‘ലോകകപ്പിൽ നിങ്ങളുടെ കഴിവ് ലോകത്തിന് കാണിച്ചുകൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു’; സഞ്ജുവിന് പിന്തുണയുമായി ഗംഭീർ
text_fieldsകൊൽക്കത്ത: അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറി 10 വർഷത്തിന് ശേഷം ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയ മലയാളി താരം സഞ്ജു സാംസണ് പിന്തുണയുമായി മുൻ ഇന്ത്യൻ താരവും ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മെന്ററുമായ ഗൗതം ഗംഭീർ. ഐ.പി.എല്ലിലെ മികച്ച പ്രകടനം എടുത്തുപറഞ്ഞ അദ്ദേഹം, തന്റെ കഴിവെന്തെന്ന് സഞ്ജു ലോകത്തിന് കാണിച്ചുകൊടുക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചു.
‘നിങ്ങൾക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാനും ഐ.പി.എല്ലിൽ മികച്ച പ്രകടനം നടത്താനുമായി. ഇപ്പോൾ ലോകകപ്പ് കളിക്കാനുള്ള അവസരവും ലഭിച്ചിരിക്കുന്നു. അതിനാൽ, ഈ ഘട്ടത്തിൽ തന്റെ കഴിവെന്തെന്ന് സഞ്ജു ലോകത്തിന് കാണിച്ചുകൊടുക്കുമെന്ന് പ്രതീക്ഷിക്കാം. ലോകകപ്പ് പോലുള്ള അന്താരാഷ്ട്ര ടൂർണമെന്റുകളിൽ മികച്ച പ്രകടനം പുറത്തെടുത്താൽ ലോകം മുഴുവൻ അത് കാണുകയും നിങ്ങളെ ശ്രദ്ധിക്കുകയും ചെയ്യും. അവസരം ലഭിച്ചാൽ ഇന്ത്യക്കായി മത്സരങ്ങൾ ജയിച്ചുതുടങ്ങാനുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് പരിചയം നിങ്ങൾക്കുണ്ട്, നിങ്ങൾ ഒരു തുടക്കക്കാരനല്ല’ -ഗംഭീർ പറഞ്ഞു.
2012 ഐ.പി.എൽ സീസണിൽ ഗംഭീറിന്റെ നേതൃത്വത്തിൽ കൊൽക്കത്ത ജേതാക്കളാകുമ്പോൾ സഞ്ജു ടീമിനൊപ്പം ഉണ്ടായിരുന്നെങ്കിലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെ േപ്ലഓഫിലേക്ക് നയിച്ച സഞ്ജു മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 13 മത്സരങ്ങളിൽ 504 റൺസാണ് താരത്തിന്റെ സമ്പാദ്യം. വിരാട് കോഹ്‍ലി, ഋതുരാജ് ഗെയ്ക്‍വാദ്, ട്രാവിസ് ഹെഡ്, റിയാൻ പരാഗ്, സായ് സുദർശൻ എന്നിവർ മാത്രമാണ് റൺവേട്ടയിൽ സഞ്ജുവിന് മുമ്പിലുള്ളത്. അഞ്ച് അർധ സെഞ്ച്വറികൾ നേടിയ താരത്തിന്റെ ശരാശരി 56 ആണ്. 156 സ്‌ട്രൈക്ക് റേറ്റുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.