സചിൻ ബേബിക്ക് അർധ സെഞ്ച്വറി (69*); ഗുജറാത്തിനെതിരെ ആദ്യദിനം കേരളം മികച്ച നിലയിൽ
text_fieldsഅഹ്മദാബാദ്: രഞ്ജി ട്രോഫി സെമി ഫൈനലിൽ കരുത്തരായ ഗുജറാത്തിനെതിരെ കേരളം മികച്ച നിലയിൽ. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കേരളം ആദ്യദിനം സ്റ്റമ്പെടുക്കുമ്പോൾ ഒന്നാം ഇന്നിങ്സിൽ 89 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 206 റൺസെടുത്തു. നായകൻ സചിൻ ബേബി അർധ സെഞ്ച്വറിയുമായി ക്രീസിലുണ്ട്. 193 പന്തിൽ എട്ടു ഫോറടക്കം 69 റൺസെടുത്തിട്ടുണ്ട്. 66 പന്തിൽ 30 റൺസുമായി വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദ്ദീനാണ് ക്രീസിലുള്ള മറ്റൊരു താരം.
അക്ഷയ് ചന്ദ്രൻ (71 പന്തിൽ 30 റൺസ്), രോഹൻ കുന്നുമ്മൽ (68 പന്തിൽ 30), അരങ്ങേറ്റ താരം വരുൺ നായനാർ (55 പന്തിൽ 10), ജലജ് സക്സേന (83 പന്തിൽ 30) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. ശക്തരായ ഗുജറാത്തിനെതിരെ കരുതലോടെയാണ് കേരളം ഇന്നിങ്സ് ആരംഭിച്ചത്. ശ്രദ്ധയോടെ ബാറ്റുവീശിയ ഓപ്പണര്‍മാരായ അക്ഷയ് ചന്ദ്രനും രോഹനും 20.4 ഓവറിൽ 60 റൺസെടുത്തു. അക്ഷയ് റണ്ണൗട്ടായാണ് പുറത്തായത്. തൊട്ടുപിന്നാലെ രവി ബിഷ്ണോയിയുടെ പന്തിൽ രോഹൻ എൽ.ബി.ഡബ്ല്യുവിൽ കുരുങ്ങി. അരങ്ങേറ്റക്കാരൻ വരുൺ ബൗളർമാരെ കരുതലോടെ നേരിട്ട് ക്രീസിൽ പിടിച്ചുനിന്നെങ്കിലും ഒടുവിൽ വീണു. 55 പന്ത് നേരിട്ട് 10 റൺസെടുത്ത താരം പ്രിയാജീത് ജദേജയുടെ പന്തിൽ ഉർവിൽ പട്ടേലിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്.
നാലാം വിക്കറ്റിൽ സചിനും സക്സേനയും ചേർന്ന് നേടിയ 71 റൺസ് കേരളത്തിന് കരുത്തായി. 30 റൺസെടുത്ത ജലജ് സക്സേനയെ അർസൻ നഗ്വാസ്വെല്ല ക്ലീൻ ബൗൾഡാക്കുകയായിരുന്നു. തുടർന്നെത്തിയ അസ്ഹറുദ്ദീനും സചിനും ചേർന്ന് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇതുവരെ 49 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. ഗുജറാത്തിനായി അർസാൻ നഗ്വാസെല്ല, രവി ബിഷ്ണോയി, പ്രിയാജീത് ജദേജ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. ഗുജറാത്തിലെ അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. രഞ്ജിയില്‍ കേരളത്തിന്റെ രണ്ടാമത്തെ സെമി ഫൈനലാണിത്. 2018-19 സീസണിലാണ് ഇതിനു മുമ്പ് സെമി കളിച്ചത്. അന്ന് വിദര്‍ഭയോട് തോറ്റു. ഇന്ത്യന്‍ അണ്ടര്‍ 19 ട്വന്‍റി20 ടീം അംഗമായിരുന്ന വരുണ്‍ നായനാരും അഹ്‌മദ് ഇംറാനും കേരളത്തിനായി രഞ്ജിയിൽ അരങ്ങേറ്റ മത്സരം കളിക്കുകയാണ്. പരിക്കേറ്റ ബേസില്‍ തമ്പി, മോശം ഫോമിലുള്ള ഷോണ്‍ റോജര്‍ എന്നിവര്‍ക്ക് പകരമായാണ് ഇരുവരെയും പ്ലെയിങ് ഇലവനിലെത്തിയത്.
പ്രഥമ കേരള ക്രിക്കറ്റ് ലീഗില്‍ തൃശൂര്‍ ടൈറ്റന്‍സിന്റെ ക്യാപ്റ്റനായിരുന്നു ബാറ്ററും വിക്കറ്റ് കീപ്പറുമായ വരുണ്‍ നായനാര്‍. കണ്ണൂര്‍ സ്വദേശിയായ താരം 14-ാം വയസ്സുമുതല്‍ കേരളാ ടീമിനുവേണ്ടി കളിക്കുന്നുണ്ട്. കൂച്ച് ബിഹാര്‍ ട്രോഫിയില്‍ കേരളാ ടീമിന്റെ ക്യാപ്റ്റനായിരുന്നു അഹ്‌മദ് ഇംറാന്‍. കേരള ക്രിക്കറ്റ് ലീഗിലെ എമര്‍ജിങ് പ്ലെയറായി തെരഞ്ഞെടുക്കപ്പെട്ട താരമാണ്.
മുംബൈക്കെതിരെ വിദർഭ 308/5
നാഗ്പൂർ: കിരീടം നിലനിർത്താനിറങ്ങിയ മുംബൈക്ക് കാര്യങ്ങൾ എളുപ്പമാകില്ലെന്ന സൂചന നൽകി രഞ്ജി ട്രോഫി സെമി ആദ്യദിനം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആതിഥേയരായ വിദർഭ മുംബൈക്കെതിരെ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 308 റൺസ് എന്ന നിലയിലാണ്. ഡാനിഷ് മലേവർ 79ഉം ധ്രുവ് ഷോറേ 74ഉം നേടിയ കളിയിൽ കരുൺ നായർ 45 റൺസും നേടി. 18 ഓവർ എറിഞ്ഞ് രണ്ടുവിക്കറ്റ് വീഴ്ത്തിയ ഷംസ് മുലാനി മാത്രമായിരുന്നു മുംബൈ ബൗളർമാരിൽ താരതമ്യേന ആക്രമണകാരി. ന്യൂബാൾ ബൗളർമാരായ ഷാർദുൽ താക്കൂർ, മോഹിത് അവസ്തി എന്നിവർക്ക് വിക്കറ്റ് നേടാനായില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.