‘അവന്‍റെ ഗ്രാഫ് ഉയരുമെന്നാണ് എല്ലാവരും കരുതിയത്’; താരത്തിന്‍റെ മോശം പ്രകടനത്തിൽ അമ്പരന്ന് ഗൗതം ഗംഭീർ
text_fieldsന്യൂസിലൻഡിനെതിരായ രണ്ടാം ട്വന്‍റി20 മത്സരം ആറു വിക്കറ്റിന് ജയിച്ച് ഇന്ത്യ പരമ്പരയിൽ ഒപ്പത്തിനൊപ്പമെത്തി. ലഖ്നോ അടൽ ബിഹാരി സ്റ്റേഡിയത്തിൽ എതിരാളികളെ കുറഞ്ഞ സ്കോറിലൊതുക്കിയിട്ടും ഇന്ത്യക്ക് വിജയത്തിനായി അവസാന ഓവർ വരെ കാത്തിരിക്കേണ്ടി വന്നു.
ബാറ്റിങ്ങിനെ ഒട്ടും തുണക്കാത്ത പിച്ചിൽ പേസർമാർക്കു പകരം സ്പിന്നർമാരാണ് കളം വാണത്. ജയിച്ചെങ്കിലും പിച്ച് ദുരന്തമായെന്ന രൂക്ഷ വിമർശനവുമായി നായകൻ ഹാർദിക് പാണ്ഡ്യ ഉൾപ്പെടെ രംഗത്തുവന്നു. ന്യൂസിലൻഡിനെ 20 ഓവറിൽ 99 റൺസിലൊതുക്കിയ ഇന്ത്യ ലക്ഷ്യം അടിച്ചെടുക്കാൻ 19.5 ഓവറാണ് ബാറ്റു ചെയ്തത്. പുറത്താകാതെ 26 റൺസെടുത്ത സൂര്യകുമാർ യാദവായിരുന്നു ടോപ് സ്കോറർ.
അതേസമയം, മുൻ ഇന്ത്യൻ ബാറ്റർ ഗൗതം ഗംഭീർ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനുള്ള ഇന്ത്യൻ ഓപ്പണർമാരുടെ, പ്രത്യേകിച്ച് ഇഷാൻ കിഷന്‍റെ പോരായ്മയിൽ പൊട്ടിത്തെറിച്ചു. മത്സരത്തിൽ രണ്ടു ടീമിലെയും ബാറ്റർമാർ ഏറെ പ്രയാസപ്പെടുന്നതാണ് കണ്ടത്. മത്സരത്തിൽ ഒരു സിക്സ് പോലും പിറന്നില്ല. ആക്രമണോത്സുക ബാറ്റിങ്ങിന് പേരുകേട്ട ഇഷാൻ കിഷനും ശുഭ്മാൻ ഗില്ലും യഥാക്രമം 19, 11 റൺസെടുത്താണ് മടങ്ങിയത്.
ദുഷ്കരമായ പിച്ചിൽ ബൗണ്ടറി നേടുന്നത് ഏറെ പ്രയാസമാണെന്നും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുകയാണ് ഇത്തരം സാഹചര്യങ്ങളിൽ താരങ്ങൾ ചെയ്യേണ്ടതെന്നും ഗംഭീർ പറയുന്നു. ‘സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യേണ്ടത് എങ്ങനെയെന്ന് യുവതാരങ്ങൾ വേഗത്തിൽ പഠിക്കണമെന്ന് ഞാൻ കരുതുന്നു, കാരണം ഇത്തരമൊരു വിക്കറ്റ് ഗ്രൗണ്ടിൽ ഇറങ്ങി സിക്സ് അടിക്കുന്നത് അത്ര എളുപ്പമല്ല. സ്പിന്നിനെതിരെ പൊരുതി നിൽക്കുകയാണ് വേണ്ടത്, സ്‌ട്രൈക്കുകൾ സ്ഥിരമായി റൊട്ടേറ്റ് ചെയ്യാനുള്ള കഴിവാണ് ബാറ്റർമാർക്കുവേണ്ടത്’ -ഗംഭീർ പറഞ്ഞു.
കഴിഞ്ഞവർഷം ഡിസംബറിൽ ബംഗ്ലാദേശിനെതിരെ ഇഷാൻ കിഷൻ ഇരട്ട സെഞ്ച്വറി നേടിയിരുന്നു. പിന്നീടുള്ള മത്സരങ്ങളിൽ വലിയ സ്കോർ നേടാൻ വിക്കറ്റ് കീപ്പറായ കിഷന് കഴിഞ്ഞിട്ടില്ല. താരം അവസാന 15 ട്വന്‍റി20 മത്സരങ്ങളിൽ നേടിയത് 106 റൺസാണ്.
ബംഗ്ലാദേശിനെതിരെ ഇരട്ട സെഞ്ച്വറി നേടിയ താരത്തിന്‍റെ ബാറ്റിങ് പ്രകടനം അതിശയിപ്പിക്കുന്നതായിരുന്നു. എന്നാൽ, പിന്നീടങ്ങോട് താരം നിരാശപ്പെടുത്തി. അവൻ കളിച്ച തരത്തിലുള്ള ഇന്നിങ്സുകൾ നോക്കുമ്പോൾ അവന്റെ ഗ്രാഫ് ഉയരുമെന്നാണ് എല്ലാവരും കരുതിയതെന്നും താരം കൂട്ടിച്ചേർത്തു. കീവിസിനെതിരായ പരമ്പരയിലെ നിർണായകമായ മൂന്നാമത്തെ മത്സരം ബുധനാഴ്ച അഹ്മദാബാദിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.