‘പൃഥ്വി ഷായുടെ ശത്രു അദ്ദേഹം തന്നെ, ദൈവം കഴിവു നൽകിയിട്ടു മാത്രം കാര്യമില്ല’; 10 കിലോ ഭാരം കുറക്കണമെന്നും മുൻ കോച്ച്
text_fieldsമുംബൈ: ഇടക്കാലത്ത് ഇന്ത്യൻ ക്രിക്കറ്റിലെ സെൻസേഷനാകുമെന്ന് പ്രതീക്ഷിച്ച താരമാണ് പൃഥ്വി ഷാ. എന്നാൽ സമീപകാലത്ത് താരത്തെ കുറിച്ച് നെഗറ്റിവ് വാർത്തകൾ മാത്രമാണ് വരുന്നത്. ഐ.പി.എൽ ലേലത്തിനു തൊട്ടുമുമ്പ് ഡൽഹി ക്യാപിറ്റൽസ് കൈയൊഴിഞ്ഞ ഷായെ ടീമിലെടുക്കാൻ ഒരു ഫ്രാഞ്ചൈസിയും താൽപര്യം കാണിച്ചില്ല. ഏതാനും വർഷങ്ങൾക്കു മുമ്പ് ഇന്ത്യൻ ടീമിന്‍റെ ഭാവി ഓപണറാകുമെന്ന് പ്രതീക്ഷിച്ചിടത്തു നിന്നാണ് പൃഥി ഷായുടെ പതനം. ഫിറ്റ്നസാണ് താരത്തിന് പ്രധാന വെല്ലുവിളി.
ഇപ്പോൾ പൃഥ്വി ഷായുടെ ശത്രു അദ്ദേഹം തന്നെയാണെന്ന പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും ഡൽഹി ക്യാപിറ്റൽസിൽ പരിശീലകനുമായിരുന്ന പ്രവീൺ ആംറെ. പൃഥ്വി ഷായെ പ്രചോദിപ്പിക്കാൻ ഇനി ആർക്കും സാധിക്കില്ലെന്നും, അദ്ദേഹം സ്വയം പ്രചോദിതനാകണമെന്നും ആംറെ പറഞ്ഞു. ഐപിഎല്‍ മെഗാലേലത്തിൽ 75 ലക്ഷം രൂപയായിരുന്നു പൃഥ്വി ഷായുടെ അടിസ്ഥാന വില. മോശം ഫോമും ഫിറ്റനസ് ഇല്ലായ്മയും കാരണം താരം മുംബൈ ടീമിൽനിന്നും പുറത്തായിരുന്നു.
‘‘പൃഥ്വി ഷാ ശരീര ഭാരം പത്തു കിലോയോളം കുറച്ച് മാച്ച് കളിക്കാൻ ഫിറ്റ് ആകുകയാണു ചെയ്യേണ്ടത്. എന്താണ് ഫിറ്റ്നസ് നിലനിർത്തുന്നതിൽ പൃഥ്വി ഷാക്ക് തടസമാകുന്നത്? അദ്ദേഹത്തിന്റെ കഴിവിൽ ആർക്കും സംശയമില്ല. ദൈവത്തിന്റെ അനുഗ്രഹമുണ്ട്. എന്നാൽ ദൈവം കഴിവു നൽകിയിട്ടു മാത്രം കാര്യമില്ല. പൃഥ്വി ഷായുടെ ശത്രു അദ്ദേഹം തന്നെയാണ്. പൃഥ്വി ഷായെ തിരിച്ചുകൊണ്ടുവരാൻ എല്ലാവരും ശ്രമിച്ചു.
ഇനി ആർക്കും പൃഥ്വി ഷായെ പ്രചോദിപ്പിക്കാൻ സാധിക്കുമെന്ന് എനിക്കു തോന്നുന്നില്ല. അദ്ദേഹം സ്വയം പ്രചോദിതനാകണം. നെറ്റ്സിൽ ക്രിക്കറ്റ് പരിശീലനം നടത്തണം, മുടങ്ങാതെ ജിമ്മിലും വർക്കൗട്ട് ചെയ്യണം. മികച്ച ടൈമിങ്ങിന് പൃഥ്വി ഷാ ഫൂട്ട്‍വർക്ക് കൃത്യമാക്കേണ്ടതുണ്ട്. ശരീരഭാരം കാരണമാണ് അദ്ദേഹത്തിന്റെ നീക്കങ്ങൾ വൈകുന്നത്. അതുകൊണ്ടാണ് പൃഥ്വി ഷാ ഫിറ്റ്നസിൽ ശ്രദ്ധിക്കണമെന്നു ഞാൻ പറയുന്നത്’’ – പ്രവീൺ ആംറെ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.