ഇന്ത്യൻ ടീമിന്‍റെ പരിശീലകൻ ആകുമെന്ന അഭ്യൂഹങ്ങൾക്കിടെ അമിത് ഷായെ കണ്ട് ഗൗതം ഗംഭീർ
text_fieldsന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകൻ ആകുമെന്ന അഭ്യൂഹങ്ങൾക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ഗൗതം ഗംഭീർ. അമിത് ഷായുടെ മകനും ബി.സി.സി.ഐ സെക്രട്ടറിയുമായ ജയ് ഷാ ഗംഭീറിനെ പരിശീലകനായി ഉടൻ പ്രഖ്യാപിക്കുമെന്നും അഭ്യൂഹമുണ്ട്. അതേസമയം മുൻ എം.പിയെന്ന നിലയിൽ സർക്കാർ രൂപവത്കരണത്തിനു ശേഷമുള്ള വ്യക്തിപരമായ കൂടിക്കാഴ്ചയെന്ന വിശദീകരണമാണ് ഗംഭീർ നൽകുന്നത്.
2019ലെ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽനിന്ന് ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച് ലോക്സഭയിലെത്തിയിരുന്നു. ഇത്തവണ ബി.ജെ.പി ഗംഭീറിനെ സ്ഥാനാർഥിയാക്കിയില്ല. ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ പരിശീലകനാണ് ഗംഭീർ. ഇത്തവണ കൊൽക്കത്ത കിരീടം നേടിയതോടെയാണ് ബി.സി.സി.ഐ ഗംഭീറിനെ ടീം ഇന്ത്യയുടെ മുഖ്യപരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന വാർത്തകൾ വന്നത്.
ട്വന്റി20 ലോകകപ്പോടെ കാലാവധി തീരുന്ന ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡിന്റെ സ്ഥാനത്തേക്ക് ഗംഭീർ കോച്ചായി സ്ഥാനമേൽക്കുമെന്ന് ഉറപ്പിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുകൾ പുറത്തുവന്നത്. ജൂൺ അവസാനത്തോടെ ഗംഭീർ ബി.സി.സി.ഐയുമായി കരാറിൽ ഒപ്പുവെച്ചേക്കും. തനിക്ക് ആവശ്യമുള്ള സപ്പോർട്ടിങ് സ്റ്റാഫിനെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഗംഭീറിന് ലഭിക്കും. 2027ൽ നടക്കുന്ന ഏകദിന ലോകകപ്പ് വരെയാണ് കരാർ കലാവധി.
ഗംഭീർ മുന്നോട്ടുവെച്ച ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടതോടെയാണ് തീരുമാനം ഏകദേശം ഉറപ്പായതെന്ന് ‘ദൈനിക് ഭാസ്കർ’ റിപ്പോർട്ട് പറയുന്നു. ‘‘ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാൻ എനിക്കിഷ്ടമാണ്. നിങ്ങളപ്പോൾ 140 കോടി ഇന്ത്യക്കാരെയാണ് പ്രതിനിധാനം ചെയ്യുന്നത്’’-42കാരന്റെ വാക്കുകൾ. 2007ൽ ട്വന്റി20 ലോകകപ്പിലും 2011ൽ ഏകദിന ലോകകപ്പിലും ഇന്ത്യ മുത്തമിടുമ്പോൾ ഗംഭീറും ടീമംഗമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.