‘എന്തുകൊണ്ട് നമ്മൾ തോറ്റു?' കെ.എൽ രാഹുലിനിട്ട് കൊട്ടുമായി ഗൗതം ഗംഭീർ...
text_fieldsഞായറാഴ്ച്ച നടന്ന ലോകകപ്പ് കലാശപ്പോരിൽ ആസ്‌ട്രേലിയയോട് ആറ് വിക്കറ്റിന് തോറ്റതിന്റെ ആഘാതത്തിലാണ് ടീം ഇന്ത്യയും ആരാധകരും. ആറാം കിരീടവുമായി ഓസീസ് മടങ്ങിയപ്പോൾ ഇന്ത്യയുടെ മൂന്നാം ലോകകപ്പ് കിരീട സ്വപ്‌നങ്ങളാണ് തകർന്നത്. വിശ്വകിരീടപ്പോരിൽ ആതിഥേയരായ ഇന്ത്യ തന്നെയായിരുന്നു ഫേവറിറ്റ്സ്. കാരണം, ഫൈനലിന് മുമ്പ് വരെ ആസ്‌ട്രേലിയ ഉൾപ്പെടെ ഒരു ടീമും മെൻ ഇൻ ബ്ലൂവിന് വെല്ലുവിളി ഉയർത്തിയിരുന്നില്ല. ആദ്യ മത്സരത്തിൽ ആറ് വിക്കറ്റിന് തോറ്റ കംഗാരുക്കൾ ഫൈനലിൽ അതേ രീതിയിൽ മറുപടി നൽകുകയായിരുന്നു.
ഫൈനലിന് മുമ്പ് നടന്ന, നാല് മത്സരങ്ങളിൽ മൂന്നിലും രോഹിത് ശർമയും സംഘവും 350-ലധികം സ്കോർ ചെയ്തിരുന്നു, ദക്ഷിണാഫ്രിക്കയ്ക്കെതിരെ മാത്രമാണ് അതിന് കഴിയാതിരുന്നത്. ആ മത്സരത്തിൽ 326 റൺസ് നേടിയ ഇന്ത്യ 243 റൺസിന്റെ തകർപ്പൻ വിജയമായിരുന്നു സ്വന്തമാക്കിയത്. എന്നാൽ, ഫൈനലിൽ ഇന്ത്യക്ക് 240 റൺസ് മാത്രമായിരുന്നു എടുക്കാൻ സാധിച്ചത്. ഓസീസ് 43 ഓവറിൽ അത് മറികടക്കുകയും ചെയ്തു.
ഇപ്പോഴിതാ ഓസീസിനെതിരായ പരാജയത്തിന് കാരണം മധ്യ ഓവറുകളിലെ മോശം ബാറ്റിങ് ആണെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ഗൗതം ഗംഭീർ. മധ്യ ഓവറുകളിൽ കൂടുതൽ റിസ്‌ക് എടുക്കുന്ന ഒരാളെ ഉപയോഗിച്ച് കൂടുതൽ ബൗണ്ടറികൾ അടിക്കാൻ ഇന്ത്യ ശ്രമിച്ചിരുന്നെങ്കിൽ ഫലം മറ്റൊന്നായേനെ എന്ന് മുൻ ബാറ്ററായ ഗംഭീർ സ്‍പോർട്സ്കീഡയോട് പറഞ്ഞു.
‘‘ഇതൊരു ഇരുതല മൂർച്ചയുള്ള വാളാണ്, ഏറ്റവുമധികം ധൈര്യശാലികളായ ടീമായിരിക്കും ഫൈനലില്‍ വിജയിക്കുകയെന്നു ഞാന്‍ നേരത്തേ പറഞ്ഞിട്ടുണ്ട്. ഒരു കൂട്ടുകെട്ടുണ്ടാക്കാന്‍ സമയം ആവശ്യമാണെന്നത് എനിക്കു മനസ്സിലാവും. പക്ഷെ 11 ഓവര്‍ മുതല്‍ 40 ഓവര്‍ വരെയെന്നത് വളരെ വലിയ സമയമാണ്. ആരെങ്കിലുമൊരാള്‍ അഗ്രസീവായി ബാറ്റ് ചെയ്യുകയെന്ന റിസ്‌ക്ക് എടുക്കേണ്ടതായിരുന്നു’’. - ഗംഭീര്‍ പറഞ്ഞു.
‘ഇന്ത്യയുടെ ആദ്യത്തെ ഏഴ് ബാറ്റര്‍മാര്‍ അഗ്രസീവായി കളിച്ച് ടീം 150നു ഓള്‍ഔട്ടായാൽ പോലും എനിക്കു കുഴപ്പമില്ലായിരുന്നു. പക്ഷെ ഒരു ലോകകപ്പ് ഫൈനലില്‍ 240 റണ്‍സ് പ്രതിരോധിക്കാന്‍ കഴിയുമെന്നു നിങ്ങള്‍ കരുതിയെങ്കില്‍ നിങ്ങള്‍ പോരാടേണ്ടത് ഇങ്ങനെയല്ല. അഗ്രസീവ് ബാറ്റിങ് കാഴ്ച വച്ചിരുന്നെങ്കില്‍ ഒന്നുകില്‍ നമ്മള്‍ 150ന് പുറത്താകും, അല്ലെങ്കില്‍ 300 റണ്‍സ് എടുക്കാൻ കഴിയും. ഇന്ത്യക്കു അവിടെയാണ് പിഴച്ചതെന്നു എനിക്ക് തോന്നുന്നു. ഇതു കൊണ്ടു തന്നെയാണ് ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കു ജയിക്കാന്‍ കഴിയാത്തത്. ഞാന്‍ പുറത്തായാലും നിങ്ങളെല്ലാം അഗ്രസീവായി തന്നെ കളിക്കണമെന്നു ഫൈനലിനു മുമ്പ് ടീമംഗങ്ങള്‍ക്കു രോഹിത് സന്ദേശം നല്‍കണമായിരുന്നു. ഗംഭീര്‍ അഭിപ്രായപ്പെട്ടു.
ഇന്നിംഗ്‌സിന് നങ്കൂരമിടാനുള്ള ചുമതല കോഹ്‌ലിക്കാണ് ലഭിച്ചിട്ടുള്ളത്. ടൂർണമെന്റിലുടനീളം അത് മികച്ച രീതിയിൽ അദ്ദേഹം അത് ചെയ്തിട്ടുണ്ടെന്നും ഗംഭീർ പറഞ്ഞു. അതിനാൽ, മറ്റ് ബാറ്റർമാർ അദ്ദേഹത്തിന് ചുറ്റും ആക്രമണാത്മകമായി കളിക്കാൻ ശ്രമിക്കേണ്ടതായിരുന്നു. പകരം 107 പന്തിൽ 66 റൺസ് മാത്രമാണ് കെ.എൽ രാഹുൽ നേടിയത്.
“ഇന്നിംഗ്‌സ് നങ്കൂരമിടുന്നതിൽ കോഹ്‌ലി പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്, എന്നാൽ ബാക്കിയുള്ളവരെല്ലാം ആക്രമണാത്മകമാകണം. കെ.എൽ രാഹുൽ അങ്ങനെ ചെയ്യണമായിരുന്നു. അത് എന്ത് ദോഷമാണ് വരുത്തുക? ഒരു പക്ഷെ ഞങ്ങൾ 150-ന് ഓൾഔട്ടായേക്കാം. പക്ഷേ, ധൈര്യമുണ്ടായിരുന്നെങ്കിൽ, 310 റൺസ് നേടി ഇന്ത്യ ലോക ചാമ്പ്യന്മാരാകുമായിരുന്നു. ഇത് 1990 അല്ല, 240 എന്നത് അത്ര നല്ല സ്‌കോർ അല്ല. 300-ലധികം റൺസ് ആവശ്യമാണ്. ഇന്ത്യ വേണ്ടത്ര ധൈര്യമുള്ളവരായിരുന്നില്ല,” -ഗംഭീർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.