'ടീമിന് വേണ്ടി കളിക്കുന്നവരെയാണ് നിലനിർത്തിയത് വ്യക്തിഗത നേട്ടങ്ങൾക്ക് വേണ്ടി കളിക്കുന്നവരെ വേണ്ട'; രാഹുലിനെ പുറത്താക്കിയതിന് പിന്നാലെ ടീം ഉടമയുടെ വാക്കുകൾ
text_fieldsഐ.പി.എൽ പുതിയ സീസണിലേക്ക് ടീമുകൾ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ടിരുന്നു. ലഖ്നൗ സൂപ്പർജയന്‍റ്സിന്‍റെ നായകൻ കെ.എൽ രാഹുൽ ടീം വിടുമെന്ന വാർത്ത തികച്ചും ശരിയാകുകയായിരുന്നു. തനിക്ക് വ്യക്തിപരമായ കാരണം കൊണ്ടും പ്രൊഫഷണൽ കാരണം കൊണ്ടും ലഖ്നൗവിൽ നിൽക്കാൻ താത്പര്യമില്ലെന്ന് രാഹുൽ നേരത്തെ അറിയിച്ചിരുന്നു.
പട്ടിക പുറത്തുവിട്ടതിന് ശേഷം രാഹുലിനെതിരെ ഒളിയമ്പുമായി എത്തിയിരിക്കുകയാണ് ടീം ഉടമയായ സഞ്ജീവ് ഗോയങ്കെ. കെ.എൽ രാഹുലിന്‍റെ ബാറ്റിങ്ങിനെതിരെ നിരന്തരമുയരുന്ന വിമർശനമാണ് അദ്ദേഹം വ്യക്തിഗത നേട്ടങ്ങൾക്ക് വേണ്ടിയാണ് ബാറ്റ് വീശുന്നതെന്ന്. അത്തരത്തിലുള്ള ഒരു പരാമർശമാണ് ഗോയങ്കെയും ഉന്നയിച്ചത്.
ടീമിൽ നിലനിർത്തിയ താരങ്ങളുടെ പേര് പറഞ്ഞതിന് ശേഷം 'ലഖ്നൗവിന് ആവശ്യം ടീമിന് മുൻഗണന നൽകുന്ന താരങ്ങളെയാണ്,ജയിക്കാനുള്ള ആർജവം കാണിക്കുന്നവരെയാണ് ടീമിന് വേണ്ടത്, വ്യക്തിഗത നേട്ടങ്ങൾക്കും വ്യക്തിഗത ആവശ്യത്തിന് വേണ്ടിയും ടീമിൽ നിൽക്കുന്നവരെ ആവശ്യമില്ല,' എന്നായിരുന്നു ഗോയങ്കെ പറഞ്ഞത്.
കഴിഞ്ഞ വർഷം ഒരു മത്സരത്തിലെ തോൽവിക്ക് ശേഷം രാഹുലിനെ ഗോയങ്കെ വഴക്കുപറയുന്ന വീഡിയോ ഒരുപാട് ചർച്ചയായിരുന്നു. നിക്കോളസ് പുരാൻ, രവി ബിഷ്ണോയ്, മായങ്ക് യാദവ്, ആയുഷ് ബദോനി, മൊഹ്സിൻ ഖാൻ എന്നിവരെയാണ് എൽ.എസ്.ജി നിലനിർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.