ഗില്ലിന് സെഞ്ച്വറി, ഭുവനേശ്വറിന് അഞ്ചുവിക്കറ്റ്; സൺറൈസേഴ്സ് ഹൈദരാബാദിന് 189 റൺസ് വിജയ ലക്ഷ്യം
text_fieldsഅഹമ്മദാബാദ്: ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ സെഞ്ച്വറിയുടെ ബലത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുത്തു. ഗിൽ 58 പന്തിൽ 13 ഫോറും ഒരു സിക്സറുമുൾപ്പെടെ 101 റൺസെടുത്തു. ഹൈദരാബാദിന് വേണ്ടി ഭുവനേശ്വർ കുമാർ അഞ്ചു വിക്കറ്റ് വീഴ്ത്തി.
ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത സൺറൈസേഴ്സ് ഹൈദരാബാദ്, അകൗണ്ട് തുറക്കും മുൻപ് ഓപണർ വൃദ്ധിമാൻ സാഹയെ പുറത്താക്കി ഗുജറാത്തിനെ ഞെട്ടിച്ചു. ഭുവനേശ്വർ കുമാറിന്റെ പന്തിൽ അഭിഷേക് ശർമ്മക്ക് ക്യാച്ച് നൽകിയാണ് സാഹ മടങ്ങിയത്. തുടർന്നെത്തിയ സായ് സുദർശനുമായി ചേർന്ന് ശുഭ്മാൻ ഗിൽ തകർപ്പൻ ഇന്നിങ്സുമായി കളം നിറഞ്ഞ് കളിച്ചു. 36 പന്തിൽ ഒരു സിക്സും ആറു ഫോറുമുൾപ്പെടെ 47 റൺസെടുത്ത സായ് സുദർശൻ മാർക്കോ ജാൻസന്റെ പന്തിൽ പുറത്തായി.
ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 8 ഉം, ഡേവിഡ് മില്ലർ 7 ഉം രാഹുൽ തെവാട്ടിയ 3 ഉം റൺസെടുത്ത് ഗില്ലിന് പിന്തുണ നൽകാനാവാതെ മടങ്ങി. കഴിഞ്ഞ ദിവസം വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച റാഷിദ് ഖാൻ റൺസൊന്നുമെടുക്കാതെ ഭുവനേശ്വർ കുമാറിന് വിക്കറ്റ് നൽകി. സെഞ്ച്വറി തികച്ചയുടൻ ഭുവനേശ്വറിന്റെ പന്തിൽ ഗില്ലും(101) മടങ്ങി. നൂർ അഹമ്മദ്, മുഹമ്മദ് ഷമി എന്നിവർ റൺസൊന്നുമെടുക്കാതെ മടങ്ങി. ഗുജറാത്ത് ടീമിൽ നാല് പേരാണ് ഇന്ന് പുജ്യം റൺസിൽ പുറത്തായത്. ദാസുൻ ഷനക 9 ഉം മോഹത് ശർമ്മ റൺസൊന്നുമെടുക്കാതെയും പുറത്താവാതെ നിന്നു.
ഹൈദരാബാദിന് വേണ്ടി ഭുവനേശ്വർ കുമാർ അഞ്ചും,നടരാജൻ, മാർക്കോ ജാൻസൻ, ഫസൽഹഖ് ഫാറൂഖി എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.