ഗില്ലിനും സിറാജിനും അരങ്ങേറ്റം; അടിമുടി മാറ്റത്തോടെ ബോക്സിങ് ഡേ ടെസ്റ്റിനിറങ്ങാൻ ഇന്ത്യ
text_fieldsമെൽബൺ: അഡ്ലെയ്ഡിൽ ഓസീസ് പേസ് അറ്റാക്കിന് മുന്നിൽ മുട്ട്വിറച്ച് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ ബോർഡർ -ഗവാസ്കർ ട്രോഫിയിൽ ഒപ്പമെത്താനായി ഒരുപിടി മാറ്റങ്ങളോടെ ബോക്സിങ് ഡേ ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു.
നായകനും സ്റ്റാർ ബാറ്റ്സ്മാനുമായ വിരാട് കോഹ്ലിയുടെ അഭാവത്തിൽ ഇന്ത്യ ശുഭ്മാൻ ഗില്ലിനും മുഹമ്മദ് സിറാജിനും അരങ്ങേറ്റത്തിന് അവസരമൊരുക്കും. രവീന്ദ്ര ജദേജയും ഋഷഭ് പന്തും ടീമിലേക്ക് മടങ്ങിയെത്തിയപ്പോൾ അഡ്ലെയ്ഡിൽ പരാജയമായ വൃദ്ധിമാൻ സാഹയെയും പൃഥ്വി ഷായെയും പുറത്തിരുത്തും. പരിക്കേറ്റ മുഹമ്മദ് ഷമിയുടെ സേവനം ഇന്ത്യക്ക് ലഭ്യമാകില്ല.
ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ ശേഷം മൂന്നാം ദിനം ടെസ്റ്റ് ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും ചെറിയ സ്കോറായ 36/9ന് പുറത്തായ ഇന്ത്യ എട്ട് വിക്കറ്റിനാണ് പരാജയപ്പെട്ടത്. പിങ്ക് ബാൾ ടെസ്റ്റിൽ മികവ് കാട്ടിയ ആസ്ട്രേലിയ അതേ ടീമിനെ തന്നെയാണ് മെൽബണിലും കളത്തിലിറക്കുന്നതെന്ന് കോച്ച് ജസ്റ്റിൻ ലാംഗർ പറഞ്ഞു.
സീനിയർ പേസർ ഇശാന്ത് ശർമയില്ലാതെ ഡൗൺ അണ്ടറിലെത്തിയ ഇന്ത്യക്ക് രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യുന്നതിനിടെ പരിക്കേറ്റ് പുറത്തായ ഷമിയുടെ അഭാവവും കനത്ത തിരിച്ചടിയാകും. ആദ്യ ടെസ്റ്റിലെ മികവ് ജസ്പ്രീത് ബൂംറയും ഉമേഷ് യാദവും തുടരുമെന്നാകും നായകൻ അജിൻക്യ രഹാനെയുടെ പ്രതീക്ഷ.
കഴിഞ്ഞ തവണ ഓസീസ് സന്ദർശിച്ച വേളയിലാണ് ഇന്ത്യ ആദ്യമായി ബോക്സിങ് ഡേ ടെസ്റ്റിൽ വിജയം കുറിച്ചത്. അതേ ചരിത്രം ആവർത്തിക്കാൻ ഇന്ത്യ ഒരുങ്ങുേമ്പാൾ തുടർ വിജയവുമായി പരമ്പരയിൽ ലീഡ് തുടരാനാണ് ആതിഥേയരുടെ ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.