രോഹനും അക്ഷയ്ക്കും അർധ സെഞ്ച്വറി; രഞ്ജിയിൽ ഹരിയാനക്കെതിരെ കേരളത്തിന് ഭേദപ്പെട്ട തുടക്കം
text_fieldsചണ്ഡിഗഢ്: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ശക്തരായ ഹരിയാനക്കെതിരെ കേരളത്തിന് ഭേദപ്പെട്ട തുടക്കം. കനത്ത മൂടൽമഞ്ഞ് കാരണം ആദ്യ സെഷൻ പൂർണമായും തടസ്സപ്പെട്ട മത്സരത്തിൽ ഒന്നാംദിനം കളി നിർത്തുമ്പോൾ കേരളം 54 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 138 റൺസെടുത്തിട്ടുണ്ട്. രോഹൻ കുന്നുമ്മലിന്‍റെയും അക്ഷയ് ചന്ദ്രന്‍റെയും അർധ സെഞ്ച്വറി പ്രകടനമാണ് കേരളത്തിന് തുണയായത്.
160 പന്തിൽ 51 റൺസുമായി അക്ഷയിയും 58 പന്തിൽ 24 റൺസുമായി സചിൻ ബേബിയുമാണ് ക്രീസിലുള്ളത്. 102 പന്തിൽ 55 റൺസെടുത്താണ് രോഹൻ പുറത്തായത്. ബാബ അപരാജിതാണ് (പൂജ്യം) പുറത്തായ മറ്റൊരു താരം. ഹരിയാനയുടെ ഹോം ഗ്രൗണ്ടായ ലാഹ്‌ലി, ബന്‍സി ലാല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് സ്കോർ ബോർഡിർ റൺ കൂട്ടിചേർക്കുന്നതിനു മുമ്പേ അപരാജിതിന്‍റെ വിക്കറ്റ് നഷ്ടമായി. അന്‍ഷൂല്‍ കാംബോജിന്‍റെ പന്തില്‍ കപില്‍ ഹൂഡയ്ക്ക് ക്യാച്ച് നല്‍കിയാണ് അപരാജിത് മടങ്ങിയത്. പിന്നാലെ അക്ഷയ് ചന്ദ്രനും രോഹന്‍ കുന്നുമ്മലും ചേര്‍ന്ന് ക്രീസിൽ ഒന്നിച്ചു.
രണ്ടാം വിക്കറ്റിൽ 91 റൺസ് കൂട്ടിചേർത്താണ് കൂട്ടുകെട്ട് പിരിയുന്നത്. രോഹനെയും അന്‍ഷുല്‍ കാംബോജ് തന്നെയാണ് പുറത്താക്കിയത്. മൂന്നാം വിക്കറ്റില്‍ അക്ഷയ് ചന്ദ്രന്‍-സചിന്‍ ബേബി സഖ്യം ഇതുവരെ 47 റണ്‍സെടുത്തിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ മൂന്ന് മാറ്റങ്ങളുമായാണ് കേരളം ഹരിയാനക്കെതിരെ കളത്തിലിറങ്ങിയത്. വത്സല്‍ ഗോവിന്ദ്, ആദിത്യ സര്‍വാതെ, കെ.എം. ആസിഫ് എന്നിവര്‍ക്കു പകരം എന്‍.പി. ബേസില്‍, ഷോണ്‍ റോജര്‍, നിതീഷ് എന്നിവര്‍ ടീമിലെത്തി.
ഗ്രൂപ്പ് സിയില്‍ ഹരിയാന ഒന്നാമതും കേരളം രണ്ടാം സ്ഥാനത്തുമാണ്. ഇരു ടീമും നാല് മത്സരങ്ങളില്‍നിന്ന് രണ്ട് വിജയവും രണ്ട് സമനിലയും നേടിയിട്ടുണ്ട്. ഹരിയാനക്കും 19 പോയന്റും കേരളത്തിന് 15 പോയന്‍റും. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടുന്നുവെന്ന പ്രത്യേകതയും മത്സരത്തിനുണ്ട്. തിരുവനന്തപുരം തുമ്പയില്‍ നടന്ന മത്സരത്തില്‍ ഉത്തര്‍പ്രദേശിനെ ഇന്നിങ്‌സിനും 117 റണ്‍സിനുമാണ് കേരളം പരാജയപ്പെടുത്തിയത്.
ഇന്നിങ്‌സ് ജയം കരസ്ഥമാക്കിയതോടെയാണ് കേരളത്തിന്റെ പോയന്റ് നില 15ല്‍ എത്തിയത്. പഞ്ചാബിനെതിരെ 37 റണ്‍സിന്റെ അപ്രതീക്ഷിത ജയം നേടിയതോടെയാണ് ഹരിയാന 19 പോയന്റുമായി ഗ്രൂപ് തലത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.