എപ്പോഴും വിവാദ പ്രസ്താവനകൾ നടത്തുന്നത് എന്തിന് ? ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി ഗംഭീർ
text_fieldsക്രിക്കറ്റ് കളിക്കുന്ന കാലത്തും ഇപ്പോഴും വിവാദങ്ങൾ വിട്ടൊഴിയാത്ത താരമാണ് ഗൗതം ഗംഭീർ. ദിവസങ്ങൾക്ക് മുമ്പ് നടന്ന ലെജൻഡ്സ് ലീഗ് ക്രിക്കറ്റിലും മുൻ ഇന്ത്യൻ ഓപ്പണർ പതിവ് തെറ്റിച്ചില്ല, മലയാളിയും മുൻ ഇന്ത്യൻ താരവുമായ ശ്രീശാന്തുമായിട്ടായിരുന്നു താരത്തിന്റെ കൊമ്പുകോർക്കൽ. കഴിഞ്ഞ ഐ.പി.എല്ലിൽ കോഹ്‍ലിയുമായും വാക്കേറ്റമുണ്ടായി. വിരമിച്ചതിന് ശേഷം അഭിമുഖങ്ങളിലും സമൂഹ മാധ്യമ പോസ്റ്റുകളിലുടെയും ഗംഭീർ വിവാദ പ്രസ്താവനകൾ നടത്താറുണ്ട്. നിലവിൽ ഈസ്റ്റ് ഡൽഹിയിലെ ബി.ജെ.പി എം.പി. കൂടിയാണ് താരം.
ഇപ്പോഴിതാ തന്റെ പതിവ് വിവാദ പ്രസ്താവനകൾക്ക് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഗൗതം ഗംഭീർ. ആരാധകർക്കായി ഗംഭീർ എക്സിൽ (ട്വിറ്റർ) ചോദ്യോത്തര സെഷൻ സംഘടിപ്പിച്ചിരുന്നു. അതിൽ ഒരു ആരാധകൻ ‘‘എന്തുകൊണ്ടാണ് നിങ്ങൾ എപ്പോഴും വിവാദ പ്രസ്താവനകൾ നടത്തുന്നത്..? എന്ന് ഗംഭീറിനോട് ചോദിച്ചു.
തനിക്ക് ശരിയെന്നു തോന്നുന്നത് താൻ പറയുന്നുവെന്നായിരുന്നു മറുപടിയായി ഗംഭീർ പറഞ്ഞത്. ‘താനുണ്ടാക്കുന്ന വിവാദങ്ങളിൽ നിന്ന് ആരാണ് നേട്ടം കൊയ്യുന്നതെന്നും ?’ മാധ്യമങ്ങളെ പരോക്ഷമായി പരിഹസിച്ചുകൊണ്ട് ഗംഭീർ കുറിച്ചു. തന്റെ ഓർമ ശക്തിയുടെ രഹസ്യവും ഗംഭീർ വെളിപ്പെടുത്തി. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതും മദ്യവും സിഗരറ്റും ഉപയോഗിക്കാതിരിക്കുന്നതുമാണ് അതിന്റെ രഹസ്യമെന്ന് അദ്ദേഹം പറഞ്ഞു.
ഗംഭീർ - ശ്രീശാന്ത് പോര്
ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിലെ എലിമിനേറ്റര്‍ പോരാട്ടത്തിലായിരുന്നു മലയാളി താരം എസ്. ശ്രീശാന്തും ഗൗതം ഗംഭീറും തമ്മില്‍ വാക് പോരുണ്ടായത്. ഗുജറാത്ത് ജയന്‍റ്സും ഇന്ത്യ ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. ഗുജറാത്ത് താരമായ ശ്രീശാന്ത് ഇന്ത്യാ കാപിറ്റൽസ് നായകനായ ഗംഭീറിനെതിരെ പന്തെറിയവേ ഉണ്ടായ ഉരസലാണ് ഇരുവരും തമ്മിലുള്ള വാക് പോരില്‍ കലാശിച്ചത്.
വാക് പോര് മുറുകിയതോടെ, സഹതാരങ്ങളും അംപയർമാരും ചേർന്നാണ് മുൻ ഇന്ത്യൻ താരങ്ങളായ ഇരുവരെയും പിന്തിരിപ്പിച്ചത്. മത്സരശേഷം ശ്രീശാന്ത് സംഭവം വിശദീകരിച്ച് രംഗത്തുവരികയും ചെയ്തു. ഗംഭീറിനെ ‘മിസ്റ്റർ ഫൈറ്റർ’ എന്ന് വിശേഷിപ്പിച്ച ശ്രീശാന്ത്, ഒരു കാരണവുമില്ലാതെ എല്ലാവരോടും തല്ലുകൂടുകയാണ് ഗംഭീർ ചെയ്യുന്നതെന്നും പരിഹസിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിലാണ് ശ്രീശാന്ത് തന്റെ ഭാഗം വിശദീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.