അർധസെഞ്ച്വറിയുമായി രാഹുലും പുറത്ത്; ഇന്ത്യക്ക് എട്ട് വിക്കറ്റ് നഷ്ടം
text_fieldsഅഹ്മദാബാദ്: ലോകകപ്പിൽ ആസ്ട്രേലിയക്കെതിരായ ഫൈനലിൽ വിരാട് കോഹ്‍ലിക്ക് പുറമെ അർധസെഞ്ച്വറിയുമായി പിടിച്ചുനിന്ന കെ.എൽ രാഹുലും പുറത്ത്. 107 പന്തിൽ 66 റൺസ് നേടിയ താരത്തെ മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസ് പിടികൂടുകയായിരുന്നു. ടീം തകർച്ചയിലേക്ക് നീങ്ങുമ്പോൾ ക്ഷമയോടെ പിടിച്ചുനിന്ന് 86 പന്തിൽ ഒറ്റ ഫോറിന്റെ മാത്രം അകമ്പടിയിലാണ് താരം 50ലെത്തിയത്. 45 ഓവർ പിന്നിടുമ്പോൾ എട്ടിന് 215 റൺസെന്ന നിലയിലാണ് ഇന്ത്യ. 14 റൺസുമായി സൂര്യകുമാർ യാദവും ഒരു റൺസുമായി കുൽദീപ് യാദവുമാണ് ക്രീസിൽ.
മൂന്ന് വിക്കറ്റ് നഷ്ടമായി തകർച്ചയിലേക്ക് നീങ്ങിയ ഇന്ത്യയെ രാഹുലും വിരാട് കോഹ്‍ലിയും ചേർന്നാണ് കരകയറ്റിയത്. 63 പന്തിൽ നാല് ഫോറടക്കം 54 റൺസ് നേടിയ കോഹ്‍ലിയെ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസാണ് പുറത്താക്കിയത്. കമ്മിൻസിന്റെ പന്ത് ബാറ്റിൽ തട്ടി സ്റ്റമ്പിൽ പതിക്കുകയായിരുന്നു. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 109 പന്തിൽ 67 റൺസ് ചേർത്താണ് പിരിഞ്ഞത്.
ശുഭ്മൻ ഗില്ലിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. സ്റ്റാർക് എറിഞ്ഞ നാലാം ഓവറിലെ രണ്ടാം പന്ത് ഗിൽ മിഡോണിലേക്ക് അടിച്ചകറ്റിയപ്പോൾ ആദം സാംബ അനായാസം കൈയിലൊതുക്കുകയായിരുന്നു. ഏഴ് പന്തിൽ നാല് റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. 30 റൺസായിരുന്നു അപ്പോൾ സ്കോർ ബോർഡിൽ. പതിവുപോലെ കൂറ്റനടികളിലൂടെ തുടങ്ങിയ രോഹിതിന്റെ ഊഴമായിരുന്നു അടുത്തത്. പത്താം ഓവറിൽ മാക്സ്വെല്ലിന്റെ രണ്ടാം പന്ത് സിക്സും മൂന്നാം പന്ത് ഫോറുമടിച്ച രോഹിതിനെ നാലാം പന്തിൽ ട്രാവിസ് ഹെഡ് പിറകിലേക്കോടി അത്യുജ്വലമായി കൈയിലൊതുക്കുകയായിരുന്നു. 31 പന്തിൽ മൂന്ന് സിക്സും നാല് ഫേറുമടക്കം 47 റൺസാണ് രോഹിത് നേടിയത്. മൂന്ന് പന്തിൽ നാല് റൺസെടുത്ത ശ്രേയസ് അയ്യരെ കമ്മിൻസിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസും പിടികൂടി. 22 പന്തിൽ ഒമ്പത് റൺസെടുത്ത രവീന്ദ്ര ജദേജയെ ഹേസൽവുഡിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസ് പിടികൂടുകയായിരുന്നു. 10 പന്തിൽ ആറ് റൺസെടുത്ത മുഹമ്മദ് ഷമിയെ സ്റ്റാർക്കിന്റെ പന്തിൽ ജോഷ് ഇംഗ്ലിസ് പിടികൂടിയപ്പോൾ ബുംറയെ ആദം സാംബ വിക്കറ്റിന് മുമ്പിൽ കുടുക്കുകയായിരുന്നു.
ആസ്ട്രേലിയക്കായി മിച്ചൽ സ്റ്റാർക്ക് മൂന്നും പാറ്റ് കമ്മിൻസ് രണ്ടും ജോഷ് ഹേസൽവുഡ്, െഗ്ലൻ മാക്സ്വെൽ, ആദം സാംബ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.