രോഹിതിനും ഗില്ലിനും അർധസെഞ്ച്വറി; മഴ കാരണം മത്സരം നിർത്തിവെച്ചു
text_fieldsകൊളംബോ: ഏഷ്യാ കപ്പിലെ ആവേശപ്പോരിൽ പാകിസ്താന്റെ പേരുകേട്ട ബൗളിങ് നിരയെ അടിച്ചുപരത്തി ഇന്ത്യൻ ഓപണർമാർ. രോഹിത് ശർമയും ശുഭ്മാൻ ഗില്ലും അർധസെഞ്ച്വറികളുമായി കളം നിറഞ്ഞ മത്സരം മഴ കാരണം തടസ്സപ്പെടുമ്പോൾ 24.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസെന്ന നിലയിലാണ് ഇന്ത്യ. രോഹിത് 49 പന്തിൽ നാല് സിക്സും ആറ് ഫോറുമടക്കം 56 റൺസും ശുഭ്മാൻ ഗിൽ 52 പന്തിൽ 10 ഫോറടക്കം 58 റൺസും നേടി പുറത്തായി.
പതിയെ തുടങ്ങിയ രോഹിത്, ഷദാബ് ഖാൻ എറിഞ്ഞ 13ാം ഓവറിൽ തുടർച്ചയായി രണ്ട് സിക്സും ഒരു ഫോറുമടിച്ചാണ് വിശ്വരൂപം പുറത്തെടുത്തത്. ഈ ഓവറിൽ 19 റൺസാണ് ഇന്ത്യൻ ഓപണർമാർ അടിച്ചുകൂട്ടിയത്. 15ാം ഓവർ എറിയാനെത്തിയ ഷദാബിന്റെ ആദ്യ പന്ത് സിക്സറടിച്ച് രോഹിത് അർധസെഞ്ച്വറിയും കുറിച്ചു. എന്നാൽ, ഇന്ത്യൻ നായകനെ ഫഹീം അഷ്റഫിന്റെ കൈയിലെത്തിച്ച് ഷദാബ് തന്നെ വീഴ്ത്തി. ഗില്ലിനെ ഷഹീൻ അഫ്രീദിയുടെ പന്തിൽ ആഗ സൽമാൻ പിടികൂടുകയായിരുന്നു. 17 റൺസുമായി കെ.എൽ രാഹുലും എട്ട് റൺസുമായി വിരാട് കോഹ്‍ലിയുമാണ് ക്രീസിൽ. പാകിസ്താന്റെ സ്റ്റാർ ബൗളർ ഷഹീൻ അഫ്രീദി ആദ്യ മൂന്നോവറിൽ 31 റൺസാണ് വഴങ്ങിയത്.
ടോസ് നേടിയ പാകിസ്താന്‍ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പരിക്കേറ്റ ശ്രേയസ് അയ്യര്‍ ഇന്ത്യൻ ടീമിൽനിന്ന് പുറത്തായപ്പോൾ കെ.എല്‍ രാഹുല്‍ തിരിച്ചെത്തി. ഗ്രൂപ്പ് പോരില്‍ പാകിസ്താനെതിരെ മികച്ച പ്രകടനം നടത്തിയ ഇഷാന്‍ കിഷന്‍ സ്ഥാനം നിലനിര്‍ത്തി. നേപ്പാളിനെതിരെ കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ ടീമില്‍നിന്ന് പേസര്‍ മുഹമ്മദ് ഷമി പുറത്തായപ്പോള്‍ ജസ്പ്രീത് ബുംറ തിരിച്ചെത്തി. അതേസമയം, ബംഗ്ലാദേശിനെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് പാകിസ്താന്‍ ഇറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.