ഇന്ത്യക്ക് അഞ്ച് വിക്കറ്റ് നഷ്ടം; പ്രതീക്ഷ കോഹ്‍ലിയിൽ
text_fieldsധരംശാല (ഹിമാചൽ പ്രദേശ്): ന്യൂസിലാൻഡിനെതിരെ 274 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് നഷ്ടമായി. 35 ഓവറിൽ അഞ്ചിന് 192 റൺസെന്ന നിലയിലാണ് ഇന്ത്യ. കഴിഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ സെഞ്ച്വറിയുമായി കളം നിറഞ്ഞ കോഹ്‍ലി അർധസെഞ്ച്വറിയുമായി ക്രീസിലുള്ളതാണ് ഇന്ത്യയുടെ പ്രതീക്ഷ. 274 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റൻ രോഹിത് ശർമ (46), ശുഭ്മൻ ഗിൽ (26), ശ്രേയസ് അയ്യർ (33), കെ.എൽ രാഹുൽ (27), സൂര്യകുമാർ യാദവ് (2) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
ഓപണർമാരായ രോഹിതും ഗില്ലും ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. 11.1 ഓവറിൽ 71 റൺസടിച്ച സഖ്യം പിരിച്ചത് ലോക്കി ഫെർഗൂസനായിരുന്നു. 40 പന്തിൽ നാല് വീതം സിക്സും ഫോറും സഹിതം 46 റൺസടിച്ച രോഹിതിനെ ഫെർഗൂസൻ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. സ്കോർ ബോർഡിൽ അഞ്ച് റൺസ് കൂടി ചേർത്തപ്പോഴേക്കും ഗില്ലും മടങ്ങി. ഫെർഗൂസന്റെ തന്നെ പന്തിൽ ഡാറിൽ മിച്ചൽ പിടികൂടുകയായിരുന്നു. തുടർന്ന് വിരാട് കോഹ്‍ലിയും ശ്രേയസ് അയ്യരും ചേർന്ന് മികച്ച കൂട്ടുകെട്ടുയർത്തുമെന്ന് തോന്നിച്ചെങ്കിലും മികച്ച ഫോമിലായിരുന്ന ശ്രേയസ് അയ്യരെ ട്രെന്റ് ബോൾട്ട് ഡെവോൺ കോൺവേയുടെ കൈയിലെത്തിക്കുകയായിരുന്നു. കോഹ്‍ലിക്കൊപ്പം പിടിച്ചുനിന്ന രാഹുലിനെ സാന്റ്നർ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. ലോകകപ്പിൽ ആദ്യമായി അവസരം ലഭിച്ച സൂര്യകുമാർ യാദവ് രണ്ട് റൺസെടുത്ത് റണ്ണൗട്ടായി മടങ്ങി. 65 പന്തിൽ 56 റൺസുമായി വിരാട് കോഹ്‍ലിയും റൺസൊന്നുമെടുക്കാതെ രവീന്ദ്ര ജദേജയുമാണ് ക്രീസിൽ.
ഡാറിൽ മിച്ചലിന്റെ ഉജ്വല സെഞ്ച്വറിയുടെയും രചിൻ രവീന്ദ്രയുടെ അർധ സെഞ്ച്വറിയുടെയും മികവിലാണ് ന്യൂസിലാൻഡ് 273 റൺസിലെത്തിയത്. 127 പന്തിൽ 130 റൺസെടുത്ത മിച്ചലിനെ അവസാന ഓവറിൽ ഷമിയുടെ പന്തിൽ കോഹ്‍ലി പിടികൂടുകയായിരുന്നു. ധരംശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ഒമ്പത് പന്ത് നേരിട്ടിട്ടും റൺസൊന്നും നേടാനാവാതെ തപ്പിത്തടഞ്ഞ ഓപണർ ഡെവോൺ കോൺവെയെ മുഹമ്മദ് സിറാജ് ശ്രേയസ് അയ്യരുടെ കൈയിലെത്തിച്ചു. സഹഓപണറായ വിൽ യങ്ങിനും കാര്യമായ സംഭാവന നൽകാനായില്ല. 27 പന്തിൽ 17 റൺസെടുത്ത താരത്തെ ഷമി ക്ലീൻ ബൗൾഡാക്കുകയായിരുന്നു.
തുടർന്ന് ക്രീസിലെത്തിയ ഡാറിൽ മിച്ചൽ രചിൻ രവീന്ദ്രക്കൊപ്പം ന്യൂസിലാൻഡിനെ കരകയറ്റുകയായിരുന്നു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 152 പന്തിൽ 159 റൺസാണ് അടിച്ചെടുത്തത്. ഷമി തന്നെയാണ് ഈ കൂട്ടുകെട്ടും പൊളിച്ചത്. 87 പന്തിൽ 75 റൺസെടുത്ത രചിൻ രവീന്ദ്രയെ ഷമിയുടെ പന്തിൽ ശുഭ്മൻ ഗിൽ പിടികൂടുകയായിരുന്നു. പിന്നീടെത്തിയവർക്കൊന്നും കാര്യമായ സംഭാവന നൽകാനായില്ല. ടോം ലതാം (5) െഗ്ലൻ ഫിലിപ്സ് (23), മാർക് ചാപ്മാൻ (6), മിച്ചൽ സാന്റ്നർ (1), മാറ്റ് ഹെൻറി (പൂജ്യം), ലോക്കി ഫെർഗൂസൻ (1), ട്രെന്റ് ബോൾട്ട് (പുറത്താകാതെ പൂജ്യം) എന്നിങ്ങനെയായിരുന്നു മറ്റു ന്യൂസിലാൻഡ് ബാറ്റർമാരുടെ സ്കോർ.
ഇന്ത്യക്കായി അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിക്ക് പുറമെ കുൽദീപ് യാദവ് രണ്ടും മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.