‘സചിനിൽനിന്ന് ഒരുപാട് ആത്മവിശ്വാസം ലഭിച്ചു, അദ്ദേഹത്തിന് നന്ദി’; സെഞ്ച്വറി നേടിയ അഫ്ഗാൻ താരം
text_fieldsമുംബൈ: ഇന്ത്യയുടെ ഇതിഹാസ താരം സചിൻ ടെണ്ടുൽക്കറിൽനിന്ന് ഒരുപാട് ആത്മവിശ്വാസം ലഭിച്ചെന്ന് ആസ്ട്രേലിയക്കെതിരെ തകർപ്പൻ അപരാജിത സെഞ്ച്വറി നേടി താരമായ അഫ്ഗാനിസ്താന്റെ 21കാരൻ ഇബ്രാഹിം സദ്റാൻ. സെഞ്ച്വറി നേടിയ ശേഷമുള്ള പ്രതികരണത്തിലാണ് സചിനുമായുള്ള സംസാരം തനിക്ക് എത്രമാത്രം സഹായകമായെന്ന് താരം വെളിപ്പെടുത്തിയത്.
‘ഞാൻ സചിൻ സാറുമായി ഇന്നലെ സംഭാഷണം നടത്തിയിരുന്നു. അദ്ദേഹം ഒരുപാട് അനുഭവങ്ങൾ പങ്കുവെച്ചു. അത് എന്നെ വളരെയധികം സഹായിച്ചു, ഒരുപാട് ആത്മവിശ്വാസം ആ സംഭാഷണത്തിൽനിന്ന് ലഭിച്ചു. അദ്ദേഹത്തിന് നന്ദി’, എന്നിങ്ങനെയായിരുന്നു സദ്റാന്റെ പ്രതികരണം.
ലോകകപ്പിൽ അഫ്ഗാനിസ്താന് വേണ്ടി സെഞ്ച്വറി നേടുന്ന ആദ്യ താരമായി ചരിത്രം കുറിച്ച സദ്റാൻ 143 പന്തിൽ മൂന്ന് സിക്സും എട്ട് ഫോറുമടക്കം പുറത്താവാതെ 129 റൺസാണെടുത്തത്. രാജ്യത്തിന് വേണ്ടി ഇറങ്ങിയ 26ാം ഏകദിനത്തിൽ അഞ്ചാം സെഞ്ച്വറി നേടിയ സദ്റാന്റെ ബാറ്റിങ് മികവിൽ ആസ്ട്രേലിയക്കെതിരെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ അഫ്ഗാനിസ്താൻ 291 റൺസെന്ന മികച്ച സ്കോറിലെത്തുകയും ചെയ്തു. അഞ്ച് തവണ ചാമ്പ്യന്മാരായ ഓസീസിനെതിരെ അവസാന അഞ്ചോവറിൽ 64 റൺസാണ് അഫ്ഗാൻ അടിച്ചുകൂട്ടിയത്.
ലോകകപ്പിൽ അവിശ്വസനീയ പ്രകടനം നടത്തുന്ന അഫ്ഗാൻ താരങ്ങളെ നേരിട്ടുകണ്ട് സചിൻ ടെണ്ടുൽക്കർ അഭിനന്ദനം അറിയിച്ചിരുന്നു. കരുത്തരായ ആസ്ട്രേലിയയുമായുള്ള മത്സരത്തിന് തലേന്ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്നതിനിടെയാണ് സചിൻ അഫ്ഗാൻ ടീമിനെ കാണാനെത്തിയത്. ലോകകിരീടം കൈവശമുള്ള മൂന്നു ടീമുകളെ അട്ടിമറിച്ച അഫ്ഗാനിസ്താന് മുന്നിൽ ഇപ്പോഴും സെമി സാധ്യത തുറന്നിരിക്കുന്നുണ്ട്. എന്നാൽ, ഓസീസിന് പിന്നാലെ അടുത്ത മത്സരത്തിലെ എതിരാളികൾ ഇതിനകം സെമി ഉറപ്പിച്ച കരുത്തരായ ദക്ഷിണാഫ്രിക്കയാണ്. നിലവിൽ എട്ടു പോയന്‍റുമായി ആറാം സ്ഥാനത്താണ് അഫ്ഗാൻ. ബംഗ്ലാദേശ്, ഇന്ത്യ, ന്യൂസിലൻഡ് ടീമുകൾക്കെതിരെ തോറ്റെങ്കിലും ഇംഗ്ലണ്ടിനെയും പാകിസ്താനെയും ശ്രീലങ്കയെയും തോൽപിച്ചു. നെതർലൻഡ്സിനെതിരെ അനായാസ ജയം സ്വന്തമാക്കുകയും ചെയ്തു.
ലോകകപ്പ് മത്സരങ്ങളിൽ നേടിയ വിജയങ്ങളിൽ സചിൻ അഫ്ഗാൻ താരങ്ങളെ പ്രശംസിക്കുകയും അവരുമായി സംവദിക്കുകയും ചെയ്തിരുന്നു. താരങ്ങളെ സന്ദർശിക്കുകയും വിലപ്പെട്ട അറിവുകൾ പങ്കുവെക്കുകയും ചെയ്ത സചിന് അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ നന്ദി അറിയിക്കുകയും ചെയ്തിരുന്നു.
‘ഞങ്ങൾക്ക് ഓരോരുത്തർക്കും ഇതൊരു വിലപ്പെട്ട നിമിഷമാണ്. വാംഖഡെയിൽ അദ്ദേഹത്തെ കാണാനും സംസാരിക്കാനും കഴിഞ്ഞത് പ്രത്യേക അനുഭവം തന്നെയാണ്. തീർച്ചയായും ഞങ്ങൾക്കിത് പോസിറ്റീവ് എനർജി നൽകുന്നു. അദ്ദേഹത്തെ കാണുകയെന്നത് ഞങ്ങളുടെ സ്വപ്നം തന്നെയായിരുന്നു’ -റാഷിദ് ഖാൻ അഭിപ്രായപ്പെട്ടു. ഇവിടെ വന്നതിന് സചിനോട് ഒരുപാട് നന്ദി പറയാൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്‍റെ കളി കണ്ടാണ് ഒരുപാട് പേർ ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയത്. സചിൻ അഫ്ഗാനിലെ പലർക്കും ഒരു റോൾ മോഡലാണെന്നും റാഷിദ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.