‘കോഹ്ലി നേരിട്ടു, 2007ൽ ദ്രാവിഡും’; ലോകകപ്പിന് മുന്നോടിയായി രോഹിത്തിന് ഗംഭീറിന്‍റെ മുന്നറിയിപ്പ്
text_fieldsഏകദിന ലോകകപ്പ് അടുത്തെത്തി നിൽക്കെ, ഏഷ്യ കപ്പിലെ ഗംഭീര ജയം ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നൽകുന്നതാണ്. ഈ വിജയം രോഹിത് ശർമയെ ഏഷ്യാ കപ്പ് ചരിത്രത്തിലെ ഏറ്റവും വിജയകരമായ നായകന്മാരിലൊരാളാക്കി മാറ്റി.
രോഹിത്ത് നായകനായി ഇത് രണ്ടാം കിരീടമാണ്. നിലവിൽ രോഹിതിന്‍റെ ക്യാപ്റ്റൻസിയിൽ സംശയമില്ലെങ്കിലും ലോകകപ്പിൽ ടീം മോശം പ്രകടനമാണ് കാഴ്ചവെക്കുന്നതെങ്കിൽ കാര്യങ്ങൾ മാറിമറിഞ്ഞേക്കുമെന്ന് മുൻ ഇന്ത്യൻ ഓപ്പണറായ ഗൗതം ഗംഭീർ മുന്നറിയിപ്പ് നൽകുന്നു. ‘നിലവിൽ രോഹിത്തിന്‍റെ ക്യാപ്റ്റൻസിയിൽ ഒരു സംശയവുമില്ല. അദ്ദേഹം അഞ്ചു ഐ.പി.എൽ കിരീടങ്ങൾ നേടി. പലരും ഒരു കിരീടം പോലും നേടിയിട്ടില്ല. അടുത്ത 15 ദിവസങ്ങളിലാണ് അദ്ദേഹം യഥാർഥ പരീക്ഷണം നേരിടാൻ പോകുന്നത്. നിലവിൽ ഡ്രസിങ് റൂമിൽ 15-18 മികച്ച താരങ്ങൾ നിങ്ങൾക്കുണ്ട്. അവർ മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ ചോദ്യങ്ങളുയരും. വിരാട് കോഹ്ലി അത് നേരിട്ടു. 2007ൽ രാഹുൽ ദ്രാവിഡും അതിനെ അഭിമുഖീകരിച്ചു. 2023ൽ ഇന്ത്യക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനായില്ലെങ്കിൽ രോഹിത്തിന്‍റെ ക്യാപ്റ്റൻസിയിൽ ചോദ്യങ്ങൾ ഉയരും. എന്നാലും ഈ ടീമിന് ലോകകപ്പ് ഫൈനലിലെത്താനുള്ള എല്ലാ കഴിവുമുണ്ട്’ -ഗംഭീർ സ്റ്റാർ സ്പോർട്സിനോട് പ്രതികരിച്ചു.
എട്ടാം തവണയാണ് ഇന്ത്യ ഏഷ്യാ കപ്പ് കിരീടം നേടുന്നത്. ബൗളർമാരുടെയും ബാറ്റർമാരുടെയും പ്രകടനത്തിൽ രോഹിത്തും പൂർണ തൃപ്തനാണ്. ഇവിടെ വന്ന് ഇതുപോലൊരു ടൂർണമെന്‍റ് വിജയിക്കാനായത് ഞങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകുന്നതായി രോഹിത് മത്സരശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.