നായിബ് എട്ടാമത്തെ അദ്ഭുതം; അഫ്ഗാൻ കളിക്കാരന്റെ പരിക്കിൽ പ്രതികരിച്ച് ഇയാൻ സ്മിത്ത്
text_fieldsന്യൂഡൽഹി: സൂപ്പർ എട്ടിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് സെമിയിൽ കടന്നിരിക്കുകയാണ് അഫ്ഗാനിസ്താൻ. ചരിത്രത്തിലാദ്യമായാണ് അഫ്ഗാൻ സെമിയിലേക്ക് മുന്നേറുന്നത്. ഇന്നത്തെ അഫ്ഗാനിസ്താൻ-ബംഗ്ലാദേശ് മത്സരത്തിനിടെ വിവാദമായത് അഫ്ഗാൻ ബൗളറായ ഗുൽബദിൻ നായിബിന്റെ പരിക്കായിരുന്നു.
മത്സരത്തിലെ 12ാം ഓവറിലായിരുന്നു പരിക്കേറ്റ് നായിബ് നിലത്തുവീണത്. മഴയെത്തുന്നത് കണ്ട് അഫ്ഗാന്റെ കോച്ച് ജോനാഥൻ ട്രോറ്റ് കളി പതുക്കയാക്കാൻ നിർദേശം നൽകിയതിന് പിന്നാലെയായിരുന്നു നായിബിന്റെ വീഴ്ച. ആ സമയത്ത് ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം വിജയിയെ നിശ്ചയിക്കുകയാണെങ്കിൽ അഫ്ഗാൻ ജയിക്കുമായിരുന്നു. എന്നാൽ, ഒരു മൂന്ന് റൺ കൂടി അധികമായെടുത്താൻ വിജയം ബംഗ്ലാദേശിന് ലഭിക്കുമായിരുന്നു. ഇത് തടയാനാണ് അഫ്ഗാൻ കോച്ച് കളി പതുക്കെയാക്കാൻ നിർദേശിച്ചത്.
കോച്ചിന്റെ നിർദേശപ്രകാരം നായിബ് പരിക്ക് അഭിനയിക്കുകയാണെന്ന ആരോപണവും ഉയർന്നു. പിന്നീട് മഴമാറിയപ്പോൾ പ്രശ്നങ്ങളൊന്നുമില്ലാതെ നായിബ് കളിക്കാനെത്തിയതാണ് വിവാദങ്ങൾക്ക് കാരണമായത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പേർ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. അക്കുട്ടത്തിൽ രസകരമായ പ്രതികരണം മുൻ ന്യൂസിലാൻഡ് കളിക്കാരനായ ഇയാൻ സ്മിത്തിന്റേതാണ്.
തനിക്ക് നായിബിന്റെ ഡോക്ടറെ കാണാൻ ആഗ്രഹമുണ്ടെന്നായിരുന്നു ഇയാൻ സ്മിത്തിന്റെ പ്രതികരണം. ഇത്രയും പെട്ടെന്ന് വേദന മാറ്റാൻ കഴിയുമെങ്കിൽ ആ ഡോക്ടർക്ക് തന്റെ ആറുമാസമായുള്ള മുട്ടുവേദനയും പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും നായിബ് എട്ടാമത്തെ അദ്ഭുതമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.