ഗെയ്ക്‍വാദിന്റെ ‘സെൻസിബിൾ ഫിഫ്റ്റി’; കൊൽക്കത്തയെ അനായാസം മറികടന്ന് ചെന്നൈ
text_fieldsചെന്നൈ: ഐ.പി.എല്ലിൽ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് രാജകീയമായി തുടങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ചെന്നൈ സൂപ്പർ കിങ്സിനോട് ദയനീയ തോൽവി. ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ ഒരുക്കിയ 138 റൺസ് വിജയലക്ഷ്യം ചെന്നൈ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 14 പന്ത് ബാക്കിനിൽക്കെ മറികടക്കുകയായിരുന്നു. സൂക്ഷ്മതയോടെ കളിച്ച് ‘സെൻസിബിൾ’ അർധസെഞ്ച്വറിയുമായി മുന്നിൽനിന്ന് നയിച്ച ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‍വാദാണ് (58 പന്തിൽ ഒമ്പത് ഫോറടക്കം 67) ജയം എളുപ്പമാക്കിയത്.
താരതമ്യേന ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചെന്നൈക്കായി ഓപണർമാർ നന്നായി തുടങ്ങിയെങ്കിലും എട്ട് പന്തിൽ 15 റൺസെടുത്ത രചിൻ രവീന്ദ്രയെ വൈഭവ് അറോറയുടെ പന്തിൽ വരുൺ ചക്രവർത്തി പിടികൂടി. എന്നാൽ, തുടർന്നെത്തിയ ഡാറിൽ മിച്ചൽ ഗെയ്ക്‍വാദിനൊപ്പം പിടിച്ചുനിന്നതോടെ ചെന്നൈ അനായാസ ജയത്തിലേക്ക് നീങ്ങി. 19 പന്തിൽ 25 റൺസെടുത്ത മിച്ചലിനെ സുനിൽ നരൈൻ ബൗൾഡാക്കിയെങ്കിലും ശേഷമെത്തിയ ശിവം ദുബെ ആക്രമണ മൂഡിലായിരുന്നു. എന്നാൽ, 18 പന്തിൽ മൂന്ന് സിക്സടക്കം 28 റൺസെടുത്ത ദുബെയുടെ സ്റ്റമ്പ് വൈഭവ് അറോറ തെറിപ്പിച്ചു. തുടർന്നെത്തിയ എം.എസ് ധോണിക്കൊപ്പം (1) ഗെയ്ക്‍വാദ് കൂടുതൽ നഷ്ടങ്ങളില്ലാതെ ടീമിനെ ജയത്തിലെത്തിക്കുകയായിരുന്നു. കൊൽക്കത്തക്കായി വൈഭവ് അറോറ രണ്ടും സുനിൽ നരെയ്ൻ ഒന്നും വിക്കറ്റ് നേടി.
കഴിഞ്ഞ മൂന്ന് മത്സരങ്ങളും ആധികാരികമായി ജയിച്ച് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ച കൊൽക്കത്ത റൈഡേഴ്സ് ബാറ്റർമാർ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ബാറ്റിങ് മറക്കുകയായിരുന്നു. നാലോവറിൽ 18 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജദേജയുടെയും 33 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ തുഷാർ ദേശ്പാണ്ഡെയുടെയും മുന്നിൽ മുട്ടിടിച്ച കൊൽക്കത്ത ബാറ്റർമാർ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് മാത്രമാണ് നേടിയത്.
ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തക്കാർക്ക് സ്കോർ ബോർഡിൽ റൺസ് തെളിയും മുമ്പ് ആദ്യ വിക്കറ്റ് നഷട്മായി. നേരിട്ട ആദ്യ പന്തിൽ തന്നെ ഓപണർ ഫിൽ സാൾട്ടിനെ തുഷാർ ദേശ്പാണ്ഡെയുടെ പന്തിൽ ജദേജ പിടികൂടുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ അർധസെഞ്ച്വറികളുമായി കളം വാണ സുനിൽ നരെയ്നും അങ്ക്രിഷ് രഘുവൻഷിയും ചേർന്ന് മികച്ച ഇന്നിങ്സ് കെട്ടിപ്പടുക്കാൻ ശ്രമിച്ചെങ്കിലും സ്കോർ 56ൽ എത്തിയപ്പോൾ രഘുവൻഷിയെ (18 പന്തിൽ 24) ജദേജയുടെ പന്തിൽ മഹീഷ് തീക്ഷണ പിടികൂടി. 20 പന്തിൽ 27 റൺസെടുത്ത സുനിൽ നരെയ്നും ഉടൻ വീണു. താരത്തെ ജദേജ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.
വെങ്കടേഷ് അയ്യരും (3), രമൺദീപ് സിങ്ങും (13) കാര്യമായ സംഭാവന നൽകാതെ മടങ്ങിയപ്പോൾ ഒരുവശത്ത് പിടിച്ചുനിന്ന നായകൻ ശ്രേയസ് അയ്യരിലും കൂറ്റനടിക്കാരൻ റിങ്കു സിങ്ങിലുമായി പ്രതീക്ഷ. എന്നാൽ, 14 പന്ത് നേരിട്ട് ഒമ്പത് റൺസ് മാത്രം നേടിയ റിങ്കു സിങ്ങിന്റെ സ്റ്റമ്പ് തുഷാർ ദേശ്പാണ്ഡെ തെറിപ്പിച്ചതോടെ സ്കോർ 150 കടക്കില്ലെന്ന് ഉറപ്പായി. പിന്നീടെത്തിയ ആന്ദ്രെ റസ്സലിനെ നിലയുറപ്പിക്കും മുമ്പ് മുസ്തഫിസുർ റഹ്മാന്റെ പന്തിൽ ധോണി വിട്ടുകളഞ്ഞെങ്കിലും അധികം ആയുസുണ്ടായില്ല. പത്ത് പന്തിൽ അത്രയും റൺസെടുത്ത റസ്സലിനെ ദേശ്പാണ്ഡെയുടെ പന്തിൽ ഡാറിൽ മിച്ചൽ പിടികൂടുകയായിരുന്നു. എട്ടാമനായി ശ്രേയസ് അയ്യരും വീണു. 32 പന്തിൽ മൂന്ന് ഫോറടക്കം 34 റൺസെടുത്ത അയ്യരെ മുസ്തഫിസുർ ജദേജയുടെ കൈയിലെത്തിക്കുകയായിരുന്നു. തുടർന്നെത്തിയ മിച്ചൽ സ്റ്റാർക്കിനെ റൺസെടുക്കും മുമ്പ് മുസ്തഫിസുറിന്റെ പന്തിൽ രചിൻ രവീന്ദ്ര പിടികൂടി. അനുകുൽ റോയ് (3), വൈഭവ് അറോറ (1) എന്നിവർ പുറത്താകാതെനിന്നു.
കൊൽക്കത്തക്കായി രവീന്ദ്ര ജദേജയുടെയും തുഷാർ ദേശ്പാണ്ഡെയുടെയും മൂന്ന് വിക്കറ്റ് നേട്ടത്തിന് പുറമെ മുസ്തഫിസുർ റഹ്മാൻ രണ്ടും മഹീഷ് തീക്ഷണ ഒന്നും വിക്കറ്റ് വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.