‘ചാമ്പ്യൻസ് ട്രോഫിയിലും മോശം പ്രകടനമെങ്കിൽ ഗംഭീർ തെറിക്കും’; പരിശീലകനിൽ ബി.സി.സി.ഐക്ക് അതൃപ്തിയെന്ന് റിപ്പോർട്ട്
text_fieldsമുംബൈ: സീനിയർ താരങ്ങളായ രോഹിത് ശർമക്കും വിരാട് കോലിക്കും മോശം ഫോമിന്‍റെ പേരിൽ പഴി കേൾക്കുന്നതിനിടെ, തലമുറ മാറ്റത്തിനൊരുങ്ങുന്ന ടീമിനെ കൈകാര്യം ചെയ്യുന്നതിൽ പരിശീലകനും പരാജയപ്പെടുന്നുവെന്ന് ബി.സി.സി.ഐ വിലയിരുത്തുന്നതായി റിപ്പോർട്ട്. ബോർഡർ -ഗവാസ്കർ ട്രോഫിയിലെ ടീമിന്‍റെ മോശം പ്രകടനത്തിനു പിന്നാലെയാണ് മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനും സഹപരിശീലകർക്കും നേരെ വിമർശനമുയരുന്നത്. പരമ്പരയിൽ നാല് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ 1-2 എന്ന നിലയിൽ ആസ്ട്രേലിയ മുന്നിലാണ്.
അവസാന മത്സരം വെള്ളിയാഴ്ച തുടങ്ങാനിരിക്കെയാണ്, ടീം മോശം പ്രകടനം തുടരുകയാണെങ്കിൽ പരിശീലകനെയും മാറ്റിയേക്കുമെന്ന റിപ്പോർട്ട് പുറത്തുവരുന്നത്. രവി ശാസ്ത്രിയും രാഹുൽ ദ്രാവിഡും പിന്തുടർന്നുവന്ന സൗഹാർദ നയമല്ല ഗംഭീറിന്‍റേത്. ഡ്രസ്സിങ് റൂമിൽ താരങ്ങളുമായി അസ്വാരസ്യം ഉയരാറുണ്ടെന്നും എല്ലാവരുമായും ഒരുപോലെ ഇടപെടാൻ ഗംഭീർ തയാറാവാറില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ടീമിലെ അഴിച്ചുപണികൾ പലപ്പോഴും ക്യാപ്റ്റൻ രോഹിത് ശർമയുടെ താൽപര്യങ്ങൾക്കു വിരുദ്ധമായാണ് നടക്കാറുള്ളത്. യുവതാരങ്ങളിൽ പലർക്കും ഗംഭീറിൽ വിശ്വാസമില്ലെന്നും വിവരമുണ്ട്.
“പരമ്പരയിൽ ഒരു ടെസ്റ്റ് മത്സരം കൂടി നടക്കാനുണ്ട്. പിന്നീട് ചാമ്പ്യൻസ് ട്രോഫിയും. പ്രകടനം മെച്ചപ്പെട്ടില്ലെങ്കിൽ ഗംഭീറിന്‍റെ സ്ഥാനം പോലും സുരക്ഷിതമായിരിക്കില്ല. ഗംഭീറായിരുന്നില്ല പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ച ആദ്യത്തെയാൾ, അത് വി.വി.എസ് ലക്ഷ്മണായിരുന്നു. ചില വിദേശ പരിശീലകരെയും ആദ്യം പരിഗണിച്ചിരുന്നു. എന്നാൽ ചില പ്രത്യേക സാഹചര്യത്തിലാണ് ഗംഭീറിനെ നിയമിച്ചത്” -പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ബി.സി.സി.ഐ ഉദ്യോഗസ്ഥൻ പി.ടി.ഐയോടെ പറഞ്ഞതാണിത്.
സെലക്ഷൻ കമ്മിറ്റിയുമായി ഗംഭീർ ഇടഞ്ഞെന്ന അഭ്യൂഹങ്ങളും ഇതിനിടെ പുറത്തുവന്നിരുന്നു. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ നിതീഷ് കുമാർ റെഡ്ഡിയെ ഫലപ്രദമായി ഉപയോഗിക്കാനായെങ്കിലും ശുഭ്മൻ ഗില്ലിനെ പുറത്തിരുത്തിയത് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ഐ.സി.സിയുടെ തലവനായതോടെ, പുതുതായി ആരെങ്കിലും ബി.സി.സി.ഐ തലപ്പത്ത് എത്തിയാൽ ടീം മാനേജ്മെന്‍റിൽ അഴിച്ചുപണികൾ നടത്തിയേക്കും. നേരത്തെ ന്യൂസിലൻഡിനെതിരെ നാട്ടിൽ നടന്ന പരമ്പയിൽ 0-3ന് ഇന്ത്യ തോറ്റപ്പോൾ മുതൽ ഗംഭീറിനു മേൽ കരിനിഴൽ വീണിരുന്നു. താരത്തെ ടി20 ടീമിന്‍റെ മാത്രം പരിശീലകനാക്കണമെന്ന ആവശ്യവും ഇടക്ക് ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.