ഗില്ലിന്റേത് വെറുമൊരു സെഞ്ച്വറിയല്ല; വഴിമാറിയത് നിരവധി റെക്കോഡുകൾ
text_fieldsഅഹമ്മദാബാദ്: ഐ.പി.എൽ രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യന്‍സിനെതിരായ തകർപ്പൻ സെഞ്ച്വറിക്ക് പിന്നാലെ ശുഭ്മാൻ ഗില്ലിനെ തേടിയെത്തിയത് നിരവധി റെക്കോഡുകൾ. 60 പന്തില്‍ 10 സിക്സും ഏഴ് ഫോറും സഹിതം 129 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ഗില്ലിന്റെ സെഞ്ച്വറിയുടെ ബലത്തിൽ ഗുജറാത്ത് നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സ് അടിച്ചെടുക്കുകയും 62 റൺസിന്റെ വിജയവുമായി ഫൈനലിലേക്ക് മുന്നേറുകയും ചെയ്തിരുന്നു.
കഴിഞ്ഞ നാല് ഇന്നിങ്സിൽ താരത്തിന്റെ മൂന്നാം സെഞ്ച്വറിയായിരുന്നു ഇത്. തുടർച്ചയായ നാല് ഇന്നിങ്സുകളിലായി 376 റൺസ് ആ ബാറ്റിൽനിന്ന് പിറന്നതോടെ 2016 സീസണിൽ 351 റൺസ് നേടിയ വിരാട് കോഹ്‍ലിയുടെ റെക്കോഡാണ് മറികടന്നത്. ഐ.പി.എല്‍ പ്ലേ ഓഫിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് ഗിൽ സ്വന്തമാക്കിയത്. വീരേന്ദര്‍ സെവാഗ് (122), ഷെയ്ന്‍ വാട്സണ്‍ (പുറത്താവാതെ 117), വൃദ്ധിമാന്‍ സാഹ (പുറത്താവാതെ 115) എന്നിവരാണ് ഗില്ലിന്റെ കൂട്ടനടിയോടെ പിന്നിലായത്. ഐ.പി.എല്ലില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ കൂടിയാണിത്. പുറത്താവാതെ 132 നേടിയ കെ.എല്‍ രാഹുലിന്റെ പേരിലാണ് റെക്കോഡ്. 2020 സീസണില്‍ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയായിരുന്നു രാഹുലിന്റെ വെടിക്കെട്ട്. ഋഷഭ് പന്ത് (പുറത്താവാതെ 128), മുരളി വിജയ് (127) എന്നിവരെയാണ് ഗിൽ മറികടന്നത്.
49 പന്തിൽ സെഞ്ച്വറിയിലെത്തിയതോടെ േപ്ലഓഫിൽ ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടിയ രജത് പാട്ടിദാറിന്റെയും വൃദ്ധിമാൻ സാഹയുടെയും റെക്കോഡിനൊപ്പമെത്തി. 10 സിക്‌സുകൾ നേടിയതോടെ പ്ലേ ഓഫില്‍ ഏറ്റവും കൂടുതൽ സിക്‌സുകള്‍ നേടുന്ന താരമായും ഗില്‍ മാറി. എട്ട് വീതം സിക്‌സുകള്‍ നേടിയ ക്രിസ് ഗെയിൽ, സെവാഗ്, വാട്‌സണ്‍, വൃദ്ധിമാൻ സാഹ എന്നിവരെയാണ് മറികടന്നത്. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളില്‍ നിലവിൽ മൂന്നാമതാണ്. ഒരു മത്സരം ശേഷിക്കെ 851 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്. വിരാട് കോഹ്‍ലി (973), ജോസ് ബട്‌ലര്‍ (863) എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ (4+6) നേടുന്ന നാലാമത്തെ താരം കൂടിയായി ഗില്‍. 111 ബൗണ്ടറികളാണ് ഗില്‍ നേടിയത്. ജോസ് ബട്‌ലര്‍ (128), കോഹ്‍ലി (122), വാര്‍ണര്‍ (119) എന്നിവരാണ് മുന്നിലുള്ളത്. രണ്ടാം വിക്കറ്റിൽ ഗില്‍-സായ് സുദര്‍ശന്‍ സഖ്യം 138 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഇത് പ്ലേ ഓഫിലെ ഏറ്റവും മികച്ച മൂന്നാമത്തെ കൂട്ടുകെട്ടാണ്. മൈക്കല്‍ ഹസി-മുരളി വിജയ് (159), ഹസി-സുരേഷ് റെയ്‌ന (പുറത്താവാതെ 140) സഖ്യങ്ങളാണ് മുന്നില്‍. ഒരു സീസണില്‍ മൂന്നോ അതിലധികമോ സെഞ്ച്വറികള്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും ഗില്ലിനാണ്. 2016ല്‍ നാല് സെഞ്ച്വറികള്‍ നേടിയ വിരാട് കോഹ്‍ലിയാണ് ഒന്നാമത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.