സാക് ക്രോളിക്ക് അർധസെഞ്ച്വറി; കുൽദീപിന്റെ തിരിച്ചടിയിൽ ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്ടം
text_fieldsധരംശാല: ഇന്ത്യക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്ടം. അർധസെഞ്ച്വറിയുമായി ഓപണർ സാക് ക്രോളി നിലയുറപ്പിച്ചതോടെ ലഞ്ചിന് പിരിയുമ്പോൾ രണ്ടിന് 100 റൺസെന്ന നിലയിലാണ് സന്ദർശകർ.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിനായി ആദ്യ വിക്കറ്റിൽ സാക് ക്രോളിയും ബെൻ ഡക്കറ്റും ചേർന്ന് പിടിച്ചുനിന്നെങ്കിലും സ്കോർ 64ൽ നിൽക്കെ കുൽദീപ് യാദവ് ഈ കൂട്ടുകെട്ട് പൊളിച്ചു. 27 റൺസെടുത്ത ബെൻ ഡക്കറ്റിനെ ശുഭ്മൻ ഗില്ലിന്റെ കൈയിലെത്തിക്കുകയായിരുന്നു. സ്കോർ 100ൽ എത്തിയപ്പോൾ രണ്ടാം വിക്കറ്റും വീണു. ഇത്തവണയും കുൽദീപ് യാദവിന് തന്നെയായിരുന്നു വിക്കറ്റ്. 11 റൺസെടുത്ത ഒലീ പോപിനെ വിക്കറ്റ് കീപ്പർ ധ്രുവ് ജുറേൽ പിടികൂടുകയായിരുന്നു. ഏകദിന ശൈലിയിൽ കളിക്കുന്ന സാക് ക്രോളി 71 പന്തിൽ ഒരു സിക്സും ഒമ്പത് ഫോറുമടക്കം 61 റൺസുമായി ക്രീസിലുണ്ട്.
രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. മലയാളിയായ ദേവ്ദത്ത് പടിക്കൽ അരങ്ങേറ്റത്തിനിറങ്ങിയപ്പോൾ വിശ്രമത്തിലായിരുന്ന പേസർ ജസ്പ്രീത് ബുംറ ആകാശ് ദീപിന് പകരം ഇടമുറപ്പിച്ചു. തുടർച്ചയായി അവസരം ലഭിച്ചിട്ടും പരാജയമായ രജത് പാട്ടിദാറിന് പകരമാണ് ദേവ്ദത്ത് ടീമിലെത്തിയത്.
പരമ്പരയിൽ 3-1ന് മുന്നിലാണ് ഇന്ത്യ. അവസാന മത്സരവും ജയിച്ച് പരമ്പര 4-1ന് നേടി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് പോയന്റ് നിലയിലെ മുൻതൂക്കത്തിന് കനംകൂട്ടുകയാണ് രോഹിത് ശർമയുടെയും സംഘത്തിന്റെയും ലക്ഷ്യം. ബെൻ സ്റ്റോക്സ് നയിക്കുന്ന ഇംഗ്ലീഷ് ടീം ഒന്നാം ടെസ്റ്റിൽ ജയിച്ചതിനുശേഷം ഏറ്റുവാങ്ങിയത് ഹാട്രിക് തോൽവിയാണ്. പരമ്പരയിൽ മാനംകാത്തു മടങ്ങണമെങ്കിൽ സന്ദർശകർക്ക് വിജയം അനിവാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.