ഗ്രാൻഡ് ഓപണിങ്
text_fieldsഇന്ദോർ: രണ്ടാഴ്ച മുമ്പ് ശ്രീലങ്കക്കെതിരായ ഒന്നാം ഏകദിനത്തലേന്ന് പതിവിൽനിന്ന് വിഭിന്നമായി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ പിറ്റേന്നത്തെ ഇലവനെക്കുറിച്ച് ചില കാര്യങ്ങൾ തുറന്നുപറഞ്ഞു. തൊട്ടുമുമ്പ് നടന്ന ബംഗ്ലാദേശ് പരമ്പരയിൽ ഇരട്ട ശതകം നേടിയ ഇഷാൻ കിഷനെക്കുറിച്ചായിരുന്നു അതിൽ പ്രധാന പരാമർശം.
ലങ്കക്കെതിരെ ഇഷാന് അവസരമുണ്ടാവില്ലെന്ന് ക്യാപ്റ്റൻ വ്യക്തമാക്കി. ശുഭ്മൻ ഗില്ലിനെയായിരിക്കും കളിപ്പിക്കുകയെന്നും രോഹിത് അറിയിച്ചു. മധ്യനിരയിൽ ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ തുടങ്ങിയവരുള്ളതിനാൽ അവിടെയും ഇറക്കാനാവില്ലെന്നതിനാലായിരുന്നു പുറത്തിരിക്കേണ്ടിവരുമെന്നുതന്നെ പറഞ്ഞത്.
അത്തരമൊരു സാഹസത്തിന് മുതിർന്ന ടീം മാനേജ്മെന്റിന്റെ തീരുമാനം ശരിവെക്കുന്ന കാര്യങ്ങളാണ് പിന്നീട് സംഭവിച്ചത്. കുറേക്കാലമായി ഏകദിനത്തിൽ ഇന്ത്യയുടെ സ്ഥിരം ഓപണറായ ശിഖർ ധവാൻ കരിയറിന്റെ അവസാന നാളുകളിലാണ്. കെ.എൽ. രാഹുലാവട്ടെ സ്ഥിരമായി പരിക്കിന്റെ പിടിയിലമരുന്നു. രോഹിത്തിനും പ്രായം 35 കഴിഞ്ഞു.
ഇവിടെയാണ് ഗില്ലിനെ വെച്ചുള്ള പരീക്ഷണത്തിന് പ്രസക്തിയേറുന്നത്. അത് ക്ലിക്കായത് ഓപണിങ്ങിൽ ടീം ഇന്ത്യയുടെ ഭാവി ശോഭനമാണെന്നതിനുള്ള വ്യക്തമായ സൂചനയുമായി. അപ്പുറത്ത് ധവാനോ രോഹിതോ രാഹുലോ ഇഷാനോ ആരു വന്നാലും ഇപ്പുറത്ത് മികച്ച തുടക്കം നൽകാൻ ഗില്ലുണ്ട്.
2023ൽ ഇന്ത്യ കളിച്ച ആറ് ഏകദിന മത്സരങ്ങളിൽ മൂന്നു തവണയും 23കാരൻ മൂന്നക്കം കടന്നു. അതിലൊന്ന് ഇരട്ട ശതകത്തിലുമെത്തി. 94.5 ശരാശരിയോടെ അടിച്ചുകൂട്ടിയത് 567 റൺസ്. മറുതലക്കൽ ശക്തമായ പിന്തുണ നൽകി രോഹിതും. 109.80 ആണ് നിലവിൽ ഗില്ലിന്റെ സ്ട്രൈക്ക് റേറ്റ്. ശരാശരി 73.76. ലോകത്തുതന്നെ എക്കാലത്തെയും ഒന്നാമൻ.
സൗരവ് ഗാംഗുലി-സചിൻ ടെണ്ടുൽകർ കൂട്ടുകെട്ടിന്റെ പ്രതാപകാലം ഓർമിപ്പിച്ച് രണ്ടു പരമ്പരയും ഏകപക്ഷീയമായി ഇന്ത്യക്കു നേടിക്കൊടുക്കുന്നതിൽ ഗില്ലും രോഹിതും വഹിച്ച പങ്ക് ചെറുതല്ല. പരിക്ക് പിടികൂടിയില്ലെങ്കിൽ ഇക്കൊല്ലം ആതിഥ്യമരുളുന്ന ഏകദിന ലോകകപ്പിൽ ഇന്നിങ്സ് ഓപൺ ചെയ്യാനെത്തുക ഇരുവരുമാവുമെന്നത് ടീം ഇന്ത്യയെ സംബന്ധിച്ച് ശുഭോദർക്കം.
മത്സരം, രോഹിത് ശർമ, ശുഭ്മൻ ഗിൽ, ഒന്നാം വിക്കറ്റ് കൂട്ടുകെട്ട്
ഇന്ത്യ-ശ്രീലങ്ക ഒന്നാം ഏകദിനം 83, 70, 143
ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനം 17, 21, 33
ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനം 42, 116, 95
ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ഏകദിനം 34, 208, 60
ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ഏകദിനം 51, 40*, 72
ഇന്ത്യ-ന്യൂസിലൻഡ് മൂന്നാം ഏകദിനം 101, 112, 212
ഇന്ത്യയുടെ ഏറ്റവും മികച്ച അഞ്ച് ഒന്നാം വിക്കറ്റ് കൂട്ടുകെട്ട്
ബാറ്റർമാർ, റൺസ്, എതിരാളി, വർഷം
സൗരവ് ഗാംഗുലി-സചിൻ ടെണ്ടുൽകർ, 258 റൺസ്, കെനിയ, 2001
സൗരവ് ഗാംഗുലി-സചിൻ ടെണ്ടുൽകർ, 252 റൺസ്, ശ്രീലങ്ക, 1998
ശിഖർ ധവാൻ-അജിൻക്യ രഹാനെ, 231, ശ്രീലങ്ക, 2014
കെ.എൽ. രാഹുൽ-രോഹിത് ശർമ, 227, വെസ്റ്റിൻഡീസ്, 2019
ശുഭ്മൻ ഗിൽ-രോഹിത് ശർമ, 212, ന്യൂസിലൻഡ്, 2023
എക്കാലത്തെയും മികച്ച കരിയർ ആവറേജ്
ശുഭ്മൻ ഗിൽ (ഇന്ത്യ) -73.76
വാൻ ഡെർ ഡസ്സൻ (ദ. ആഫ്രിക്ക) -69.31
റയാൻ ഡോഷെ (നെതർലൻഡ്സ്) -67.00
ബാബർ അഅ്സം (പാകിസ്താൻ) -59.41
വിരാട് കോഹ്ലി (ഇന്ത്യ) -57.69
ഗിൽ ആകെ: 567 റൺസ് (ശരാശരി 94.5)
രോഹിത് ആകെ: 328 റൺസ് (ശരാശരി 54.67)
ഓപണിങ് സഖ്യം: 615 (ശരാശരി 102.5)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.