ഗ്രഹാം തോർപ്പിന്റെ മരണം ആത്മഹത്യ; കടുത്ത വിഷാദ രോഗം വേട്ടയാടിയെന്ന് ഭാര്യ
text_fieldsലണ്ടൻ: ഇംഗ്ലണ്ട് ക്രിക്കറ്റ് ഇതിഹാസവും പരിശീലകനുമായിരുന്ന ഗ്രഹാം തോർപ്പിന്റെ മരണത്തിൽ പുതിയ വെളിപ്പെടുത്തൽ. കടുത്ത വിഷാദ രോഗം ബാധിച്ച താരം ജീവനൊടുക്കിയതാണെന്ന് ഭാര്യ അമാൻഡ പ്രതികരിച്ചു. കുറച്ച് വർഷങ്ങളായി ഗ്രഹാം വിഷാദത്തിന് ചികിത്സയിലായിരുന്നു. രണ്ടുവർഷം മുൻപ് ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ച് അതീവ ഗുരുതരമായ അവസ്ഥയിൽ നിന്ന് തിരിച്ചുവന്നതാണ്. തുടർന്നുണ്ടായ ചികിത്സകൾക്കൊന്നും അദ്ദേഹത്തെ പഴയ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനിയില്ലെന്നും അമാൻഡ ദി ടൈസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
"പ്രതീക്ഷകൾ ഉണ്ടായിരുന്നു, വിഷാദവും ഉത്കണ്ഠയും വല്ലാതെ പിടിമുറുക്കിയിരുന്നു. ഞങ്ങൾ അദ്ദേഹത്തെ ഒരു കുടുംബമെന്ന നിലയിൽ പിന്തുണച്ചു, നിരവധി ചികിത്സകൾ പരീക്ഷിച്ചു, പക്ഷേ നിർഭാഗ്യവശാൽ അവയൊന്നും ഫലം കണ്ടില്ല. കളിക്കളത്തിൽ മാനസികമായും ശാരീരികമായും കരുത്തനായിരുന്നു ഗ്രഹാം. എന്നാൽ, മാനസികരോഗം ഒരു യാഥാർത്യമാണ്, അത് ആരെയും ബാധിക്കും. ഭാര്യയും രണ്ടു പെൺമക്കളും സ്നേഹം വേണ്ടുവോളം നൽകിയിട്ടും തിരിച്ചുകൊണ്ടുവരാനായില്ല."-അമാൻഡ പറഞ്ഞു.
54കാരനായ ഗ്രഹാം തോർപ്പ് ആഗസ്റ്റ് അഞ്ചിനാണ് മരണപ്പെട്ടത്. 1993നും 2005നും ഇടയിൽ ഇംഗ്ലണ്ടിനായി 100 ടെസ്റ്റുകളും 82 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ഇടങ്കൈയൻ ബാറ്ററായ താരം 16 സെഞ്ച്വറികൾ ഉൾപ്പെടെ ടെസ്റ്റിൽ 6,744 റൺസാണ് നേടിയത്. 44.66 ആണ് ശരാശരി. കൗണ്ടി ടീം സറേയുടെ താരമായിരുന്ന തോർപ്പ് തന്‍റെ തലമുറയിലെ ഏറ്റവും മികച്ച ഇംഗ്ലീഷ് കളിക്കാരിൽ ഒരാളായാണ് അറിയപ്പെടുന്നത്. ഇംഗ്ലണ്ടിന്‍റെ പല വിജയങ്ങളിലും താരം നിർണായക പങ്ക് വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.