നാല് മത്സരത്തിലും പറയുന്നത് ഒരേ കാര്യം! സി.എസ്.കെയുടെ തോൽവിക്ക് ശേഷം ക്യാപ്റ്റൻ ഗെയ്ക്വാദ്
text_fieldsഐ.പി.എൽ 18ാം സീസണിൽ അഞ്ച് മത്സരങ്ങൾ കളിച്ച ചെന്നൈ സൂപ്പർ കിങ്സ് നാലെണ്ണത്തിൽ തോറ്റു. ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനോട് മാത്രമാണ് സി.എസ്.കെ വിജയിച്ചത്. പിന്നീടുള്ള നാല് മത്സരം തോറ്റ സി.എസ്.കെ. പോയിന്‍റ് ടേബിളിൽ ഒമ്പതാം സ്ഥാനത്താണ്.
സി.എസ്.കെയുടെ തോൽവിയുടെ പ്രധാന കാരണം ഫീൽഡിങ്ങാണെന്ന് പറയുകയാണ് നായകൻ ഋതുരാജ് ഗെയ്ക്വാദ്. ചെന്നൈ ഫീൽഡർമാർ കൈവിടുന്ന ക്യാച്ചുകളാണ് മത്സരഫലത്തിൽ നിർണായകമാകുന്നതെന്നാണ് ഋതുരാജിന്റെ വാദം. 'കഴിഞ്ഞ നാല് മത്സരങ്ങളിൽ, ഫീൽഡിങ്ങാലായിരുന്നു വ്യത്യാസം. ക്യാച്ചുകൾ കൈവിട്ടുപോയതാണ് ഞങ്ങൾക്ക് നഷ്ടം വരുത്തിയത്. ഒരു ഡ്രോപ്പിന് ശേഷം അതേ ബാറ്റ്സ്മാൻ 15, 20, അല്ലെങ്കിൽ 30 റൺസ് കൂടി നേടുന്നു. ആർസിബിക്കെതിരെയുള്ള കളി ഒഴിവാക്കിയാൽ, കഴിഞ്ഞ മൂന്ന് ചെയ്‌സുകളും ഒന്നോ രണ്ടോ അല്ലെങ്കിൽ മൂന്നോ ഹിറ്റുകളുടെ മാത്രം വ്യത്യാസത്തിലാണ് ചെന്നൈ പരാജയപ്പെട്ടത്,' ഋതുരാജ് പറഞ്ഞു.
ഇന്നലെ പഞ്ചാബ് കിങ്സിനെതിരെ നടന്ന മത്സരത്തിൽ 18 റൺസിനായിരുന്നു സി.എസ്.കെയുടെ തോൽവി. മോശം ബാറ്റിങ്ങിനും ബൗളിങ്ങിനുമൊപ്പം ഫീൽഡിങ്ങും മോശമാകുന്നത് സി.എസ്.കെയെ ഒരു ടീമെന്ന നിലയിൽ അമ്പേ പരാജയമാക്കി മാറ്റുന്നു. പഞ്ചാബിനെതിരെ അഞ്ച് ക്യാച്ചാണ് ചെന്നൈ വിട്ടുകളഞ്ഞത്. ഇതിൽ സെഞ്ച്വറി തികച്ച പ്രിയാൻഷ് ആര്യയുടെ ക്യാച്ചുമുണ്ടായിരുന്നു.
ഈ ഐ.പി.എൽ സീസണിൽ നിന്നും മാത്രം വെറും അഞ്ച് മത്സരത്തിൽ നിന്നും സി.എസ്.കെ 11 ക്യാച്ചാണ് വിട്ടുകളഞ്ഞിരിക്കുന്നത്. കഴിഞ്ഞ നാല് മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ കളിയിലെ താരങ്ങളായി മാറിയ രജത് പാടിദാർ, നിതീഷ് റാണ, കെ.എൽ. രാഹുൽ, പ്രിയാൻഷ് ആര്യ എന്നിവരുടെ എല്ലാം ക്യാച്ച് തുടക്കത്തിൽ സി.എസ്.കെ വിട്ടുകളഞ്ഞിരുന്നു. ക്യാച്ചസ് വിൻ മാച്ചസ് എന്ന പ്രയോഗം അർത്ഥവത്താകുന്നതാണ് സി.എസ്കെയുടെ പ്രകടനം.
അതേസമയം ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ ഡ്രോപ് ക്യാച്ചുകളുണ്ടായ മത്സരവും സി.എസ്.കെ-പഞ്ചാബ് മത്സരമാണ്. ഒമ്പത് ക്യാച്ചുകളാണ് സി.എസ്.കെയും പഞ്ചാബും കൂടി വിട്ടുകളഞ്ഞത്. ചെന്നൈ അഞ്ചെണ്ണം കളഞ്ഞപ്പോൾ പഞ്ചാബ് നാലെണ്ണമാണ് വിട്ടത്.
പഞ്ചാബ് കിങ്സ് ഉയർത്തിയ 220 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈയുടെ ഇന്നിങ്സ് 201 റൺസിൽ അവസാനിച്ചു. 18 റൺസിനാണ് പഞ്ചാബ് കിങ്സിൻ്റെ വിജയം. 69 റൺസ് നേടിയ ഡെവോൺ കോൺവെയാണ് സി.എസ്.കെയുടെ ടോപ് സ്കോറർ. മധ്യ ഓവറുകളിൽ റൺനിരക്ക് താഴ്ന്നതോടെ ചെന്നൈക്ക് മത്സരത്തിലേക്ക് തിരിച്ചുവരവ് അസാധ്യമായി. അവസാന ഓവറുകളിൽ എം.എസ്. ധോണി വമ്പൻ ഷോട്ടുകളുതിർത്തെങ്കിലും കളി പിടിക്കാനായില്ല. സ്കോർ: പഞ്ചാബ് കിങ്സ് - 20 ഓവറിൽ ആറിന് 219, ചെന്നൈ സൂപ്പർ കിങ്സ് - 20 ഓവറിൽ അഞ്ചിന് 201.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.