ഗില്ലിന്റെ പോരാട്ടം പാഴായി; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ആറ് റൺസ് തോൽവി
text_fieldsകൊളംബോ: ഏഷ്യാകപ്പ് സൂപ്പർ ഫോറിലെ അവസാന പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ആറ് റൺസ് തോൽവി. 266 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ശുഭ്മൻ ഗില്ലിന്റെ സെഞ്ച്വറിയുടെ കരുത്തിൽ വിജയത്തോടടുത്തെങ്കിലും ഒരു പന്ത് ശേഷിക്കെ 259 റൺസിന് പുറത്താകുകയായിരുന്നു.
അവസാന ഓവറിൽ ഒരു വിക്കറ്റ് ശേഷിക്കെ ആറ് പന്തിൽ 12 റൺസായിരുന്നു ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ, ആദ്യ മൂന്ന് പന്തിലും മുഹമ്മദ് ഷമിക്ക് റൺസെടുക്കാനായില്ല. നാലാം പന്ത് ഫോറടിച്ച് ഷമി പ്രതീക്ഷ നൽകിയെങ്കിലും അഞ്ചാം പന്തിൽ രണ്ട് റൺസ് ഓടിയെടുക്കാനുള്ള ശ്രമത്തിനിടെ റണ്ണൗട്ടാവുകയായിരുന്നു.
കൂട്ടത്തകർച്ചയിലും തകർപ്പൻ സെഞ്ച്വറിയുമായി ഒരറ്റത്ത് പിടിച്ചുനിന്ന ശുഭ്മൻ ഗില്ലിന്റെ പോരാട്ടമാണ് ഇന്ത്യയെ വിജയത്തിനടുത്തെത്തിച്ചത്. 133 പന്ത് നേരിട്ട് അഞ്ച് സിക്സും എട്ട് ഫോറും സഹിതം 121 റൺസ് നേടിയ താരത്തെ മെഹദി ഹസന്റെ പന്തിൽ തൗഹീദ് ഹൃദോയ് പിടികൂടുകയായിരുന്നു. ഇന്ത്യക്കായി അവസാനഘട്ടത്തിൽ അക്സർ പട്ടേലും പൊരുതിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല. 34 പന്തിൽ 42 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.
നേരിട്ട രണ്ടാം പന്തിൽ തന്നെ റൺസൊന്നുമെടുക്കാതെ ക്യാപ്റ്റൻ രോഹിത് ശർമയും ഒമ്പത് പന്തിൽ അഞ്ച് റൺസുമായി അരങ്ങേറ്റക്കാരൻ തിലക് വർമയും മടങ്ങിയതോടെ തന്നെ ഇന്ത്യൻ ക്യാമ്പിൽ ആശങ്ക പരന്നിരുന്നു. ഗില്ലിനൊപ്പം കെ.എൽ രാഹുൽ പിടിച്ചുനിൽക്കാൻ ശ്രമിച്ചത് പ്രതീക്ഷ നൽകി. എന്നാൽ, 39 പന്ത് നേരിട്ട രാഹുൽ 19 റൺസുമായി മടങ്ങി. തുടർന്നെത്തിയ ഇഷാൻ കിഷനും അധികം ആയുസ്സുണ്ടായില്ല. അഞ്ചു റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. 26 റൺസെടുത്ത സൂര്യകുമാർ യാദവിനെ ഷാകിബ് അൽ ഹസനും ഏഴ് റൺസെടുത്ത രവീന്ദ്ര ജദേജയെ മുസ്തഫിസുർ റഹ്മാനും ബൗൾഡാക്കിയതോടെ ഇന്ത്യ ബാക്ക്ഫൂട്ടിലായി. അക്സർ പട്ടേലിനൊപ്പം ഷാർദുൽ താക്കൂർ ചേർന്നതോടെ വീണ്ടും പ്രതീക്ഷ വന്നെങ്കിലും ഷാർദുൽ 11 റൺസെടുത്ത് പുറത്തായി. സ്കോർ ബോർഡിൽ അഞ്ച് റൺസ് കൂടി ചേർത്തപ്പോഴേക്കും ഒമ്പതാമനായി അക്സർ പട്ടേലും കീഴടങ്ങി. അവസാന ഓവറിൽ ഷമിയിൽ പ്രതീക്ഷയർപ്പിച്ചെങ്കിലും ആറ് പന്തിൽ അത്രയും റൺസെടുത്ത താരം റണ്ണൗട്ടായി മടങ്ങിയതോടെ പരാജയം പൂർത്തിയായി. പ്രസിദ്ധ് കൃഷ്ണ റൺസൊന്നുമെടുക്കാതെ പുറത്താവാതെ നിന്നു.
നേരത്തെ 85 പന്തിൽ 80 റൺസടിച്ച ക്യാപ്റ്റൻ ഷാകിബ് അൽ ഹസന്റെയും 81 പന്തിൽ 54 റൺസ് നേടിയ തൗഹിദ് ഹസന്റെയും അർധസെഞ്ച്വറികളും നസൂം അഹ്മദിന്റെ പ്രകടനവുമാണ് (45 പന്തിൽ 44) ബംഗ്ലാദേശിനെ എട്ടിന് 265 റൺസ് എന്ന നിലയിൽ എത്തിച്ചത്. അവസാന ഓവറുകളിൽ മെഹ്ദി ഹസനും (23 പന്തിൽ പുറത്താവാതെ 29), തൻസീം ഹസൻ ശാകിബും (എട്ട് പന്തിൽ പുറത്താവാതെ 14) നടത്തിയ വെടിക്കെട്ടും നിർണായകമായി. തുടക്കത്തിലേ നാല് മുൻനിര ബാറ്റർമാർ പവലിയനിലേക്ക് മടങ്ങിയപ്പോൾ അഞ്ചാം വിക്കറ്റിൽ ഷാകിബും തൗഹീദും ചേർന്ന് 115 പന്തിൽ നേടിയ 101 റൺസാണ് ബംഗ്ലാദേശിനെ കരകയറ്റിയത്. ഷാകിബിനെ ഷാർദുൽ ഠാക്കൂർ ക്ലീൻ ബൗൾഡാക്കിയപ്പോൾ തൗഹീദിനെ മുഹമ്മദ് ഷമിയുടെ പന്തിൽ തിലക് വർമ പിടികൂടുകയായിരുന്നു.
സ്കോർ ബോർഡിൽ 13 റൺസ് ചേർത്തപ്പോഴേക്കും ബംഗ്ലാദേശിന് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. രണ്ട് പന്ത് നേരിട്ട് റൺസൊന്നുമെടുക്കാനാവാതിരുന്ന ലിട്ടൻ ദാസിനെ മുഹമ്മദ് ഷമി ക്ലീൻ ബൗൾഡാക്കുകയായിരുന്നു. 13 റൺസെടുത്ത സഹ ഓപണർ തൻസിദ് ഹസന്റെ സ്റ്റമ്പ് ഷാർദുൽ ഠാക്കൂറും തെറിപ്പിച്ചു. വൈകാതെ നാല് റൺസെടുത്ത അനാമുൽ ഹഖിനെ ഷാർദുൽ രാഹുലിന്റെ കൈയിലും 13 റൺസെടുത്ത മെഹ്ദി ഹസനെ അക്സർ പട്ടേൽ രോഹിതിന്റെ കൈയിലുമെത്തിച്ചതോടെ ബംഗ്ലാദേശ് നാലിന് 59 എന്ന നിലയിലേക്ക് കൂപ്പുകുത്തി. തുടർന്നായിരുന്നു ഷാകിബ്-തൗഹീദ് സഖ്യത്തിന്റെ രക്ഷാപ്രവർത്തനം. ഇന്ത്യക്കായി ഷാർദുൽ ഠാക്കൂർ മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റ് വീഴ്ത്തിയപ്പോൾ അക്സർ പട്ടേലും രവീന്ദ്ര ജദേജയും പ്രസിദ്ധ് കൃഷ്ണയും ഓരോ വിക്കറ്റ് നേടി.
ശ്രീലങ്കക്കെതിരായ മത്സരത്തിൽ കളിച്ച ടീമിൽനിന്ന് ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവർക്ക് ഇന്ത്യ വിശ്രമം നൽകിയപ്പോൾ തിലക് വർമ, സൂര്യകുമാർ യാദവ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി എന്നിവർക്ക് അവസരം ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.