റൺമലയിൽ തെന്നിവീണ് ലഖ്നോ; ഗുജറാത്തിന് തകർപ്പൻ ജയം, മോഹിതിന് നാല് വിക്കറ്റ്
text_fieldsഅഹമ്മദാബാദ്: ഐപിഎല്ലിൽ ലഖ്നോ സൂപ്പർ ജയന്‍റ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് മേൽ കനത്ത പ്രഹരം തീർത്ത് ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും വൃദ്ധിമാൻ സാഹയും തകർത്തടിച്ചപ്പോൾ ഗുജറാത്ത് ടൈറ്റൻസിന് ഉജ്ജ്വല ജയം. 20 ഓവറിൽ 228 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ലഖ്നോവിന്റെ ഇന്നിങ്സ് 171/7 എന്ന നിലയിൽ അവസാനിക്കുകയായിരുന്നു. 56 റൺസിനാണ് ടൈറ്റൻസിന്റെ വിജയം.
ടോസ് നേടി ഗുജറാത്തിനെ ബാറ്റിങ്ങിനയച്ച ലഖ്നോ ക്യാപ്റ്റൻ ക്രുനാൽ പാണ്ഡ്യയുടെ തീരുമാനം തെറ്റായിരുന്നുവെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഗുജറാത്ത് ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും വൃദ്ധിമാൻ സാഹയും പുറത്തെടുത്തത്. ഗിൽ പുറത്താകാതെ 94 റൺസും സാഹ 81 റൺസും നേടി. നായകൻ ഹർദിക് പാണ്ഡ്യ 25 ഉം ഡേവിഡ് മില്ലർ പുറത്താകാതെ 21 റൺസ് ചേർത്തതോടെ 20 ഓവറിൽ 227 റൺസ് എന്ന കൂറ്റൻ സ്കോറിലെത്തി.
തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ലഖ്നോ സൂപ്പർ ജയന്റ്സിന് വേണ്ടി ഓപണർമാരായ കെയിലി മേയേർസും (48) ക്വിന്റൺ ഡീക്കോക്കും (70) ചേർന്ന് വിജയപ്രതീക്ഷയുള്ള തുടക്കം സമ്മാനിച്ചെങ്കിലും നാല് വിക്കറ്റെടുത്ത മോഹിത് ശർമയും കൂട്ടരും എറിഞ്ഞൊതുക്കുകയായിരുന്നു. ആയുഷ് ബദോനി (21), ദീപക് ഹൂഡ (11) എന്നിവരാണ് രണ്ടക്കം കടന്ന ലഖ്നോ സൂപർ ജയൻറ്സ് ബാറ്റർമാർ. ഗുജറാത്തിന് വേണ്ടി മുഹമ്മദ് ഷമി, റാഷിദ് ഖാൻ, നൂർ അഹമ്മദ് എന്നിവർ ഒരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, 51 പന്തിൽ ഏഴ് സിക്സും രണ്ട് ഫോറും അടങ്ങിയതായിരുന്നു ഗില്ലിന്‍റെ ഇന്നിങ്സ്. സെഞ്ച്വറി തികയ്ക്കുമെന്ന പ്രതീക്ഷ നൽകിയെങ്കിലും 94 റൺസെടുക്കാനേ സാധിച്ചുള്ളൂ. 43 പന്തിൽ നാല് സിക്സും 10 ഫോറും അടങ്ങിയതായിരുന്നു സാഹയുടെ 81 റൺസ്. ആകെ 14 സിക്സറുകളാണ് മത്സരത്തിൽ പിറന്നത്. ലഖ്നോക്ക് വേണ്ടി മൊഹ്സിൻ ഖാനും ആവേശ് ഖാനും ഓരോ വിക്കറ്റ് വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.