‘‘നിങ്ങൾക്ക് ഫാഷൻ ഷോക്ക് പോയ്ക്കൂടെ...’’- സർഫറാസിനെ അവഗണിക്കുന്ന സെലക്ടർമാർക്കെതിരെ ആഞ്ഞടിച്ച് ഗവാസ്കർ
text_fieldsരഞ്ജിയിൽ തുടർച്ചയായ വെടിക്കെട്ടുകളുമായി ആഭ്യന്തര ക്രിക്കറ്റിൽ മിന്നുംതാരമായി തുടരുന്ന സർഫറാസ് ഖാനെ ഇനിയും ദേശീയ ടീമിലെത്തിക്കാനാവാത്തതിൽ കടുത്ത അതൃപ്തിയും അരിശവുമറിയിച്ച് മുൻ നായകൻ സുനിൽ ഗവാസ്കർ. ഏറ്റവുമൊടുവിലെ കളിയിലും സെഞ്ച്വറി നേട്ടവുമായി മുംബൈ ബാറ്റിങ്ങിന്റെ നട്ടെല്ലായി തുടരുന്ന താരത്തെ അവഗണിക്കുന്ന ചേതൻ ശർമയുടെ നേതൃത്വത്തിലുള്ള സെലക്ടർമാർ ഇതിലും നല്ലത് ഫാഷൻ ഷോക്ക് പോകുന്നതാണെന്ന് ഗവാസ്കർ കുറ്റപ്പെടുത്തി.
‘‘സെഞ്ച്വറിത്തിളക്കവുമായി നിൽക്കുന്ന അയാൾ കളത്തിനു പുറത്തല്ല. വീണ്ടും വീണ്ടും താരം മൈതാനത്തെത്തുന്നു. അയാൾ ക്രിക്കറ്റ് കളിക്കാൻ തികഞ്ഞവനാണെന്ന് ഇതൊക്കെയും പറയുന്നു. മെലിഞ്ഞ, വടിവൊത്തവരെ മാത്രമാണ് വേണ്ടതെങ്കിൽ ഫാഷൻ ഷോക്ക് പോകുന്നതാണ് നല്ലത്. കുറച്ചു മോഡലുകളെ തെരഞ്ഞുപിടിച്ച് അവരെ ബാറ്റ് ഏൽപിക്കണം. അവരുടെ കൈക്ക് പാകമായി പന്തെറിഞ്ഞുകൊടുക്കുകയും വേണം. എന്നിട്ട് ടീമിലെടുക്കാം. ക്രിക്കറ്റർമാർ എല്ലാ രൂപത്തിലും വലിപ്പത്തിലുമുണ്ടാകും. വലിപ്പം നോക്കി പ്രശ്നമാക്കരുത്. റൺസും വിക്കറ്റുമാണ് പരിഗണിക്കേണ്ടത്’’- ഗവാസ്കർ പറഞ്ഞു.
ആസ്ട്രേലിയക്കെതിരായ ടീമിൽ ഇടം ലഭിക്കാത്തതിനെ തുടർന്ന് താൻ കരഞ്ഞിരുന്നതായി നേരത്തെ സർഫറാസ് പറഞ്ഞിരുന്നു. പിതാവാണ് അന്ന് തുണയായത്. അതോടെ, വീണ്ടും പരിശീലനം ആരംഭിച്ചു. നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾക്കുള്ള ടീമാണ് പ്രഖ്യാപിച്ചത്. ഇനിയുള്ള രണ്ടു കളികൾക്കു കൂടി ടീമിനെ പ്രഖ്യാപിക്കാനുണ്ട്.
ടെസ്റ്റ് ബാറ്റിങ് ശരാശരിയിൽ ഇതിഹാസതാരം ഡോൺ ബ്രാഡ്മാൻ മാത്രമാണ് സർഫറാസ് ഖാന് മുന്നിലുള്ളത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 82.83 ആണ് താരത്തിന്റെ ബാറ്റിങ് ശരാശരി. ബ്രാഡ്മാന്റെത് 95.14ഉം.
തുടർച്ചയായ രഞ്ജി ട്രോഫി സീസണുകളിൽ 900നു മുകളിൽ റൺ എടുത്ത താരമാണ്. കഴിഞ്ഞ സീസണിൽ 928 റൺസ് സ്വന്തമാക്കിയ താരം ഈ സീസണിൽ ഇതുവരെ 937 റൺസ് നേടിയിട്ടുണ്ട്. മുമ്പ് അജയ് ശർമയും വസീം ജാഫറുമാണ് രഞ്ജിയിൽ ഒന്നിലേറെ സീസണിൽ 900നു മുകളിൽ റൺസ് നേടിയവർ.
രോഹിത് നായകനും കെ.എൽ രാഹുൽ ഉപനായകനുമായ ടെസ്റ്റ് ടീമിൽ ശുഭ്മാൻ ഗിൽ, പൂജാര, കോഹ്‍ലി, ശ്രേയസ് അയ്യർ, കെ.എസ് ഭരത്, ഇശാൻ കിഷൻ, ആർ. അശ്വിൻ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്ദേവ് ഉനദ്കട്ട്, സൂര്യകുമാർ യാദവ് എന്നിവരാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.