ധോണിക്ക് കീഴിൽ അരങ്ങേറ്റ മത്സരത്തിൽ അർധസെഞ്ച്വറി, പിന്നെ അവസരമില്ല; ക്രിക്കറ്റ് മതിയാക്കി മുൻ ഇന്ത്യൻ താരം
text_fieldsമുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഫായിസ് ഫസൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിച്ചു. രഞ്ജി ട്രോഫിയിൽ ഹരിയാനക്കെതിരായ മത്സരത്തിന് ശേഷമാണ് 38കാരന്റെ വിരമിക്കൽ പ്രഖ്യാപനം. 2018ലെ രഞ്ജി ട്രോഫിയിൽ വിദർഭയെ ആദ്യമായി കിരീടത്തിലേക്ക് നയിച്ചത് ഫായിസ് ഫസൽ ആയിരുന്നു.
രാജ്യത്തിനായി ഒരു ഏകദിന മത്സരം മാത്രം കളിച്ച ഫായിസ് ഫസൽ അരങ്ങേറ്റത്തിൽ അർധ സെഞ്ച്വറി നേടിയെങ്കിലും പിന്നീട് ടീമിൽ ഇടം ലഭിച്ചില്ല. 2016ൽ മഹേന്ദ്ര സിങ് ധോണി ഇന്ത്യൻ ക്യാപ്റ്റനായിരിക്കെ ഹരാരെയിൽ സിംബാബ്‍വെക്കെതിരെയായിരുന്നു അരങ്ങേറ്റം. കെ.എൽ. രാഹുലിനൊപ്പം ഓപണറായെത്തി 61 പന്തിൽ ഒരു സിക്സും ഏഴു ഫോറുമടക്കം 55 റൺസെടുത്ത് പുറത്താകാതെനിന്നു. ഏകദിന ക്രിക്കറ്റിൽ ഒരു മത്സരം മാത്രം കളിച്ച്, അതിൽ അർധ സെഞ്ച്വറിയോ അതിന് മുകളിലോ സ്കോർ ചെയ്ത ഏക ഇന്ത്യൻ താരമാണ് ഫായിസ് ഫസൽ.
ഇടംകൈയൻ ബാറ്ററായ ഫസൽ 138 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 24 സെഞ്ച്വറിയടക്കം 9,183 റൺസും 113 ലിസ്റ്റ് എ മത്സരങ്ങളിൽ 3641 റൺസും 66 ട്വന്റി 20 മത്സരങ്ങളിൽ 1273 റൺസും നേടിയിട്ടുണ്ട്. ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനായി 2010, 2011 സീസണുകളിൽ 12 മത്സരങ്ങളിൽ കളത്തിലിറങ്ങി. 183 റൺസാണ് സമ്പാദ്യം. ദുലീപ് ട്രോഫിയിൽ ഇന്ത്യ ബ്ലൂവിനെയും ഇന്ത്യ ഗ്രീനിനെയും നയിക്കാനും അവസരം ലഭിച്ചു.
21 വർഷത്തെ കരിയറിൽ രാജ്യത്തിനു വേണ്ടിയും വിദർഭക്ക് വേണ്ടിയും കളിക്കാൻ സാധിച്ചത് വലിയ നേട്ടമാണെന്നും പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാനാണ് തീരുമാനമെന്നും താരം ഇന്‍സ്റ്റഗ്രാമിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.