ത്രില്ലർ പോരിനൊടുവിൽ ഗുജറാത്ത് വീണു; നാല് റൺസിനാണ് ഡൽഹിയുടെ ജയം
text_fieldsന്യൂഡൽഹി: സായ് സുദർശനും ഡേവിഡ് മില്ലറും നേടിയ തകർപ്പൻ അർധസെഞ്ച്വറിക്കും ഗുജറാത്തിനെ രക്ഷിക്കാനായില്ല. ഡൽഹി ക്യാപിറ്റൽസിനോട് നാല് റൺസകലെ പരാജയം സമ്മതിച്ച് ഗുജറാത്ത് ടൈറ്റൻസ്. ഡൽഹി മുന്നോട്ടുവെച്ച 225 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 220 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. 39 പന്തിൽ 65 റൺസെടുത്ത സായ് സുദർശനാണ് ടോപ് സ്കോറർ. ഡൽഹിക്ക് വേണ്ടി റാഷിഖ് സലാം മൂന്നും കുൽദീപ് യാദവ് രണ്ടും വിക്കറ്റ് വീഴ്ത്തി.
വെടിക്കെട്ടുമായി നായകൻ ഋഷഭ് പന്തും (88*) അർധസെഞ്ച്വറിയുമായി അക്സർ പട്ടേലും(66) കളം നിറഞ്ഞതോടെയാണ് ഡൽഹി കൂറ്റൻ സ്കോറിലെത്തിയത്. നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 224 റൺസിലെത്തിയത്. 43 പന്തുകൾ നേരിട്ട പന്ത് എട്ടു സിക്സും അഞ്ചു ഫോറുമുൾപ്പെടെ 88 റൺസെടുത്ത് പുറത്താകാതെ നിന്നു. ടൈറ്റൻസിന് വേണ്ടി തമിഴ്നാടിന്റെ മലയാളി താരം സന്ദീപ് വാര്യർ മൂന്ന് വിക്കറ്റെടുത്തു.
225 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ് തുടങ്ങിയ ഗുജറാത്തിന് നായകൻ ശുഭ്മാൻ ഗില്ലിന്റെ (6) വിക്കറ്റാണ് ആദ്യം നഷ്ടമായത്. സഹ ഓപണർ വൃദ്ധിമാൻ സാഹ സായ് സുദർശനെ കുട്ടുപിടിച്ച് സ്കോർ അതിവേഗത്തിൽ ചലിപ്പിച്ചു. സ്കോർ 9.4 ഓവറിൽ 95 റൺസിൽ നിൽകെ സാഹ മടങ്ങി. 25 പന്തിൽ 39 റൺസെടുത്ത സാഹ കുൽദീപ് യാദവിന്റെ പന്തിൽ അക്സർ പട്ടേലിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. ഒരു റൺസെടുത്ത് അസ്മത്തുള്ള ഒമർസായിയെ അക്സർ പട്ടേൽ മടക്കി. അർധ സെഞ്ച്വറി നേടിയ സായ് സുദർശന് കൂട്ടായി ഡേവിഡ് മില്ലർ എത്തിയതോടെ ഗുജറാത്ത് വിജയ പ്രതീക്ഷയിലായി.
എന്നാൽ 39 പന്തിൽ ഏഴു ഫോറും രണ്ടു സിക്സും ഉൾപ്പെടെ 65 റൺസെടുത്ത സായ് സുദർശൻ റാഷിഖ് സലാമിന്റെ പന്തിൽ പുറത്തായി. എട്ടു റൺസെടുത്ത് ഷാറൂഖ് ഖാൻ റാഷിഖ് സലാമിന്റെ അടുത്ത ഇരയായി. നാല് റൺസെടുത്ത് രാഹുൽ തിവാത്തിയ കുൽദീപ് രണ്ടാം വിക്കറ്റ് നൽകി മടങ്ങി. എന്നാൽ കൂറ്റൻ അടികളുമായി കളം നിറഞ്ഞ ഡേവിഡ് മില്ലർ 21 പന്തിൽ അർധ സെഞ്ച്വറി നേടി വിജയത്തോടടുപ്പിച്ചു.
17.3 ഓവറിൽ 181 റൺസിൽ നിൽക്കെ ഡേവിഡ് മില്ലറും പുറത്തായി. 23 പന്തിൽ ആറു ഫോറും മൂന്ന് സിക്സും ഉൾപ്പെടെ 55 റൺസെടുത്ത മുകേഷ് കുമാറിന്റെ പന്തിൽ റാഷിഖ് പിടിച്ച് പുറത്താക്കുയായിരുന്നു. അവസാന ഓവറുകളിൽ റാഷിദ് ഖാനും(21*) സായ് കിഷോറും (13) നടത്തിയ ചെറുത്തു നിൽപ്പ് ഫലംകണ്ടില്ല. നാല് റൺസകലെ ഗുജറാത്ത് ടൈറ്റൻസിന്റെ ഇന്നിങ്സ് അവസാനിക്കുയായിരുന്നു.
അക്സർ പട്ടേൽ തുടങ്ങി വെച്ചു, ഋഷഭ് പന്ത് പൂർത്തിയാക്കി
സ്വന്തം തട്ടകത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് വേണ്ടി വെടിക്കെട്ട് ഓപണർ ഫ്രേസർ മാക്ഗർക് തകർത്തടിച്ച് തുടങ്ങിയെങ്കിലും സന്ദീപ് വാര്യർ എറിഞ്ഞ നാലാമത്തെ ഓവറിൽ നൂർ അഹമ്മദിന് ക്യാച്ച് നൽകി മടങ്ങി. 14 പന്തുകൾ നേരിട്ട മാക്ഗർക് രണ്ടു സിക്സും രണ്ടു ഫോറും ഉൾപ്പെടെ 23 റൺസെടുത്തു. അതേ ഓവറിൽ തന്നെ സഹ ഓപണർ പ്രത്വി ഷായും (11) മടങ്ങിയതോടെ പ്രതിരോധത്തിലായി.
മൂന്നാമനായെത്തിയ അക്സർ പട്ടേൽ താളം കണ്ടെത്തിയതോടെ സ്കോറിന് വേഗം കൂടി. സന്ദീപ് വാര്യരുടെ ആറാമത്തെ ഓവറിൽ ഷായ് ഹോപ് (5) റാഷിദ് ഖാന് ക്യാച്ച് നൽകി മടങ്ങി. മൂന്നിന് 44 റൺസ് എന്ന നിലയിൽ പരുങ്ങിയ ഡൽഹിയെ അക്സർ പട്ടേലും നായകൻ ഋഷഭ് പന്തും ചേർന്ന് കരകയറ്റി. ഇരുവരും ചേർന്ന് തകർത്തടിച്ചതോടെ സ്കോർ 16 ഓവറിൽ 150 കടന്നു.
66 റൺസെടുത്ത അക്സർ പട്ടേലിനെ നൂർ അഹമ്മദിന്റെ പന്തിൽ സായ് കിഷോർ പിടിച്ച് പുറത്താക്കി. 43 പന്തുകൾ നേരിട്ട അക്സർ പട്ടേൽ നാല് സിക്സും അഞ്ചു ഫോറും ഉൾപ്പെടെ 66 റൺസെടുത്തു. അവസാന ഓവറുകളിൽ ഋഷഭ് പന്തും ട്രിസ്റ്റൻ സ്റ്റബ്സും ചേർന്ന് നടത്തിയ വെടിക്കെട്ട് പ്രകടനം ഡൽഹിയെ അപ്രതീക്ഷിത ടോട്ടലിലെത്തിച്ചു.
ഗുജറാത്ത് ടൈറ്റൻസിന്റെ അവസാന രണ്ടു ഓവറിൽ മാത്രം നേടിയത് 53 റൺസാണ്. സായ് കിഷോർ എറിഞ്ഞ 19ാമത്തെ ഓവറിൽ 22 റൺസും മോഹിത് ശർമ എറിഞ്ഞ അവസാനത്തെ ഓവറിൽ 31 റൺസുമാണ് നേടിയത്. മോഹിതിന്റെ ഓവറിൽ ഋഷഭ് പന്ത് നാല് സിക്സും രണ്ടു ഫോറുമാണ് നേടിയത്. നാല് ഓവറിൽ വിക്കറ്റൊന്നുമില്ലാതെ 73 റൺസാണ് മോഹിത് വിട്ടുകൊടുത്തത്. 43 പന്തുകൾ നേരിട്ട പന്ത് എട്ടു സിക്സും അഞ്ചു ഫോറുമുൾപ്പെടെ 88 റൺസെടുത്തു. എഴു പന്തിൽ രണ്ട് സിക്സും മൂന്ന് ഫോറും ഉൾപ്പെടെ 26 റൺസെടുത്ത സ്റ്റബ്സ് പുറത്താകാതെ നിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.