ശിവം ദുബെക്ക് അർധസെഞ്ച്വറി; ഗുജറാത്തിനെതിരെ ചെന്നൈക്ക് മികച്ച സ്കോർ
text_fieldsചെന്നൈ: ശിവം ദുബെയുടെ തകർപ്പൻ അർധ സെഞ്ച്വറിയുടെയും ഓപണർമാരായ ഋതുരാജ് ഗെയ്ക്‍വാദിന്റെയും രചിൻ രവീന്ദ്രയുടെയും ഉശിരൻ ബാറ്റിങ്ങിന്റെയും കരുത്തിൽ ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ചെന്നൈക്ക് മികച്ച സ്കോർ. നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 206 റൺസാണ് ചെന്നൈ അടിച്ചെടുത്തത്.
തുടക്കത്തിൽതന്നെ കൂറ്റനടികളിലൂടെ തുടങ്ങിയ ഓപണർമാർ ആദ്യ വിക്കറ്റിൽ 5.2 ഓവറിൽ 62 റൺസ് ചേർത്താണ് വഴിപിരിഞ്ഞത്. 20 പന്തിൽ മൂന്ന് സിക്സും ആറ് ഫോറും സഹിതം 46 റൺസെടുത്ത രചിൻ രവീന്ദ്രയെ വീഴ്ത്തി റാഷിദ് ഖാനാണ് ചെന്നൈക്ക് ആദ്യ പ്രഹരമേൽപിച്ചത്. തുടർന്നെത്തിയ അജിൻക്യ രഹാനെയെ (12 പന്തിൽ 12) സായ് കിഷോറും വീഴ്ത്തി. ഇരുവരെയും വൃദ്ധിമാൻ സാഹ സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. വൈകാതെ ഗെയ്ക്‍വാദും വീണു. 36 പന്തിൽ 46 റൺസെടുത്ത ക്യാപ്റ്റനെ സ്പെൻസർ ജോൺസന്റെ പന്തിൽ സാഹ പിടികൂടുകയായിരുന്നു.
തുടർന്നായിരുന്നു ശിവം ദുബെയുടെ ബാറ്റിങ് വിരുന്ന്. 23 പന്ത് നേരിട്ട് അഞ്ച് സിക്സും രണ്ട് ഫോറുമടക്കം 51 റൺസെടുത്ത ദുബെയെ റാഷിദ് ഖാൻ തന്നെയാണ് മടക്കിയത്. ആറ് പന്തിൽ 14 റൺസടിച്ച സമീർ റിസ്‍വിയെ അവസാന ഓവറിൽ മോഹിത് ശർമ ഡേവിഡ് മില്ലറുടെ കൈയിലെത്തിച്ചു. 20 പന്തിൽ 24 റൺസെടുത്ത ഡാറിൽ മിച്ചൽ അവസാന പന്തിൽ റണ്ണൗട്ടായി. രവീന്ദ്ര ജദേജ മൂന്ന് പന്തിൽ ഏഴ് റൺസുമായി പുറത്താകാതെ നിന്നു.
ഗുജറാത്തിനായി റാഷിദ് ഖാൻ രണ്ടും സായ് കിഷോർ, സ്പെൻസർ ജോൺസൻ, മോഹിത് ശർമ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.