‘ഡിവില്ലിയേഴ്സ് ഐ.പി.എല്ലിൽ ഒന്നും നേടിയില്ല...’; ഹാർദിക്കിനെ വിമർശിച്ച മുൻ ദക്ഷിണാഫ്രിക്കൻ താരത്തിനെതിരെ ഗംഭീർ
text_fieldsമുംബൈ: ഐ.പി.എൽ സീസണിൽ മുംബൈ ഇന്ത്യൻസിന്‍റെ മോശം പ്രകടനത്തിൽ ക്രൂശിക്കപ്പെടുന്നത് നായകൻ ഹാർദിക് പാണ്ഡ്യയാണ്. 13 മത്സരങ്ങളിൽ നാലു ജയം മാത്രമുള്ള മുംബൈ, പ്ലേ ഓഫ് കാണാതെ പുറത്താകുന്ന സീസണിലെ ആദ്യ ടീമായിരുന്നു.
സീസണിൽ രോഹിത് ശർമക്കു പകരം ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയതു മുതൽ ടീം വലിയ തിരിച്ചടികളാണ് നേരിട്ടത്. ടീമിന്‍റെ തീരുമാനത്തിനെതിരെ ആരാധകരാണ് ആദ്യം രംഗത്തെത്തിയത്. തുടക്കത്തിലെ ഏതാനും മത്സരങ്ങളിൽ ഒരുവിഭാഗം ആരാധകർ കൂവി വിളിച്ചാണ് ഹാർദിക്കിനെ വരവേറ്റത്. പിന്നാലെ ടീം രണ്ടു ഗ്രൂപ്പുകളായി. മുതിർന്ന താരങ്ങൾ ഉൾപ്പെടെ ഒരു വിഭാഗം രോഹിത്തിനൊപ്പം നിൽക്കുമ്പോൾ മറുവിഭാഗം ഹാർദിക്കിനൊപ്പമാണ്. ഡ്രസ്സിങ് റൂമിൽ ഉൾപ്പെടെ ഭിന്നത രൂക്ഷമാണ്.
ഹാർദിക്കിന്‍റെ ക്യാപ്റ്റൻസി രീതികളോട് സപ്പോർട്ടിങ് സ്റ്റാഫ് ഉൾപ്പെടെ ഒരുവിഭാഗത്തിന് വലിയ എതിർപ്പുണ്ട്. മുൻതാരങ്ങളായ എബി ഡിവില്ലിയേഴ്സ്, കെവിൻ പീറ്റേഴ്സൺ, ഇർഫാൻ പത്താൻ ഉൾപ്പെടുയുള്ളവർ ഹാർദിക്കിന് ടീമിനെ നയിക്കാനുള്ള ശേഷിയില്ലെന്ന് കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ, ഹാർദിക്കിനെ പിന്തുണച്ച് രംഗത്തു വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ ബാറ്ററും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മെന്‍ററുമായ ഗൗതം ഗംഭീർ. ഹാർദിക്കിനെ പോലൊരു താരത്തെ വിമർശിക്കുന്നതിനു മുമ്പ് ഡിവില്ലിയേഴ്സും പീറ്റേഴ്സണും ഐ.പി.എല്ലിലെ തങ്ങളുടെ ക്യാപ്റ്റൻസി റെക്കോഡ് കൂടി പരിശോധിക്കണമെന്ന് ഗംഭീർ വിമർശിച്ചു.
ഗുജറാത്ത് ടൈറ്റൻസിനെ അവരുടെ അരങ്ങേറ്റ സീസണിൽ തന്നെ കിരീടത്തിലേക്ക് നയിച്ചത് ഹാർദിക്കാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗംഭീറിന്‍റെ വിമർശനം. ‘ക്യാപ്റ്റനായിരുന്നപ്പോൾ സ്വന്തം പ്രകടനം എന്തായിരുന്നു? കെവിൻ പീറ്റേഴ്‌സണോ ഡിവില്ലിയേഴ്‌സോ ആകട്ടെ, അവരുടെ കരിയറിൽ ക്യാപ്റ്റൻ റോളിൽ ചൂണ്ടിക്കാട്ടാൻ ഒന്നുമില്ല. നിങ്ങൾ അവരുടെ റെക്കോഡുകൾ നോക്കിയാൽ മനസ്സിലാകും. ഡിവില്ലിയേഴ്‌സിന്‍റെ വ്യക്തിഗത സ്‌കോറുകൾ മാറ്റി നിർത്തിയാൽ, ഐ.പി.എല്ലിൽ അദ്ദേഹം ഒന്നും നേടിയിട്ടില്ല. ഒരു ടീമെന്ന നിലയിൽ നോക്കുമ്പോൾ അദ്ദേഹം ഒന്നും നേടിയതായി ഞാൻ കരുതുന്നില്ല’ -ഗംഭീർ പ്രതികരിച്ചു.
അതേസമയം, ഹാർദിക്കിനെ കുറിച്ചുള്ള തന്‍റെ പരാമർശം മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന് ഡിവില്ലിയേഴ്സ് സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. ഹാർദിക് പാണ്ഡ്യയെയും മുംബൈ ഇന്ത്യൻസിനെയും കുറിച്ച് താൻ നടത്തിയ പരാമർശങ്ങളെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പലതും പ്രചരിക്കുന്നുണ്ടെന്നും പത്രപ്രവർത്തനവും റിപ്പോർട്ടിങ്ങും ഇത്രയും തരം താഴ്ന്നതിൽ ലജ്ജ തോന്നുന്നതായും താരം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.