറിൽ എല്ലാവരും പുറത്താകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.