ക്രിക്കറ്റ് ബോർഡിനെ സർക്കാർ സസ്പെൻഡ് ചെയ്തു; ദക്ഷിണാഫ്രിക്കക്ക് വിലക്ക് ഭീഷണി
text_fieldsജൊഹന്നാസ്ബർഗ്: രാജ്യത്തെ കായിക രംഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സ്പോർട്സ് കോൺഫെഡറേഷൻ ആൻഡ് ഒളിമ്പിക് കമ്മിറ്റി (എസ്.എ.എസ്.സി.ഒ.സി) ക്രിക്കറ്റ് ബോർഡിനെ സസ്പെൻഡ് ചെയ്തതോടെ ദക്ഷിണാഫ്രിക്ക വിലക്ക് ഭീതിയിൽ.
പ്രമുഖ കായിക വെബ്സൈറ്റായ ക്രിക്ബസാണ് ക്രിക്കറ്റ് ബോർഡിനെ എസ്.എ.എസ്.സി.ഒ.സി സസ്പെൻഡ് ചെയ്ത് കായിക രംഗത്തിെൻറ നിയന്ത്രണം ഏറ്റെടുത്ത വിവരം റിപോർട്ട് ചെയ്തത്. ബോർഡിെൻറ കെടുകാര്യസ്ഥതയും സാമ്പത്തിക തിരിമറികളും കാരണമാണ് നടപടിയെന്നാണ് സൂചന.
ക്രിക്കറ്റ് ഭരണത്തിലെ സർക്കാർ ഇടപെടൽ ദക്ഷിണാഫ്രിക്കക്ക് കനത്ത തിരിച്ചടിയാകും. ഐ.സി.സി ചട്ടങ്ങൾ പ്രകാരം ക്രിക്കറ്റ് ബോർഡ് ഭരണത്തിൽ സർക്കാർ ഇടപെടാൻ പാടില്ല. ഇതിനാൽ തന്നെ ദക്ഷിണാഫ്രിക്കക്ക് ഐ.സി.സി വിലക്കിനും സാധ്യതയുണ്ട്. വിലക്ക് വന്നാൽ ദക്ഷിണാഫ്രിക്കക്ക് അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കാൻ സാധിക്കില്ല.
ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിെൻറ നടത്തിപ്പിലെ പ്രശ്നങ്ങളും മറ്റും ഒഴിവാക്കാനാണ് നടപടി സ്വീകരിച്ചതെന്ന് എസ്.എ.എസ്.സി.ഒ.സി സി.ഇ.ഒ രവി ഗോവൻദർ പറഞ്ഞു.
സിംബാബ്വെയുടെ വഴിയേ ദക്ഷിണാഫ്രിക്ക
2019 ഡിസംബർ മുതൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് കനത്ത പ്രതിസന്ധിയിലാണ്. വർണവിവേചനം, ശമ്പള പ്രശ്നങ്ങൾ, അഴിമതി ആരോപണം എന്നിവയാണ് ബോർഡിനെ ഉലച്ചത്.
'മോശം സ്വഭാവത്തിെൻറ' പേരിൽ സി.ഇ.ഒ തബാങ് മോറെ പുറത്തായതോടെയാണ് സംഭവ വികാസങ്ങളുടെ തുടക്കം. സി.ഇ.ഒ ക്രിസ് നെൻസാനിയും ജാക്വസ് ഫാളും ഏെറ വൈകാതെ രാജിവെച്ചതും ഇതിെൻറ തുടർച്ചയായിരുന്നു.
സമീപകാലത്ത് സമാനമായ കുറ്റത്തിന് സിംബാബ്വെ ക്രിക്കറ്റ് അസോസിയേഷനെ ഐ.സി.സി വിലക്കിയിരുന്നു. വിലക്ക് വന്നാൽ ചരിത്രത്തിൽ അത് രണ്ടാം തവണയാകും ദക്ഷിണാഫ്രിക്കക്ക് വിലക്ക് ലഭിക്കുന്നത്. 1970-91കാലയളവിൽ വർണവിവേചന നയത്തിെൻറ ഭാഗമായി ദക്ഷിണാഫ്രിക്ക വിലക്ക് നേരിട്ടിരുന്നു.
ഐ.പി.എല്ലിനെ ബാധിക്കാൻ ഇടയില്ല
ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ വിലക്ക് ഇന്ത്യൻ പ്രീമിയർ ലീഗിലെ പ്രോട്ടിയേസ് താരങ്ങളുടെ പങ്കാളിത്തത്തെ ബാധിക്കുമോ എന്ന കാര്യത്തിൽ തീർച്ചയില്ല. നിലവിലെ സാഹചര്യത്തിൽ ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് ഐ.പി.എൽ കളിക്കാം. വിലക്ക് വന്നാൽ തന്നെ അത് അന്താരാഷ്ട്ര മത്സരങ്ങളിൽ മാത്രമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.