ഗോൾഫ് കാർട്ടിൽ ഓടിക്കയറവെ കാൽതെന്നി വീണ് മാക്സ്‌വെല്ലിന് പരിക്ക്; ആസ്ട്രേലിയക്ക് കനത്ത തിരിച്ചടി
text_fieldsഅഹമ്മദാബാദ്: ആസ്ട്രേലിയക്ക് കനത്ത തിരിച്ചടിയായി ഗ്ലെൻ മാക്സ്‌വെലിന് വീണ്ടും പരിക്ക്. ഗോൾഫ് കളിച്ച് മടങ്ങുന്നതിനിടെ കാൽതെറ്റി വീഴുകയായിരുന്നു. തലക്ക് പരിക്കേറ്റ താരത്തിന് ശനിയാഴ്ച ഇംഗ്ലണ്ടിനെതിരായ നിർണായക മത്സരത്തിൽ കളിക്കാനാവില്ലെന്ന് ടീം ഹെഡ് കോച്ച് ആൻഡ്രൂ മക്‌ഡൊണാൾഡ് അറിയിച്ചു.
എന്നാൽ സ്ക്വാഡിൽ മാറ്റമില്ലെന്നും പ്രോട്ടോക്കോൾ പ്രകാരം ആറു മുതൽ എട്ടു ദിവസം വരെ മാക്സ്‌വെലിന് വിശ്രമം അനുവദിക്കുമെന്നും കോച്ച് വ്യക്തമാക്കി.
ഗോൾഫ് കളിച്ച് മടങ്ങവെ ടീമിന്റെ ബസിൽ കയറുന്നതിനായി ഗോൾഫ് കാർട്ടിലേക്ക്(ചെറുവാഹനം) ഓടി കയറാൻ ശ്രമിക്കുന്നതിനിടെ കാൽ തെന്നി വീഴുകയായിരുന്നു. വീഴ്ചയിൽ തല നിലത്തിടിച്ചാണ് പരിക്കേറ്റത്.
ന്യൂസിലൻഡിന്റെയും ഇംഗ്ലണ്ടിന്റെയും മത്സരങ്ങൾക്കിടയിൽ ഒരാഴ്ചത്തെ ഇടവേള ലഭിച്ചതോടെയാണ് കളിക്കാർ ഗോൾ കളിക്കാനായി ഇറങ്ങിയത്.
സെമി ഫൈനൽ പ്രതീക്ഷയുമായി മുന്നേറുന്ന ടീമിന് മാക്സ്‌വെല്ലിന്റെ അഭാവം വൻ തിരിച്ചടിയാകും. കഴിഞ്ഞ മത്സരത്തിൽ നെതർലാൻഡിനെതിരെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി (40 പന്തിൽ) നേടിയ മാക്സി മികച്ച ഫോമിലാണ്. മികച്ച സ്പിന്നർ കൂടിയായ താരത്തിന്റെ ഒഴിവിലേക്ക് മാർക്കസ് സ്റ്റോയിനിസിനേയോ കാമറൂൺ ഗ്രീനെയോ പരീക്ഷിക്കാനാണ് സാധ്യത.
ഒരു വർഷത്തിനുള്ളിൽ മാക്‌സ്‌വെല്ലിന്റെ രണ്ടാമത്തെ പരിക്കാണിത്. മെൽബണിൽ ഒരു ജന്മദിന ആഘോഷത്തിനിടെയാണ് കാലിന് ഒടിവുണ്ടായത്. ആ തിരിച്ചടിയിൽ നിന്ന് കരകയറുന്നതിനിടെയാണ് വീണ്ടും അപകടം സംഭവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.