ക്യാപ്റ്റൻസി കൊള്ളില്ല! ഏഷ്യാ കപ്പിൽനിന്ന് പുറത്തായതിനു പിന്നാലെ പാക് നായകനെ വിമർശിച്ച് ഗൗതം ഗംഭീർ
text_fieldsകൊളംബോ: ഏഷ്യാ കപ്പിൽ അവസാന പന്തുവരെ നീണ്ട സസ്പെൻസിനൊടുവിലാണ് പാകിസ്താനെതിരായ നിർണായക മത്സരത്തിൽ ശ്രീലങ്ക രണ്ടു വിക്കറ്റിന്‍റെ ആവേശജയം സ്വന്തമാക്കിയത്. ടൈ ആയ മത്സരത്തിൽ ഡെക്ക് വർത്ത്-ലൂയിസ് നിയമപ്രകാരമാണ് (ഡി.എൽ.എസ്) ആതിഥേയരുടെ ജയം. 252 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലങ്കക്ക് അവസാന ഓവറിൽ എട്ടു റൺസായിരുന്നു വേണ്ടതെങ്കിലും ഏഴു റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
തുടർന്ന് ഡി.എൽ.എസിലൂടെ ശ്രീലങ്ക രണ്ടു വിക്കറ്റിന് ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. ഫൈനല്‍ കാണാതെ പുറത്തായതിനു പിന്നാലെ പാകിസ്താൻ നായകൻ ബാബര്‍ അസമിനെതിരെ വിമർശനം ശക്തമാകുകയാണ്. മുൻ ഇന്ത്യൻ ഓപ്പണറായ ഗൗതം ഗംഭീറും താരത്തെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. തോൽവിക്കു കാരണം ബാബറിന്‍റെ ശരാശരി ക്യാപ്റ്റന്‍സിയാണെന്ന് ഗംഭീർ പറയുന്നു. മത്സരത്തിൽ ഫീല്‍ഡർമാരെ നിർത്തുന്നതിലും നിർണായകമായ അവസാന ഓവറുകളിലെ തന്ത്രങ്ങളിലുമാണ് ബാബറിന് പിഴച്ചതെന്ന് ഗംഭീര്‍ പ്രതികരിച്ചു.
‘ഒരു ശരാശരി ക്യാപ്റ്റൻ മാത്രമാണ്, സമാന്‍ ഖാന്‍റ ഓവറിലും ഷഹീന്‍ അഫ്രീദിയുടെ ഓവറിലും ശ്രീലങ്ക മിഡ് ഓഫിന് മുകളിലൂടെ ബൗണ്ടറികള്‍ നേടി. ആ രണ്ട് പന്തുകളും സ്ലോ ഡെലിവറികളായിരുന്നു. സ്ലോ പന്തുകൾ എറിയുമ്പോള്‍ മിഡ് ഓഫ് ഫീൽഡറെ ബൗണ്ടറിയില്‍ നിര്‍ത്തി തേര്‍ഡ്മാന്‍ ഫീല്‍ഡറെ സര്‍ക്കിളിനുള്ളില്‍ നിര്‍ത്തുകയാണ് വേണ്ടത്, ഇത് വളരെ ലളിതമായ ക്യാപ്റ്റൻസിയാണ്. അവസാന ഓവറിൽ 13 റൺസാണ് ലങ്കക്ക് ജയിക്കാൻ വേണ്ടിയിരുന്നതെങ്കിൽ, അത് നേടുക അത്ര എളുപ്പമായിരുന്നില്ല. വിക്കറ്റ് വീഴ്ത്താന്‍ ശ്രമിക്കുന്നതിന് പകരം ബാബര്‍ റണ്‍സ് വഴങ്ങാതെ സമ്മര്‍ദം ചെലുത്താനാണ് ശ്രമിക്കേണ്ടിയിരുന്നത്’ -ഗംഭീർ പറഞ്ഞു.
ട്വന്റി20 ക്രിക്കറ്റിൽനിന്ന് വ്യത്യസ്തമാണ് ഏകദിനത്തിലെ ക്യാപ്റ്റൻസി. ഏകദിനത്തിൽ കൂടുതൽ കണക്കുകൂട്ടലുകളും തന്ത്രപരവുമായ സമീപനമാണ് ആവശ്യം. ഏകദിന ഫോർമാറ്റിൽ തന്റെ ക്യാപ്റ്റൻസി കഴിവുകൾ ബാബർ മെച്ചപ്പെടുത്തണമെന്നും ഗംഭീർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.