ഇന്ത്യ വരുന്നില്ലെങ്കിൽ പാകിസ്താന് രണ്ടു പോയന്റ് നൽകണം; ചാമ്പ്യൻസ് ട്രോഫി അനിശ്ചിതത്വത്തിൽ മുൻ പാക് താരം
text_fieldsഇസ്‍ലാമാബാദ്: ചാമ്പ്യൻസ് ട്രോഫിക്ക് വേദിയാകുന്ന പാകിസ്താനിൽ കളിക്കാൻ ഇന്ത്യൻ ടീം വരുന്നില്ലെങ്കിൽ, ആതിഥേയ ടീമിന് രണ്ടു പോയന്‍റ് അനുവദിക്കണമെന്ന് മുൻ പാക് താരം ബാസിത് അലി. ടൂർണമെന്‍റ് ഹൈബ്രിഡ് മോഡലിൽ നടക്കുകയാണെങ്കിൽ പാകിസ്താൻ അവരുടെ മത്സരങ്ങൾ സ്വന്തം മണ്ണിൽ കളിക്കണമെന്നും ഇന്ത്യ വരാൻ വിസമ്മതിക്കുന്ന പക്ഷം ആതിഥേയ രാജ്യത്തിന് രണ്ടു പോയന്‍റ് അനുവദിക്കണമെന്നുമാണ് താരത്തിന്‍റെ ആവശ്യം.
1996 ഏകദിന ലോകകപ്പിന്‍റെ ആതിഥ്യ രാജ്യങ്ങളിലൊന്നായ ശ്രീലങ്കയിൽ കളിക്കാൻ വെസ്റ്റിൻഡീസും ആസ്ട്രേലിയയും വിസമ്മതിച്ചതിനെ തുടർന്ന് ലങ്കക്ക് അന്ന് രണ്ടു പോയന്റ് വീതം അനുവദിച്ചിരുന്നു. ഇക്കാര്യം ഓർമിപ്പിച്ചാണ് ബാസിത് അലിയുടെ പരാമർശം. ലങ്കക്കൊപ്പം ഇന്ത്യയും പാകിസ്താനും സംയുക്ത വേദിയായ ആ ലോകകപ്പിൽ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിൻഡീസും ഓസീസും കളിക്കാൻ വിസമ്മതിച്ചത്.
ടൂർണമെന്‍റിന് മൂന്നാഴ്ച മുമ്പാണ് എൽ.ടി.ടി.ഇ കൊളംബോ സെൻട്രൽ ബാങ്ക് ബോംബിട്ട് തകർത്തത്. 91 പേർ മരിക്കുകയും 1400ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്നാണ് ഇരു രാജ്യങ്ങളും ശ്രീലങ്കയിലേക്ക് പോകാൻ വിസമ്മതിച്ചത്. ഐ.സി.സി ഇടപെട്ടിട്ടും ഫലമില്ലാതെ വന്നതോടെ, രണ്ടു മത്സരങ്ങളും ഉപേക്ഷിച്ച് ലങ്കക്ക് രണ്ട് പോയന്റ് വീതം നൽകിയാണ് പ്രശ്നം പരിഹരിച്ചത്. കളിക്കാതെ തന്നെ നാലു പോയന്റ് ലഭിച്ച ശ്രീലങ്ക ക്വാർട്ടർ ഫൈനലിനു യോഗ്യത നേടി. ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ ഓസീസിനെ തോൽപ്പിച്ച് ലങ്ക കിരീടവും സ്വന്തമാക്കി.
‘വെസ്റ്റിൻഡീസും ആസ്ട്രേലിയയും ശ്രീലങ്കയിലേക്കു പോകാൻ വിസമ്മതിച്ചതിനെ തുടർന്ന് 1996ലെ ലോകകപ്പിൽ ലങ്കക്ക് രണ്ടു പോയന്റ് വീതം നൽകിയത് ഓർമയുണ്ടോ? പാകിസ്താനെയും ഇന്ത്യയെയും രണ്ട് ഗ്രൂപ്പുകളിലാക്കാൻ ആവശ്യപ്പെട്ടാലും ഐ.സി.സി വിസമ്മതിക്കും. ഇന്ത്യയും പാകിസ്താനും എപ്പോഴും ഒരേ പൂളിലായിരിക്കും, കാരണം പണത്തിനാണ് മുൻതൂക്കം’ -ബാസിത് അലി തന്‍റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
ഇന്ത്യ പാകിസ്താനിലേക്ക് വരാതിരിക്കുകയും ചാമ്പ്യൻസ് ട്രോഫി ഹൈബ്രിഡ് മോഡലിലേക്ക് മാറ്റുകയും ചെയ്താൽ പാകിസ്താന് രണ്ടു പോയന്റ് നൽകണം. മുമ്പ് ഇങ്ങനെ ചെയ്തിട്ടുണ്ടല്ലോ എന്നും അത് ഇനിയും ആകാമെന്നും താരം കൂട്ടിച്ചേർത്തു. ടൂർണമെന്‍റിലെ എല്ലാ മത്സരങ്ങളും സ്വന്തം നാട്ടിൽ മാത്രമേ കളിക്കൂവെന്ന് പാകിസ്താൻ നിർബന്ധം പിടിക്കണമെന്നും ടൂർണമെന്‍റ് ബഹിഷ്കരിച്ചാലും പാകിസ്താനെ വിലക്കാനുള്ള ധൈര്യം ഐ.സി.സിക്കില്ലെന്നും ബാസിത് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.