വീണ്ടും ശക്തിയാകാൻ ടൈറ്റൻസ്
text_fieldsഇന്ത്യൻ പ്രീമിയർ ലീഗിലെ തുടക്കം ഗംഭീരമാക്കി ഒടുവിൽ ചാമ്പ്യന്മാരായതിന്റെ ആത്മവിശ്വാസവും ആവേശവും ആരാധകർക്കു സമ്മാനിച്ചാണ് ഇത്തവണ ഗുജറാത്ത് ടൈറ്റൻസ് ഐ.പി.എൽ പോരാട്ടത്തിനിറങ്ങുന്നത്. അഹ്മദാബാദിലെ ഹോം ഗ്രൗണ്ടായ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ചെന്നൈ സൂപ്പർ കിങ്സുമായുള്ള ഗുജറാത്ത് ടൈറ്റൻസിന്റെ ആദ്യ മത്സരം. ഇത്തവണ ടീമിൽ പറയത്തക്കവിധം മാറ്റങ്ങൾ ഒന്നുമില്ല.
കഴിഞ്ഞ തവണ ആദ്യമായി കളത്തിലിറങ്ങിയപ്പോൾ ആരാധകർ പോലും വേണ്ടത്ര പ്രതീക്ഷ പുലർത്താതിരുന്ന ടീമാണ് ഹാർദിക് പാണ്ഡ്യയുടെ നായകത്വത്തിലുള്ള ഗുജറാത്ത് ടൈറ്റൻസ്. എന്നാൽ, പ്രതീക്ഷകൾ തെറ്റിച്ച് ഒട്ടും ഫോമല്ലാത്തവർ പോലും ക്രീസിൽ നിറഞ്ഞാടി ആരാധക മനസ്സുകളിൽ സ്ഥാനം പിടിച്ചു.
ഫൈനലിൽ രാജസ്ഥാൻ റോയൽസിനെ ഏഴു വിക്കറ്റുകൾക്ക് തോൽപിച്ചാണ് ആദ്യ കിരീടനേട്ടം. ഇന്ത്യൻ ക്രിക്കറ്ററും ഓൾറൗണ്ടറുമായ ഹാർദിക് പാണ്ഡ്യ തന്നെയാവും ഇത്തവണയും ടീമിനെ നയിക്കുക. ആദ്യ കളിയിൽ തന്നെ പാണ്ഡ്യക്ക് ഫോമിലെത്താൻ കഴിഞ്ഞാൽ തുടർന്നുള്ള മത്സരങ്ങളും ആത്മവിശ്വാസം പകരും. മികച്ച ബാറ്റിങ്ങിനൊപ്പം അവസരത്തിനൊത്ത് നല്ല ബൗളറാവാനും മിടുക്കുണ്ട്. ഫാസ്റ്റ് ബാളും മീഡിയം ബൗളിങ്ങുമാണ് പാണ്ഡ്യ പരീക്ഷിക്കാറുള്ളത്.
23കാരൻ ശുഭ്മൻ ഗില്ലാണ് ടീമിന്റെ മറ്റൊരു പ്രതീക്ഷ. നിരവധി ഐ.പി.എൽ മാച്ചുകൾ കളിച്ചിട്ടുള്ള ശുഭ്മൻ ഗില്ലും ഇടൈങ്കയൻ ബാറ്റ്സ്മാൻ മാത്യു വേഡുമായിരിക്കാം ഓപണർമാരായി ഇറങ്ങാൻ സാധ്യത. ഇരുവരും ഫോമിലെത്തിയാൽ ഹാർദിക് പാണ്ഡ്യ, ലെഫ്റ്റ് ഹാൻഡർ ബാറ്റ്സ്മാൻ ഡേവിഡ് മില്ലർ, രാഹുൽ തേവതിയ എന്നിവർക്കും ബാറ്റിങ്ങിൽ തിളങ്ങാനുള്ള ഊർജം ലഭിച്ചേക്കും. രാഹുലിന് ബൗളിങ്ങിലും തിളങ്ങാനാവും.
സ്പിൻ ബൗളർ റാഷിദ് ഖാനും ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിയും എതിർ ടീമിനെ പൂട്ടാനൊരുങ്ങിയാവും മൈതാനത്തെത്തുക. കഴിഞ്ഞ സീസണിലെ ടീമിന്റെ ഒത്തിണക്കം ഇത്തവണയും മൈതാനത്ത് പ്രകടമാക്കാനായാൽ ഗുജറാത്ത് ടൈറ്റൻസിന് രണ്ടാം കിരീടം സ്വന്തമാക്കാം.
ആശാൻ ആശിഷ് നെഹ്റ
ഇന്ത്യൻ ക്രിക്കറ്റർ ആയിരുന്ന ആശിഷ് നെഹ്റയാണ് ടീമിന്റെ പരിശീലകൻ. 2017ലാണ് ഇദ്ദേഹം ക്രിക്കറ്റിൽനിന്ന് വിരമിച്ചത്. മികച്ച ബൗളറായിരുന്ന ഇദ്ദേഹത്തിന്റെ പരിചയസമ്പത്ത് ടീമിന് ഗുണം ചെയ്യും. സൗത്ത് ആഫ്രിക്കൻ പ്ലെയറായിരുന്ന ഗാരി കേസ്റ്റനാണ് ടീമിന്റെ ബാറ്റിങ് കോച്ച്. ഇദ്ദേഹം 101 ടെസ്റ്റ് മാച്ചുകളും 185 വൺഡേ മാച്ചുകളും കളിച്ചിട്ടുണ്ട്. 2008 മുതൽ 2011 വരെ ഇന്ത്യൻ ടീമിന്റെ പരിശീലകനായിരുന്നു.
ഗുജറാത്ത് ടൈറ്റൻസിന്റെ മത്സരങ്ങൾ
മാർച്ച് 31 - ചെന്നൈ സൂപ്പർ കിങ്സ്
ഏപ്രിൽ 4 -ഡൽഹി കാപിറ്റൽസ്
ഏപ്രിൽ 9 -കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
ഏപ്രിൽ 13 - കിങ്സ് ഇലവൻ പഞ്ചാബ്
ഏപ്രിൽ 16 - രാജസ്ഥാൻ റോയൽസ്
ഏപ്രിൽ 22 - ലഖ്നോ സൂപ്പർ ജയന്റ്സ്
ഏപ്രിൽ 25 - മുംബൈ ഇന്ത്യൻസ്
ഏപ്രിൽ 29 - കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
മേയ് 2 - ഡൽഹി കാപിറ്റൽസ്
മേയ് 5 - രാജസ്ഥാൻ റോയൽസ്
മേയ് 7- ലഖ്നോ സൂപ്പർ ജയന്റ്സ്
മേയ് 12 - മുംബൈ ഇന്ത്യൻസ്
മേയ് 15- സൺറൈസേഴ്സ് ഹൈദരാബാദ്
മേയ് 21 - റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.