ഐ.പി.എൽ ലേലത്തിൽ ആർക്കും വേണ്ട! പിന്നാലെ ട്വന്‍റി20യിലെ അതിവേഗ സെഞ്ച്വറി കുറിച്ച് ഉർവിൽ പട്ടേൽ
text_fieldsന്യൂഡൽഹി: ട്വന്‍റി20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്‍റെ അതിവേഗ സെഞ്ച്വറി കുറിച്ച് ഗുജറാത്തിന്‍റെ ഉർവിൽ പട്ടേൽ. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഗുജറാത്തിന്‍റെ താരമായ പട്ടേൽ ത്രിപുരക്കെതിരെ 28 പന്തിലാണ് സെഞ്ച്വറി നേടിയത്. ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്‍റെ റെക്കോഡാണ് താരം മറികടന്നത്.
2008ൽ ഹിമാചൽപ്രദേശിനെതിരെ ഡൽഹിക്കുവേണ്ടി പന്ത് 32 പന്തിൽ സെഞ്ച്വറി സ്വന്തമാക്കിയിരുന്നു. ലോക ക്രിക്കറ്റിൽ രണ്ടാമത്തെ അതിവേഗ സെഞ്ച്വറി കൂടിയാണ് ഉർവിൽ ഇൻഡോറിലെ എമറാൾഡ് ഹൈറ്റ്സ് ഇന്‍റർനാഷനൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ നേടിയത്. മത്സരത്തിൽ 35 പന്തിൽ ഏഴു ഫോറും 12 സിക്സുമടക്കം 113 റൺസെടുത്ത് താരം പുറത്താകാതെ നിന്നു. ഈ വർഷത്തിന്‍റെ തുടക്കത്തിൽ സൈപ്രസിനെതിരെ 27 പന്തിൽ എസ്തോണിയയുടെ സാഹിൽ ചൗഹാൻ സെഞ്ച്വറി നേടിയിരുന്നു.
ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്‍റെ വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറിയും ഉർവിലിന്‍റെ പേരിലാണ്. 2023 നവംബറിൽ അരുണാചൽ പ്രദേശിനെതിരെ 41 പന്തിലാണ് താരം മൂന്നക്കത്തിലെത്തിയത്. 2010ൽ മഹാരാഷ്ട്രക്കെതിരെ 40 പന്തിൽ യൂസുഫ് പത്താൻ നേടിയ സെഞ്ച്വറിയാണ് ഒന്നാമത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ത്രിപുര 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഗുജറാത്ത് ഉർവിലിന്‍റെ വെടിക്കെട്ട് സെഞ്ച്വറിയുടെ കരുത്തിൽ 10.2 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ബറോഡയിലെ മെഹ്സന സ്വദേശിയായ ഉർവിൽ 2018ലാണ് മുംബൈക്കെതിരെ ബറോഡക്കായി ട്വന്‍റി20 ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. അതേ വർഷം തന്നെ ലിസ്റ്റ് എ ക്രിക്കറ്റിലും കളിക്കാനിറങ്ങി.
എന്നാൽ, രഞ്ജി ട്രോഫി അരങ്ങേറ്റത്തിനായി പിന്നെയും താരത്തിന് ആറു വർഷം കാത്തിരിക്കേണ്ടി വന്നു. 2023 ഐ.പി.എല്ലിൽ ഉർവിലിനെ 20 ലക്ഷം രൂപക്ക് ഗുജറാത്ത് ടൈറ്റൻസ് ടീമിലെടുത്തെങ്കിലും ഒരു മത്സരം പോലും താരത്തിന് കളിക്കാനായില്ല. ഗുജറാത്ത് റിലീസ് ചെയ്ത താരത്തെ കഴിഞ്ഞദിവസം സൗദിയിലെ റിയാദിൽ നടന്ന മെഗാ ലേലത്തിൽ ഒരു ടീമും വിളിച്ചെടുത്തില്ല. 44 ട്വന്‍റി20 മത്സരങ്ങളിൽനിന്നായി 988 റൺസാണ് താരം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.