‘ഒരു കിരീടം തന്നെ കഠിനം; അഞ്ചു കിരീട നേട്ടം അവിശ്വസനീയം!’ ചെന്നൈയെ പ്രശംസിച്ച് ഗൗതം ഗംഭീർ
text_fieldsഗുജറാത്ത് ടൈറ്റൻസിനെ അഞ്ചു വിക്കറ്റിന് തകർത്താണ് ചെന്നൈ ഐ.പി.എല്ലിൽ അഞ്ചാം കിരീടം നേടിയത്. ഇതോടെ ചെന്നൈ കിരീട നേട്ടത്തിൽ മുംബൈ ഇന്ത്യൻസിനൊപ്പമെത്തി.
അവസാന പന്തുവരെ നീണ്ട ത്രില്ലർ പോരിനൊടുവിലാണ് ധോണിയും സംഘവും ചാമ്പ്യന്മാരായത്. 15ാം ഓവറിലെ അവസാന രണ്ടു പന്തിൽ ജയിക്കാൻ 10 റൺസ് വേണമെന്നിരിക്കെ, മോഹിത് ശർമയെറിഞ്ഞ അഞ്ചാം പന്തിൽ സിക്സും ആറാം പന്തിൽ ബൗണ്ടറിയും നേടി രവീന്ദ്ര ജദേജയാണ് ചെന്നൈക്ക് അവിശ്വസനീയ ജയം സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് നേടിയിരുന്നു. മഴ പെയ്തതോടെ മത്സരം 15 ഓവറാക്കി വെട്ടിക്കുറച്ച് ചെന്നൈയുടെ വിജയലക്ഷ്യം 171 റൺസാക്കി ചുരുക്കിയിരുന്നു. 15ാം ഓവറിലെ അവസാന പന്തിലാണ് ചെന്നൈ ലക്ഷ്യത്തിലെത്തിയത്.
പിന്നാലെ ചെന്നൈ ടീമിനെയും നായകൻ എം.എസ്. ധോണിയെയും പ്രശംസിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ രംഗത്തുവന്നത്. ഇന്ത്യൻ ടീമിലെ മുൻ സഹതാരവും ലഖ്നോ സൂപ്പർ ജയന്‍റ്സ് മെന്‍ററുമായ ഗൗതം ഗംഭീറും ചെന്നൈയെയും ധോണിയെയും വാനോളം പുകഴ്ത്തി. ‘സി.എസ്.കെ അഭിനന്ദനങ്ങൾ! ഒരു കിരീടം നേടുന്നത് തന്നെ കഠിനം, അഞ്ചു കിരീടം നേടുന്നത് അവിശ്വസനീയം’ -ഗംഭീർ ട്വീറ്റ് ചെയ്തു.
ഐ.പി.എൽ ചരിത്രത്തിൽ ഒരു ടീമിന് കൂടുതൽ തവണ കിരീടം നേടികൊടുത്ത നായകരിൽ മൂന്നാമതാണ് ഗംഭീർ. അഞ്ചു തവണ കിരീടം ചൂടിയ ധോണിയും രോഹിത് ശർമയുമാണ് മുന്നിൽ. 2012, 2014 വർഷങ്ങളിൽ കൊൽക്കത്ത കിരീടം ചൂടുമ്പോൾ, ഗംഭീറായിരുന്നു നായകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.