ചട്ടം ലംഘിച്ച് സെലക്ഷൻ കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കുന്നു; സൗരവ് ഗാംഗുലി വീണ്ടും വിവാദത്തിൽ
text_fieldsമുംബൈ: ബി.സി.സി.ഐ പ്രസിഡന്‍റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി വീണ്ടും വിവാദത്തിൽ. ചട്ടം ലംഘിച്ച് ഗാംഗുലി സെലക്ഷൻ കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കുന്നതായാണ് പുതിയ വെളിപ്പെടുത്തൽ. ടീം സെലക്ഷനിൽ സൗരവ് ഗാംഗുലി കൈകടത്തുന്നുണ്ടെന്ന് കഴിഞ്ഞദിവസം ഒരു മാധ്യമപ്രവർത്തകൻ വെളിപ്പെടുത്തിയിരുന്നു.
പിന്നാലെ മാധ്യമപ്രവർത്തകർ ബി.സി.സി.ഐ അധികൃതരെ ബന്ധപ്പെട്ടപ്പോൾ വ്യത്യസ്ത മറുപടികളാണ് ലഭിച്ചത്. ഏതാനും പേർ റിപ്പോർട്ട് നിഷേധിച്ചു. എന്നാൽ, മറ്റു ചിലർ റിപ്പോർട്ട് ശരിവെക്കുകയാണ് ചെയ്തത്. ബി.സി.സി.ഐ ചട്ട പ്രകാരം പ്രസിഡന്റിന് സെലക്ഷൻ കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കാൻ അധികാരമില്ലെങ്കിലും പല യോഗങ്ങളിലും അദ്ദേഹത്തിന്‍റെ സാന്നിധ്യമുണ്ടായിരുന്നതായി മുതിർന്ന അംഗങ്ങൾ വെളിപ്പെടുത്തുന്നു.
നേരിട്ട് ഇടപെടുന്നില്ലെങ്കിലും ഗാംഗുലിയുടെ സാന്നിധ്യം സെലക്ടർമാരെ സ്വതന്ത്രമായി തീരുമാനങ്ങളെടുക്കുന്നതിന് തടസ്സമാകുന്നതായി പലരും പറയുന്നു. ഓരോ പരമ്പരക്കു മുമ്പും ടീമിനെ തെരഞ്ഞെടുക്കുന്നതിനായി ചേരുന്ന സെലക്ഷൻ കമ്മിറ്റി യോഗങ്ങളിൽ ബി.സി.സി.ഐ സെക്രട്ടറിയും അംഗങ്ങളുമാണ് പങ്കെടുക്കേണ്ടത്. എന്നാൽ, നിരവധി യോഗങ്ങളിൽ ചട്ടം ലംഘിച്ച് ഗാംഗുലി പങ്കെടുത്തിട്ടുണ്ട്.
സെലക്ഷൻ കമ്മിറ്റി യോഗത്തിനു മുമ്പ് ടീം ക്യാപ്റ്റനുമായും മുഖ്യ പരിശീലകനുമായും സെലക്ഷൻ കമ്മിറ്റി അധ്യക്ഷൻ ചർച്ച നടത്താറാണ് പതിവ്. വിരാട് കോഹലിയെ ഏകദിന ടീമിന്റെ നായകസ്ഥാനത്തുനിന്ന് നീക്കിയതുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങുമ്പോഴാണ് പുതിയ വിവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.