കോഹ്‌ലിക്കും പട്ടിദാറിനും അർധസെഞ്ച്വറി; ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
text_fieldsഹൈദരാബാദ്: റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം. വിരാട് കോഹ്‌ലിയും (51), വെടിക്കെട്ട് അർധസെഞ്ച്വറി നേടിയ രജത് പട്ടിദാറും (50), കാമറൂൺ ഗ്രീനും (37) ചേർന്നാണ് ബംഗളൂരുവിന് മികച്ച സ്കോർ സമ്മാനിച്ചത്. നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 206 റൺസ് നേടിയത്.
എവേ മാച്ചിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗളൂരുവിന്റെ തുടക്കം തെറ്റിയില്ല. നായകൻ ഫാഫ് ഡുപ്ലിസിസും സഹ ഓപണർ വിരാട് കോഹ്‌ലിയും തകർത്തടിച്ചാണ് തുടങ്ങിയത്. അഭിഷേക് ശർമയും ഭുവനേശ്വറും നായകൻ പാറ്റ് കമ്മിൻസും മാറി മാറി എറിഞ്ഞെങ്കിലും അടിക്ക് മയമുണ്ടായിരുന്നില്ല. എന്നാൽ നടരാജൻ വന്നതോടെ കളിമാറി. നടരാജന്റെ പന്തിൽ കൂറ്റൻ അടിക്ക് ശ്രമിക്കവെ ഡുപ്ലിസിനെ മാർക്രം പിടിച്ച് പുറത്താക്കി. 12 പന്തുകളിൽ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമുൾപ്പെടെ 25 റൺസെടുത്താണ് നായകൻ മടങ്ങിയത്.
മൂന്നാമനായെത്തിയ വിൽജാക്സിനെ ബൗൾഡാക്കി മായങ്ക് മാർക്കണ്ഡേ അടുത്ത പ്രഹരമേൽപ്പിച്ചു. രണ്ടു വിക്കറ്റുകൾ തുടരെ തുടരെ വീണതോടെ അതുവരെ വെടിക്കെട്ട് മൂഡിലായിരുന്ന വിരാട് കോഹ്‌ലി ഗിയർ ഡൗൺ ചെയ്തു. എന്നാൽ ക്രീസിലെത്തിയ രജത് പട്ടിദാർ കൂറ്റൻ അടികളുമായി കളം ഭരിച്ചു. മാർക്കണ്ഡേ എറിഞ്ഞ 11 ാമത്തെ ഓവറിൽ തുടർച്ചയായി നാല് സിക്സറുകൾ പറത്തി പട്ടിദാർ കളി തിരിച്ചുപിടിച്ചു. 19 പന്തിൽ അർധ സെഞ്ച്വറി പൂർത്തിയാക്കിയ പട്ടിദാർ ജയദേവ് ഉനദ്കട്ടിന്റെ പന്തിൽ അബ്ദു സമദിന് ക്യാച്ച് നൽകി മടങ്ങി. 20 പന്തിൽ അഞ്ച് സിക്സും രണ്ടു ഫോറും ഉൾപ്പെടെ 50 റൺസെടുത്താണ് മടങ്ങിയത്.
തൊട്ടുപിന്നാലെ അർധ സെഞ്ച്വറി പൂർത്തിയാക്കി വിരാട് കോഹ്‌ലിയും പുറത്തായി. ഉനദ്കട്ടിന്റെ പന്തിൽ അബ്ദുസമദിന് ക്യാച്ച് നൽകി. 43 പന്തിൽ നാല് ഫോറും ഒരു സിക്സുമുൾപ്പെടെ 51 റൺസെടുത്താണ് കോഹ്‌ലി മടങ്ങിയത്. തുടർന്ന് ക്രീസിൽ കൂറ്റൻ അടികളുമായി നിലയുറപ്പിച്ച കാമറൂൺ ഗ്രീൻ സ്കോർ അതിവേഗം ഉയർത്തിയെങ്കിലും നോൺസ്ട്രൈക്കിങ് എൻഡിൽ വിക്കറ്റ് വീണുകൊണ്ടിരുന്നു. മഹിപാൽ ലോംറോർ എഴു റൺസെടുത്ത് ഉനദ്കട്ടിന്റെ അടുത്ത ഇരയായി.
തുടർന്നെത്തിയ ദിനേഷ് കാർത്തിക് (11) പാറ്റ് കമ്മിൻസിന്റെ പന്തിൽ സമദിന് ക്യാച്ച് നൽകി മടങ്ങി. അവസാന ഓവറുകളിൽ ആഞ്ഞടിച്ച് സ്വാപ്നിൽ സിങ് സ്കോർ 200 കടത്തിയെങ്കിലും ഇന്നിങ്സിലെ അവസാന പന്തിൽ നടരാജന് വിക്കറ്റ് നൽകി. 6 പന്തിൽ 12 റൺസെടുത്താണ് പുറത്തായത്. 20 പന്തിൽ അഞ്ചുഫോറുൾപ്പെടെ 37 റൺസെടുത്ത കാമറൂൺ ഗ്രീൻ പുറത്താകാതെ നിന്നു. ഹൈദരാബാദിന് വേണ്ടി ജയദേവ് ഉനദ്കട് മുന്നും നടരാജൻ രണ്ടും വിക്കറ്റ് വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.