‘ദൗർഭാഗ്യകരം, ഈ സൂപ്പർതാരത്തെ ആരും പ്രശംസിക്കുന്നില്ല’; നിരാശ പങ്കുവെച്ച് ഗൗതം ഗംഭീർ
text_fieldsന്യൂസിലൻഡിനെതിരായ ലോകകപ്പ് സെമിയിൽ സ്റ്റാർ ബാറ്റർ ശ്രേയസ്സ് അയ്യരുടെ തകർപ്പൻ ബാറ്റിങ് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീറിനെ ശരിക്കും അദ്ഭുതപ്പെടുത്തി. മത്സരത്തിൽ അയ്യർ 70 പന്തിൽ നേടിയ 105 റൺസാണ് ഇന്ത്യക്ക് വമ്പൻ സ്കോർ സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 397 റൺസാണ് അടിച്ചെടുത്തത്.
എന്നാൽ, മത്സരശേഷം 50ാം സെഞ്ച്വറി കുറിച്ച് റെക്കോഡിട്ട സൂപ്പർ ബാറ്റർ വിരാട് കോഹ്ലിയുടെയും ഏഴു വിക്കറ്റ് നേടിയ പേസർ മുഹമ്മദ് ഷമിയുടെയും പ്രകടനമാണ് ഏറെ പ്രശംസിക്കെപ്പട്ടതെന്ന് ഗംഭീർ പറയുന്നു. ശരിക്കും വിജയശിൽപി അയ്യരാണെന്നും അദ്ദേഹത്തിന്‍റെ പ്രകടനത്തിന് മതിയായ പ്രശംസ ലഭിച്ചില്ലെന്നും ഗംഭീർ പരാതിപ്പെടുന്നു.
‘എയറിൽ പറഞ്ഞതാണ്, വീണ്ടും ആവർത്തിക്കാൻ ആഗ്രഹിക്കുന്നു. ന്യൂസിലൻഡിനെതിരായ മത്സരത്തിലെ ഗെയിം ചേഞ്ചർ അദ്ദേഹമാണ് (ശ്രേയസ്സ് അയ്യർ). സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തിന് കാര്യമായ ഫോളോവേഴ്സില്ല, അതുകൊണ്ടുതന്നെ പ്രശംസയും ലഭിക്കുന്നില്ല. അയ്യർ ആദ്യ ലോകകപ്പാണ് കളിക്കുന്നത്. വലിയ മത്സരങ്ങളിൽ രോഹിത് ശർമയും വിരാട് കോഹ്ലിയും മികച്ച പ്രകടനനം കാഴ്ചവെക്കുമെന്നാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്, കാരണം അവർക്ക് അനുഭവപരിചയമുണ്ട്. കോഹ്ലി നാലാമത്തെ ലോകകപ്പാണ് കളിക്കുന്നത്, രോഹിത് മൂന്നു ലോകകപ്പുകൾ കളിച്ചു. ശ്രേയസ്സ് ആദ്യമായി കളിക്കുന്നു’ -ഗംഭീർ അഭിമുഖത്തിൽ പറഞ്ഞു.
മറ്റു താരങ്ങൾക്കു ലഭിക്കുന്നതുപോലെ ശ്രേയസ്സിന് പ്രശംസ ലഭിക്കുന്നില്ലെന്നത് ഏറെ ദൗർഭാഗ്യകരമാണ്. അവിശ്വസനീയ ബാറ്റിങ്ങാണ് ശ്രേയസ്സ് കാഴ്ചവെച്ചത്. അദ്ദേഹം സമ്മർദത്തിന് കീഴ്പ്പെടുന്നില്ല. 350ഉം 390ഉം തമ്മിലുള്ള വ്യത്യാസം ശ്രേയസ്സാണ്. ഇന്ത്യൻ സ്കോർ 350ൽ ഒതുങ്ങിയിരുന്നെങ്കിൽ ഇന്ത്യക്കുണ്ടാകുമായിരുന്ന സമ്മർദം എത്രമാത്രമായിരിക്കുമെന്ന് ഒന്ന് ചിന്തിച്ചുനോക്കൂവെന്നും ഗംഭീർ കൂട്ടിച്ചേർത്തു.
തുടർച്ചയായ രണ്ടാം സെഞ്ച്വറിയാണ് ശ്രേയസ്സ് ന്യൂസിലൻഡിനെതിരെ നേടിയത്. ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ നെതർലൻഡ്സിനെതിരെയും സെഞ്ച്വറി നേടിയിരുന്നു. ഫൈനലിലും താരം മികച്ച പ്രകടനം നടത്തുമെന്ന വിശ്വാസത്തിലാണ് ഗംഭീർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.