ഷാകിബ് ഹസന് അർധസെഞ്ച്വറി; കരകയറി ബംഗ്ലാദേശ്
text_fieldsകൊളംബോ: ഏഷ്യാ കപ്പിലെ അവസാന സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യക്കെതിരെ തുടക്കത്തിലേ നാല് വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശ്, ക്യാപ്റ്റൻ ഷാകിബ് അൽ ഹസന്റെ അർധസെഞ്ച്വറിയുടെയും തൗഹിദ് ഹസന്റെ ചെറുത്തുനിൽപ്പിന്റെയും കരുത്തിൽ കരകയറുന്നു. 82 പന്തിൽ 78 റൺസുമായി ഷാകിബും 57 പന്തിൽ 39 റൺസുമായി തൗഹീദ് ഹൃദോയിയും ക്രീസിൽ നിലയുറപ്പിച്ചതോടെ 32 ഓവർ പിന്നിടുമ്പോൾ നാലിന് 157 എന്ന നിലയിലാണ് ബംഗ്ലാദേശ്. 59 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശിനായി അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 108 പന്തിൽ 98 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.
ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സ്കോർ ബോർഡിൽ 13 റൺസ് ചേർത്തപ്പോഴേക്കും ലിട്ടൻ ദാസിനെ മുഹമ്മദ് ഷമി ക്ലീൻ ബൗൾഡാക്കി. രണ്ട് പന്ത് നേരിട്ട താരത്തിന് റൺസൊന്നുമെടുക്കാനായിരുന്നില്ല. 13 റൺസെടുത്ത സഹ ഓപണർ തൻസിദ് ഹസന്റെ സ്റ്റമ്പ് ഷാർദുൽ ഠാക്കൂറും തെറിപ്പിച്ചു. വൈകാതെ നാല് റൺസെടുത്ത അനാമുൽ ഹഖിനെ ഷാർദുൽ രാഹുലിന്റെ കൈയിലും 13 റൺസെടുത്ത മെഹ്ദി ഹസനെ അക്സർ പട്ടേൽ രോഹിതിന്റെ കൈയിലുമെത്തിച്ചതോടെ ബംഗ്ലാദേശ് നാലിന് 59 എന്ന നിലയിലേക്ക് കൂപ്പുകുത്തി. തുടർന്നായിരുന്നു ഷാകിബ്-തൗഹീദ് സഖ്യത്തിന്റെ രക്ഷാപ്രവർത്തനം.
ശ്രീലങ്കക്കെതിരായ മത്സരത്തിൽ കളിച്ച ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവർക്ക് ഇന്ത്യ വിശ്രമം നൽകിയപ്പോൾ തിലക് വർമ, സൂര്യകുമാർ യാദവ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി എന്നിവർ ഇടം നേടി.
ഇന്ത്യൻ ടീം: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, തിലക് വർമ, കെ.എൽ. രാഹുൽ, ഇഷാൻ കിഷൻ, രവീന്ദ്ര ജദേജ, അക്സർ പട്ടേൽ, ഷാർദുൽ ഠാക്കൂർ, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ.
ബംഗ്ലദേശ് ടീം: ലിട്ടൺ ദാസ്, മെഹിദി ഹസൻ, തൻസിദ് ഹസൻ, അനാമുൾ ഹഖ്, ഷാകിബ് അൽ ഹസൻ, തൗഹിദ് ഹൃദോയ്, ഷമീം ഹുസൈൻ, മെഹ്ദി ഹസൻ, നസൂം അഹ്മദ്, തൻസിം ഹസൻ ഷാകിബ്, മുസ്തഫിസുർ റഹ്മാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.