ബിഗ് ബാഷിൽ 'ബിഗ് ഷോ'യുമായി മാക്സ്വെൽ; പിറന്നത് റെക്കോർഡുകൾ -വിഡിയോ
text_fieldsബാറ്റുകൊണ്ട് വീണ്ടും സംഹാര താണ്ഡവമാടി ആസ്ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്സ്മാനായ ഗ്ലെൻ മാക്സ്വെൽ. ഇത്തവണ ബിഗ് ബാഷ് ലീഗിലായിരുന്നു വെടിക്കെട്ട്. ഹൊബാർട്ട് ഹുറികെയ്‌സിനെതിരായ മത്സരത്തിൽ മെൽബൺ സ്റ്റാഴ്സ് നായകനായ മാക്സ്വെൽ 64 പന്തുകളിൽ 154 റൺസാണ് അടിച്ചെടുത്ത്.
ബിഗ് ബാഷ് ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിഗത സ്കോറും ലീഗിലെ രണ്ടാമത്തെ വേഗതയേറിയ സെഞ്ച്വറിയുമാണ് ഇന്നലെ മാക്സ്വെൽ കുറിച്ചത്. ആദ്യമായാണ് ഒരാൾ ബി.ബി.എല്ലിൽ 150 റൺസ് കടക്കുന്നത്. ആസ്ട്രേലിയൻ താരമായ മാർകസ് സ്റ്റോയ്നിസിെൻറ 147 റൺസെന്ന റെക്കോർഡാണ് സഹതാരമായ മാക്സ്വെൽ തകർത്തത്. വെറും 41 പന്തുകളിലാണ് താരം സെഞ്ച്വറി കുറിച്ചത്. അതിൽ മൂന്ന് കൂറ്റൻ സിക്സറുകളും 13 ബൗണ്ടറികളും ഉൾപ്പെടും.
ട്വൻറി ട്വൻറി ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്കോറും ഇന്നലെ പിറന്നു. രണ്ട് വിക്കറ്റ് നഷ്ടത്തിൽ മെൽബൺ സ്റ്റാഴ്സ് 273 ആണ് അടിച്ചെടുത്തത്. മാക്‌സ്‌വെല്ലും സ്റ്റോയ്‌നിസും പുറത്താകാതെ 132 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ബിഗ് ബാഷ് ലീഗ് ചരിത്രത്തിലെയും ഏറ്റവും വലിയ ടീം സ്കോർ കൂടിയാണിത്. ഇരുവരും ചേർന്ന് 10 സിക്സറുകളും 26 ബൗണ്ടറികളുമാണ് അടിച്ചുകൂട്ടിയത്.
ടീമിന് വേണ്ടി പൊതുവെ മധ്യനിരയിൽ കളിക്കുന്ന 'ബിഗ് ഷോ', വിജയം അനിവാര്യമായ സാഹചര്യമായതിനാൽ ഹൊബാർട്ട് ഹുറികെയ്‌നിനെതിരെ ഒാപണറായി കയറുകയായിരുന്നു. ആദ്യ പന്ത് മുതലേ ആക്രമണം തുടങ്ങിയ താരം 20 പന്തുകളിൽ തന്നെ അർധ സെഞ്ച്വറി കുറിച്ചിരുന്നു. സ്റ്റോയിനിസ് 23 പന്തുകളിലാണ് ഫിഫ്റ്റിയടിച്ചത്. താരം 31 പന്തുകളിൽ 75 റൺസടിച്ചു. നാല് ബൗണ്ടറികളും ആറ് സിക്സറുകളുമാണ് സ്റ്റോയിനിസിെൻറ ബാറ്റിൽ നിന്ന് പിറന്നത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹുറികെയ്ൻസിന് ആറ് വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് മാത്രമാണ് എടുക്കാനായത്. അതോടെ 106 റൺസിെൻറ കൂറ്റൻ വിജയം മെൽബൺ ടീമിെൻറ പേരിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.