ബുംറ വേണ്ട! രോഹിത്തിനുശേഷം ടെസ്റ്റ് ടീം നായകനായി 36കാരനെ പിന്തുണച്ച് ഗംഭീർ
text_fieldsമുംബൈ: ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രത്തിലില്ലാത്ത വലിയ തിരിച്ചടിയാണ് അടുത്തിടെ ഇന്ത്യൻ ടീം നേരിട്ടത്. നാട്ടിൽ ന്യൂസിലൻഡിനെതിരായ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര പൂർണമായി അടിയറവെച്ചതിനു പിന്നാലെ, ബോർഡർ ഗവാസ്കർ ട്രോഫിയിൽ ആതിഥേയരായ ആസ്ട്രേലിയക്കു മുന്നിലും നാണംകെട്ടു. ചരിത്രത്തിൽ ആദ്യമായി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ഇന്ത്യക്ക് യോഗ്യത നേടാനായില്ല.
ബാറ്റിങ്ങിൽ നിറംമങ്ങിയ നായകൻ രോഹിത് ശർമയുടെ ടെസ്റ്റ് ക്രിക്കറ്റ് ഭാവിയും ഇതോടെ ചോദ്യ ചിഹ്നമായി. താരം ടെസ്റ്റിൽനിന്ന് വിരമിക്കണമെന്ന ആവശ്യവും ശക്തമായി. വിമർശനം ശക്തമായതോടെ ബോർഡർ ഗവാസ്കർ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിൽനിന്ന് താരം സ്വയം മാറിനിന്നിരുന്നു. പിന്നാലെ ഫോം വീണ്ടെടുക്കാനായി രഞ്ജിയിൽ മുബൈക്കായി കളിക്കാനിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. സ്വഭാവികമായും പേസർ ജസ്പ്രീത് ബുംറയുടെ പേരാണ് രോഹിത്തിനു പകരം ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഉയർന്നുകേട്ടത്.
രോഹിത്തിന്‍റെ അഭാവത്തിൽ ടെസ്റ്റിൽ ഇന്ത്യയെ നയിച്ചിരുന്നതും ബുംറയായിരുന്നു. എന്നാൽ, ടീമിന്‍റെ മുഖ്യപരിശീലകൻ ഗൗതം ഗംഭീർ രോഹിത്തിന്‍റെ പകരക്കാരനായി മറ്റൊരു താരത്തെയാണ് പിന്തുണക്കുന്നതെന്നാണ് പുതിയ റിപ്പോർട്ട്. രോഹിത്തിനു പകരം സൂപ്പർ ബാറ്റർ വിരാട് കോഹ്ലി ടെസ്റ്റിൽ ഇന്ത്യൻ ടീമിനെ നയിക്കട്ടെയെന്ന നിലപാടാണ് ഗംഭീറിനെന്ന് പല ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. നേരത്തെ കോഹ്ലിക്കു കീഴിൽ വിദേശ ടെസ്റ്റ് പര്യടനങ്ങളിൽ ഇന്ത്യയുടെ മികച്ച പ്രകടനം ചൂണ്ടിക്കാട്ടിയാണ് ഗംഭീർ ഇത്തരമൊരു നിലപാട് മുന്നോട്ടുവെക്കുന്നത്.
‘വിരാട് കോഹ്ലിയുടെ ആക്രമണോത്സുക ക്യാപ്റ്റൻസിക്കു കീഴിൽ ഇന്ത്യ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്, പ്രത്യേകിച്ച് വിദേശ പര്യടനങ്ങളിൽ. പുതിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിൾ ആരംഭിക്കാനിരിക്കെ, കോഹ്ലിയെ പോലൊരു ലീഡറെയാണ് ഇന്ത്യൻ ടീമിന് ആവശ്യം. വിദേശ പിച്ചുകളിൽ ഏറ്റവും യോജിച്ച ക്യാപ്റ്റൻ കോഹ്ലി തന്നെയാണ്’ -ഗംഭീറിനെ ഉദ്ധരിച്ച് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.
ഇന്ത്യക്ക് ചാമ്പ്യൻസ് ട്രോഫി കിരീടം നേടാനായില്ലെങ്കിൽ രോഹിത്തിനു പകരം ഹാർദിക് പാണ്ഡ്യ ഏകദിന ടീമിന്‍റെ നായകനാകുമെന്ന് കഴിഞ്ഞദിവസം ദൈനിക് ഭാസ്കർ പത്രം റിപ്പോർട്ട് ചെയ്തിരുന്നു. ചാമ്പ്യൻസ് ട്രോഫിയിൽ ഹാർദിക്കിനെ ഉപനായകനാക്കണമെന്നാണ് ഗംഭീർ വാദിച്ചിരുന്നത്. എന്നാൽ, ശുഭ്മൻ ഗില്ലിനായി രോഹിത്തും മുഖ്യ സെലക്ടർ അജിത് അഗാർക്കറും ഉറച്ചുനിന്നതോടെയാണ് താരത്തിന് നറുക്കുവീണത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.