ഫോളോ ഓൺ ഒഴിവാക്കിയത് ഡ്രസ്സിങ് റൂമിൽ മതിമറന്ന് ആഘോഷിച്ച് കോഹ്ലിയും ഗംഭീറും! സമൂഹമാധ്യമങ്ങളിൽ ട്രോളഭിഷേകം
text_fieldsബ്രിസ്ബെയ്ൻ: ആസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിൽ നാടകീയ നിമിഷങ്ങൾക്കൊടുവിലാണ് ഇന്ത്യ ഫോളോ ഓൺ ഭീഷണി മറികടന്നത്.
നലാംദിനത്തിന്‍റെ അവസാന സെഷനിൽ ഒരു വിക്കറ്റ് മാത്രം കൈയിലിരിക്കെ ഫോളോ ഓൺ ഒഴിവാക്കാൻ ഇന്ത്യക്ക് വേണ്ടിയിരുന്നത് 33 റൺസ്. ക്രീസിൽ അകാശ് ദീപും ജസ്പ്രീത് ബുംറയും. ഇന്ത്യ ഫോളോ ഓൺ ചെയ്യുമെന്ന് എല്ലാവരും ഉറപ്പിച്ചിരിക്കെയാണ് ഇരുവരും ചേർന്ന് ആത്മവിശ്വാസത്തോടെ ബാറ്റുവീശി പത്താം വിക്കറ്റിൽ 39 റൺസിന്‍റെ അപരാജിത കൂട്ടുകെട്ട് പടുത്തുയർത്തുന്നത്. കമ്മിൻസ് എറിഞ്ഞ 75ാം ഓവറിലെ രണ്ടാം പന്ത് ഒരു മനോഹര ബൗണ്ടറി പായിച്ചാണ് ആകാശ് ഫോളോ ഓൺ ഒഴിവാക്കിയത്.
ഈ നിമിഷം ഡ്രസ്സിങ് റൂമിൽ മതിമറന്ന് ആഘോഷിക്കുകയായിരുന്നു സൂപ്പർതാരം വിരാട് കോഹ്ലിയും പരിശീലകൻ ഗൗതം ഗംഭീറും. ആകാശ്ദീപിന്റെ ബാറ്റിൽത്തട്ടി പന്ത് ബൗണ്ടറിയിലേക്കു പായുമ്പോൾ, സീറ്റിൽനിന്ന് ചാടിയെഴുന്നേറ്റ കോഹ്ലി അടുത്തിരുന്ന ഗംഭീറിന്‍റെയും നായകൻ രോഹിത് ശർമയുടെയും കൈകളിലടിച്ചാണ് സന്തോഷം പങ്കുവെച്ചത്. ഇതിന്‍റെ വിഡിയോ നിമിഷങ്ങൾക്കകമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. കമ്മിൻസിന്‍റെ തൊട്ടടുത്ത പന്ത് അകാശ് ഗാലറിയിലേക്ക് പറത്തി. പിന്നാലെ വെളിച്ചക്കുറവ് മൂലം മത്സരം നേരത്തെ നിർത്തിയപ്പോൾ ഇന്ത്യ ഒമ്പത് വിക്കറ്റിന് 252 റൺസെന്ന നിലയിലാണ്.
ഒരു ദിവസം ബാക്കി നിൽക്കെ ഓസീസിന്‍റെ ഒന്നാം സ്കോറിനേക്കാൾ ഇന്ത്യ 193 റൺസ് പിറകിലാണ്. ഫോളോ ഓൺ ചെയ്യിക്കാതെ ഇന്ത്യയെ വീണ്ടും ബാറ്റിങ്ങിന് വിട്ട് ജയം പിടിക്കാനുള്ള ആതിഥേയരുടെ പ്രതീക്ഷ തകിടം മറിഞ്ഞു.
അതേസമയം, ഫോളോ ഓൺ ഒഴിവാക്കിയതിനു പിന്നാലെ കോഹ്ലിയും ഗംഭീറും ഡ്രസ്സിങ് റൂമിൽ നടത്തിയ ആഘോഷം സമൂഹമാധ്യമങ്ങളിൽ ട്രോളുകളായി നിറയുകയാണ്. ഇരുവരെയും വിമർശിച്ച് നിരവധി കുറിപ്പുകളും മീമുകളും പ്രത്യക്ഷപ്പെട്ടു.
കഴിഞ്ഞ നാലു തവണയും ബോർഡർ-ഗവാസ്കർ ട്രോഫി കിരീടം നേടിയ ഇന്ത്യയാണ് ഇത്തരത്തിൽ ഫോളോ ഓൺ ഒഴിവാക്കിയത് ആഘോഷിക്കുന്നതെന്ന് ഒരു ആരാധകർ എക്സിൽ പരിഹസിച്ചു. ‘ടെസ്റ്റ് ജയിച്ചതുപോലെയാണ് ആഘോഷം, ഗംഭിർ ഒരു പരിശീലകൻ മാത്രമാണ്. താരങ്ങൾ സ്കോർ കണ്ടെത്തണം. അല്ലെങ്കിൽ മറ്റുള്ളവർക്ക് വഴിമാറി കൊടുക്കണം. ഗില്ലും ജയ്സ്വാളും അവസരം ഉപയോഗിക്കുകയും കൂടുതൽ പ്രതിബദ്ധത കാണിക്കുകയും വേണം. കോഹ്ലിയും രോഹിത്തും റണ്ണെടുക്കണം, അല്ലെങ്കിൽ വിരമിക്കണം’ -മറ്റൊരു ആരാധകൻ കുറിച്ചു.
ഫോളോ ഓൺ ഒഴിവാക്കിയതിൽ ഇത്രയധികം ആഘോഷം കണ്ടെത്തുന്നതിൽ നാണമില്ലേയെന്നും ആരാധകർ ചോദിക്കുന്നുണ്ട്. ഇനി എല്ലാ കണ്ണുകളും അഞ്ചാം ദിനത്തിലേക്കാണ്. അതിവേഗം സ്കോർ ഉയർത്തി രണ്ടാം ഇന്നിങ്സ് പൂർത്തിയാക്കി ഇന്ത്യയെ എറിഞ്ഞിടാനാകും ഓസീസ് ശ്രമം. എന്നാൽ, ഇടക്കിടെ രസംകൊല്ലിയായി മഴ എത്തുന്നത് കണക്കുകൂട്ടലുകൾ തെറ്റിക്കും. ബുധനാഴ്ച 90 ശതമാനത്തിലധികം മഴക്ക് സാധ്യതയുണ്ടെന്നാണ് ആസ്ട്രേലിയ ബ്യൂറോ ഓഫ് മീറ്ററോളജിയുടെ പ്രവചനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.